കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ വാഗ്ദാനം നിറവേറ്റാനായി ഒരു മകൻ അമ്മയെ ആദ്യമായി ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തുടക്കത്തിൽ ഭയന്നെങ്കിലും പിന്നീട് യാത്ര ആസ്വദിക്കുന്ന അമ്മയുടെയും, വാക്ക് പാലിക്കാൻ കഴിഞ്ഞതിലുള്ള മകന്റെ സന്തോഷത്തിന്റെയും നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്ന ഒരു മകന്‍റെ ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ വികാരഭരിതരാക്കി. ആദ്യ ഹെലികോപ്റ്റർ യാത്രയിൽ അമ്മ ആദ്യം പരിഭ്രാന്തിയും മടിയും കാണിച്ചെങ്കിലും ഒടുവിൽ, ആ അനുഭവം ആസ്വദിക്കാൻ മകൻ അമ്മയെ കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. തന്‍റെ അമ്മയ്ക്ക് ഈ പ്രത്യേക നിമിഷം സമ്മാനിക്കണമെന്ന് താൻ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്ന് പറഞ്ഞ് കൊണ്ട് സമൂഹ മാധ്യമ ഉള്ളടക്ക നിർമ്മാതാവായ യോഗേഷ് റാവത്താണ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്.

'എനിക്ക് പേടി തോന്നുന്നു'

'എന്‍റെ അമ്മയുടെ ആദ്യ ഹെലികോപ്റ്റർ യാത്ര' എന്ന അടിക്കുറിപ്പോടെയാണ് യോഗേഷ് റാവത്ത് വീഡിയോ പങ്കുവച്ചത്. ഹാൽഡ്വാനിയിൽ നിന്നും മസൂരിയിലേക്കായിരുന്നു അമ്മയുടെയും മകന്‍റെയും യാത്ര. "എന്‍റെ കുട്ടിക്കാലത്ത് ഞാൻ അമ്മയോട് ഒരു വാക്ക് പറഞ്ഞിരുന്നു, ഞാൻ വലുതാകുമ്പോൾ അമ്മയെ ഒരു ഹെലികോപ്റ്ററിൽ ഇരുത്തുമെന്ന്, അതിനാൽ ഇന്ന് ആ ദിവസമാണ്. പക്ഷേ, പാവം അമ്മ ഹെലികോപ്റ്റർ കണ്ടയുടനെ ഭയന്നു. ഹെലികോപ്റ്റർ ഉണ്ട്. കേട്ടോ, അമ്മയുടെ മുഖത്തെ ഈ പുഞ്ചിരി നോക്കൂ സഹോദരാ. അമ്മയ്ക്ക് ഹെലികോപ്റ്ററിൽ ഇരിക്കാൻ പേടിയാണ്. അമ്മ മുമ്പ് ഒരിക്കലും ഇതുപോലൊരു സ്ഥലത്ത് ഇരുന്നിട്ടില്ല." യോഗേഷ് തന്‍റെ കൈയിലുള്ള ടിക്കറ്റുകൾ കാണിച്ച് കൊണ്ട് പറഞ്ഞു. എനിക്ക് പേടി തോന്നുന്നുവെന്ന അമ്മയുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം.

View post on Instagram

ഭയം സന്തോഷത്തിന് വഴി മാറുന്നു

"അമ്മയ്ക്ക് പേടി തോന്നുന്നുണ്ടോ?" യോഗേഷ് അമ്മയോട് ചോദിക്കുന്നത് കേൾക്കാം. പിന്നെ അമ്മയെ ഹെലികോപ്റ്ററിനുള്ളിൽ ഇരുത്താൻ കഴിഞ്ഞതെങ്ങനെയെന്ന് അയാൾ വിശദീകരിച്ചു. "എങ്ങനെയോ, ഞാൻ അമ്മയെ അകത്തിരുത്തി ഇത് നോക്കി, അമ്മയ്ക്ക് എത്ര പേടി തോന്നുന്നു, അമ്മ എന്‍റെ കാലിൽ പിടിച്ചുകൊണ്ട് ഇരിക്കുന്നു, 'വേണ്ട, എനിക്ക് പോകാൻ താൽപ്പര്യമില്ല.' ഒന്നും സംഭവിക്കില്ലെന്ന് ഞാൻ അമ്മയോട് വിശദീകരിച്ചു, ഞാൻ നിങ്ങളോടൊപ്പമുണ്ട്. എന്നിട്ട് ഞാൻ അല്പം പൊങ്ങച്ചം കാണിച്ചു, സഹോദരാ, അത് വിലമതിക്കുന്നു," യോഗേഷ് വീഡിയോയിൽ പറയുന്നു. യാത്ര ആരംഭിച്ചതിന് ശേഷം അമ്മ പതുക്കെ ശാന്തയാകുന്നു. പിന്നാലെ അമ്മ സന്തോഷവതിയായെന്ന് യോഗേഷ് കൂട്ടിച്ചേർക്കുന്നു. ഹെലികോപ്റ്ററിൽ ഇരുന്ന് കൊണ്ട് താഴത്തെ ഭുപ്രകൃതിയുടെ ദൃശ്യങ്ങൾ പകർത്തിക്കൊണ്ട് തന്‍റെ ഗ്രാമം സ്വർഗത്തേക്കാൾ കുറഞ്ഞതല്ലെന്ന് യോഗേഷ് കൂട്ടിച്ചേർത്തു. ഒടുവിൽ തന്‍റെ ഉള്ളിലെ 10 വയസുള്ള കുട്ടി അമ്മയ്ക്ക് നൽകിയ വാഗ്ദാനം നിറവേറ്റയതിൽ സന്തോഷിച്ചെന്ന് യോഗേഷ് പറയുന്നു. യാത്ര വളരെ നന്നായിരുന്നെന്ന് അമ്മയുടെ വീഡിയോയിൽ പറയുന്നത് കേൾക്കാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് മകനെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതിയത്.