'അത്രക്ക് സങ്കുചിത മനസ്സുള്ളവർ ഇന്ത്യയിലേക്ക് വരേണ്ടതില്ല'; സോഷ്യൽ മീഡിയയിലെ 'ഇന്ത്യാ വിരുദ്ധ' പ്രചരണങ്ങൾക്കെതിരെ ബ്രിട്ടീഷ് സഞ്ചാരി

Published : Jun 13, 2026, 11:35 AM IST
Travel India

Synopsis

ഇന്ത്യാ വിരുദ്ധ പ്രചരണങ്ങളിൽ വീഴരുതെന്ന് ബ്രിട്ടീഷ് സഞ്ചാരിയായ റോറി പോർട്ടർ. ഇന്ത്യയെ ഒരു 'മാന്ത്രിക ഭൂമി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഓൺലൈൻ വീഡിയോകൾ കണ്ട് രാജ്യത്തെ വിലയിരുത്തുന്നവർ ഇന്ത്യ സന്ദർശിക്കാൻ അർഹരല്ലെന്നും തുറന്നടിച്ചു. പോർട്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

 

'ഇന്ത്യാ വിരുദ്ധ' പ്രചരണ വീഡിയോകൾ കണ്ട് സ്വാധീനിക്കപ്പെടുന്ന മറ്റ് വിദേശികളോട് ഇന്ത്യ സന്ദർശിക്കാൻ 'ശ്രമിക്കേണ്ടതില്ലെന്ന്' ഉപദേശിച്ച് ബ്രിട്ടീഷ് സഞ്ചാരി. പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുള്ള റോറി പോർട്ടർ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇന്ത്യയെക്കുറിച്ചുള്ള നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളെ ശക്തമായി വിമർശിച്ചത്. ഇന്ത്യ ദയാലുക്കളും ആതിഥ്യ മര്യാദയുള്ള ആളുകളും അതിശയകരമാം വിധം സമ്പന്നമായ സംസ്കാരവുമുള്ള ഒരു 'മാന്ത്രിക ഭൂമി' ആണെന്ന് അദ്ദേഹം തന്‍റെ വീഡിയോയിൽ പറയുന്നു.

ഏറ്റവും മാന്ത്രികമായ സ്ഥലങ്ങളിൽ ഒന്ന്

"ഇന്‍റർനെറ്റിൽ കുറച്ച് വീഡിയോകൾ കണ്ടത് കൊണ്ടോ, അല്ലെങ്കിൽ കുറച്ചു പേർ അവരുടെ അഭിപ്രായം പറഞ്ഞത് കൊണ്ടോ മാത്രം നിങ്ങൾ എങ്ങനെയാണ് ഒരു രാജ്യം സന്ദർശിക്കാതിരിക്കുക? എന്‍റെ വീഡിയോകൾക്ക് താഴെ 'എനിക്ക് ഒരിക്കലും ഇന്ത്യയിലേക്ക് പോകാൻ കഴിയില്ല' എന്ന് പലരും കമന്‍റ് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. വൃത്തിഹീനമായ കുറച്ച് സ്ട്രീറ്റ് ഫുഡ് വീഡിയോകൾ കണ്ടത് കൊണ്ട് മാത്രമാണ് ഈ ആളുകൾക്കൊന്നും ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ലാത്തത്," പോർട്ടർ വീഡിയോയിൽ പറഞ്ഞു. "ഞാൻ പോയിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്ത്രികമായ സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല, ഏറ്റവും ബുദ്ധിശാലികളായ ചില മനുഷ്യരെ ഞാൻ അവിടെയാണ് കണ്ടത്. അവർ ദയയുള്ളവരും അതിഥികളെ സ്നേഹിക്കുന്നവരുമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം ഞാൻ അവിടെ നിന്നാണ് കഴിച്ചത്. ഏറ്റവും ആകർഷകമായ പലതും ഞാൻ അവിടെ കണ്ടു," അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

'പ്രശ്നങ്ങളില്ലാത്ത ആരാണുള്ളത്?'

ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയ്ക്കും അതിന്‍റെതായ പ്രശ്നങ്ങളുണ്ടെന്ന് പോർട്ടർ പറഞ്ഞു. എന്നാൽ, ഓൺലൈനിലെ ചില വീഡിയോകൾ കണ്ട് സ്വാധീനിക്കപ്പെടുന്നവരാണെങ്കിൽ, ഇന്ത്യ സന്ദർശിക്കാനും അവിടുത്തെ അനുഭവങ്ങൾ തൊട്ടറിയാനും അവർ യോഗ്യരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. "കുറച്ചു വീഡിയോകൾ മാത്രം കണ്ട് നിങ്ങൾ ഒരു രാജ്യത്തെ വിലയിരുത്താൻ പോവുകയാണെങ്കിൽ, അത് നിങ്ങളുടെ മാത്രം നഷ്ടമാണ്. നിങ്ങൾ അറിയാൻ ഒന്നു പറയട്ടെ. നിങ്ങൾ ഇന്ത്യയിലേക്ക് വരേണ്ടതില്ല. കാരണം ഇവിടം സന്ദർശിക്കാൻ നിങ്ങൾ അർഹരല്ല. ഇന്ത്യയിലുള്ള നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ നിങ്ങൾക്ക് കഴിയില്ല. അത് സാരമില്ല, സങ്കുചിത ചിന്താഗതിക്കാരായ, വിവരമില്ലാത്ത വിനോദ സഞ്ചാരികൾ ഇന്ത്യയിലേക്ക് വരാതിരിക്കുന്നതാണ് എനിക്കും ഇഷ്ടം. നിങ്ങൾ മറ്റെവിടെയെങ്കിലും പൊയ്ക്കോളൂ," പോർട്ടർ തുറന്നടിച്ചു.

'അതെ അതാണ് ശരി'

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, ഓൺലൈൻ ട്രോളന്മാർക്കെതിരെ ഇന്ത്യയെ പ്രതിരോധിക്കുകയും രാജ്യത്തിന്‍റെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിൽ കാണിക്കുകയും ചെയ്ത പോർട്ടറെ പ്രശംസിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തി. "എല്ലാ രാജ്യങ്ങളിലും നല്ലതും ചീത്തയുമുണ്ട്. ഞാൻ ഒരു വർഷത്തോളം ഇന്ത്യയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊതുവെ ഇത് വളരെ സുരക്ഷിതമായ രാജ്യമാണ്, ആളുകൾ സഹായിക്കാൻ മനസ്സുള്ളവരാണ്, സാംസ്കാരികമായി വളരെ സമ്പന്നവുമാണ്," ഒരു ഉപയോക്താവ് കമന്‍റ് ചെയ്തു. മറ്റൊരു ഉപയോക്താവ് കുറിച്ചത്, "ഇന്ത്യ വളരെ വൈവിധ്യമാർന്ന ഒരു രാജ്യമാണ്. നിങ്ങൾ എന്താണോ തിരയുന്നത് അത് അവിടെ കാണാം. മാലിന്യവും ദാരിദ്ര്യവുമാണ് തിരയുന്നതെങ്കിൽ അത് കാണാം. ആത്മീയതയാണ് തിരയുന്നതെങ്കിൽ അതും കാണാം. നല്ല ഭക്ഷണം, നല്ല മനുഷ്യർ... അങ്ങനെ നിങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് അത് നിങ്ങൾക്ക് അവിടെ ലഭിക്കും." "ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു! എനിക്ക് ഏറ്റവും ആകർഷകമായി തോന്നിയിട്ടുള്ള രാജ്യം ഇന്ത്യയാണ്. ഓരോരുത്തരുടെയും താല്പര്യം വ്യത്യസ്തമായിരിക്കാം. ഭൂമിയിൽ ഇതിലും മനോഹരമായ സ്ഥലങ്ങൾ വേറെയും കാണും. എന്നാൽ ഇന്ത്യയെ പുറംമോടി മാത്രം കണ്ട് വെറുക്കുന്ന ആളുകളെ എനിക്ക് ഇഷ്ടമല്ല!" എന്ന് മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു. നാലാമതൊരു ഉപയോക്താവ് പറഞ്ഞത്: "കാര്യങ്ങൾ മനസ്സിലാക്കിയതിന് നന്ദി. ഞങ്ങളുടെ രാജ്യത്തിന് ധാരാളം പോരായ്മകളുണ്ടെന്ന് ഞാനും സമ്മതിക്കുന്നു, എന്നാൽ, പോരായ്മകളുള്ള ഒരേയൊരു രാജ്യം ഞങ്ങളുടേതല്ലല്ലോ. ആളുകൾക്ക് അറിയാത്ത ഒട്ടനവധി കാര്യങ്ങൾ ഞങ്ങളുടെ നാട്ടിലുണ്ട്. ഒരിക്കൽ വടക്ക് - കിഴക്കൻ ഇന്ത്യയിലേക്ക് വരൂ," എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

ഒന്നും രണ്ടുമല്ല, കേന്ദ്രസർക്കാറിന്‍റെ 19 പരീക്ഷകൾ വിജയച്ചു; 'എന്തേ ഒരിടത്തും കേറാത്ത'തെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
ഏഴാം നിലയിലെ ഉള്ളിൽനിന്നും പൂട്ടിയ അപ്പാർട്ട്മെന്‍റിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യാശ്രമം, അതിസാഹസീകമായി രക്ഷപ്പെടുത്തി പോലീസ്