പുറത്തിറങ്ങുമ്പോൾ ആദ്യം നോക്കുന്നത് ഏത് വസ്ത്രം ധരിക്കണമെന്നല്ല, ഓട്ടോക്കൂലി; ബെം​ഗളൂരുവിൽ നിന്ന് യുവതി

Published : Mar 08, 2026, 12:56 PM IST
viral video

Synopsis

ഡെൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ യുവതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. നഗരത്തിലെ ഭീമമായ യാത്രാചിലവിനെക്കുറിച്ചാണ് യുവതി പറയുന്നത്. ആദ്യം നോക്കുന്നത് ഓട്ടോക്കൂലി, പിന്നെയാണ് ഇടേണ്ട വസ്ത്രം പോലും തീരുമാനിക്കുന്നത് എന്നും യുവതി. 

ബെം​ഗളൂരുവിലെ ജീവിതച്ചെലവിനെ കുറിച്ച് പരാതി പറയുന്ന അനേകങ്ങളുണ്ട്. അതുപോലെ തന്നെയാണ് ഓട്ടോ/ ടാക്സി കൂലിയും. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മെട്രോ നഗരമായ ഡെൽഹിയിൽ നിന്നും സിലിക്കൺ വാലിയായ ബെംഗളൂരുവിലേക്ക് താമസം മാറിയ അനുഭൂതി ഗുപ്ത എന്ന യുവതിയാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ മെട്രോ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിലെ യാത്രാചിലവ് തന്നെ അമ്പരപ്പിക്കുന്നുവെന്നാണ് അനുഭൂതി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പറയുന്നത്.

ഡെൽഹിയിൽ എവിടെ പോകണമെങ്കിലും 5 മിനിറ്റ് ദൂരത്തിൽ മെട്രോ സ്റ്റേഷൻ ഉണ്ടായിരുന്നു. എന്നാൽ, ബെംഗളൂരുവിൽ തന്റെ വീടിന് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് പോലും 8 കിലോമീറ്റർ ദൂരമുണ്ടെന്ന് അനുഭൂതി പറയുന്നു. ഓരോ തവണ പുറത്തിറങ്ങുമ്പോഴും ആദ്യം പരിശോധിക്കുന്നത് ഓട്ടോ വാടകയാണ്, ഏത് വസ്ത്രം ധരിക്കണം എന്നല്ല എന്നും അനുഭൂതി പറയുന്നതും കാണാം.

'പുറത്തിറങ്ങുന്നതിന് മുൻപ് ഞാൻ ഇപ്പോൾ ആദ്യം ഓട്ടോ വാടകയാണ് പരിശോധിക്കുന്നത്. വാടക കൂടുതലാണെങ്കിൽ റാപ്പിഡോ ബൈക്ക് ടാക്സി വിളിക്കും. അപ്പോൾ ബൈക്കിൽ സുഖമായി യാത്ര ചെയ്യാൻ പറ്റുന്ന വസ്ത്രങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ഇത് ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയാണ്' എന്നാണ് അനുഭൂതി പറയുന്നത്. ജോലി ആവശ്യത്തിനായി രണ്ട് വർഷം മുൻപാണ് അനുഭൂതി ബെംഗളൂരുവിലേക്ക് മാറിയത്. നഗരത്തെ ഒരുപാട് ഇഷ്ടമാണെങ്കിലും ഇവിടുത്തെ യാത്രാചിലവ് ഇപ്പോഴും തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് അവർ വീഡിയോയ്ക്കൊപ്പം കുറിച്ചു.

 

 

അനുഭൂതി ഷെയർ ചെയ്ത വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് കമന്റുകൾ നൽകിയത്. 'ഒടുവിൽ ഒരാൾ ഇത് തുറന്നു പറയാൻ തയ്യാറായി' എന്നായിരുന്നു ഒരാളുടെ കമന്റ്. ഡെൽഹിയിൽ നിന്ന് ഗുഡ്ഗാവിലേക്ക് പോകുന്നതിനേക്കാൾ ചിലവും സമയവും ബെംഗളൂരുവിലെ തന്റെ ഓഫീസിലേക്കുള്ള 4 കിലോമീറ്റർ യാത്രയ്ക്ക് വേണ്ടിവരുന്നുവെന്നായിരുന്നു മറ്റൊരാളുടെ പരാതി.

 

PREV
Read more Articles on
click me!

Recommended Stories

ഒരു പാവയ്‍ക്കക്ക് നൽകിയത് 1000 രൂപ! ചിരി അതിമനോഹരമെന്നും അമേരിക്കൻ വ്ലോഗർ, ആശ്വാസത്തില്‍ കച്ചവടക്കാരി
പ്രായമൊരു തടസ്സമല്ല; അമ്മയൊരു ആ​ഗ്രഹം പറഞ്ഞു, മകളത് കേട്ടു, 73 -കാരിക്ക് സ്വപ്നസാക്ഷാത്കാരം