
അർജന്റീനയിലെ തിരക്കേറിയ സ്ക്വയറിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അപൂർവമായ ഒരു സംഭവം നടന്നു. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അപരിചിതരായ ആളുകളുടെ സ്നേഹവും കരുണയും എത്രമാത്രം മറ്റുള്ളവരുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കും എന്നതിന്റെ ഉദാഹരണമായി മാറി ഈ സംഭവം.
തിരക്കേറിയ ഈ സ്ക്വയറിൽ വച്ച് ഒരു കുട്ടി അച്ഛനിൽ നിന്നും ഒറ്റപ്പെട്ട് പോവുകയായിരുന്നു. അച്ഛനെ കാണാതെ ഭയന്നുപോയ കുട്ടി കരയാനും തുടങ്ങി. എന്നാൽ, അവിടെയുണ്ടായിരുന്ന മനുഷ്യർ കുട്ടിയുടെ അച്ഛനെ കണ്ടെത്താൻ ഒരുമിച്ചിറങ്ങുന്നതാണ് പിന്നീട് കണ്ട കാഴ്ച. വെറുതെ ഇറങ്ങുകയായിരുന്നില്ല, പാട്ടിനോടൊപ്പമായിരുന്നു ആ അന്വേഷണം. പാട്ടിലൂടെയാണ് അവർ കുട്ടിയുടെ അടുത്തെത്താൻ അവന്റെ അച്ഛനോട് ആവശ്യപ്പെട്ടത്. ജുവാൻ ക്രൂസ് എന്നായിരുന്നു കുട്ടിയുടെ പേര്. അച്ഛന്റെ പേര് എഡ്വേർഡോ എന്നും. അച്ഛനോട് വന്ന് കുട്ടിയെ കണ്ടെത്താൻ ആവശ്യപ്പെടുന്നതായിരുന്നു പാട്ട്. ബാൻഡും ആ പാട്ടിനൊപ്പം ചേരുന്നു.
"എഡ്വേർഡോ, വന്ന് ജുവാൻ ക്രൂസിനെ കണ്ടെത്തൂ" എന്നായിരുന്നു പാട്ടിന്റെ വരികൾ. ഒരാൾ കുട്ടിയെ എടുത്ത് തന്റെ ചുമലിലിരുത്തിയിരിക്കുന്നതും കാണാം. ദൂരെ നിന്നും കുട്ടിയെ കാണാൻ വേണ്ടിയായിരുന്നു ഇത്. എല്ലാവരും കയ്യടിക്കുന്നതും പാട്ടിനൊപ്പം ചേരുന്നതും വീഡിയോയിൽ കാണാം. എന്തായാലും ഈ ശ്രമങ്ങൾ വെറുതെ ആയില്ല. കുട്ടിയുടെ അച്ഛൻ അവിടെ എത്തുകയും കുട്ടിയെ എടുക്കുന്നതുമാണ് പിന്നീട് കാണുന്നത്. അതോടെ കുട്ടിക്ക് ആശ്വാസമായി.
കെവിൻ എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ പിന്നീട് വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. ഇത് വളരെയേറെ മനോഹരമായ ഒരു കാഴ്ചയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.