'നമ്മൾക്ക് നാം തന്നെയല്ലേ...'; പൊന്നാങ്ങളമാരുടെ സര്‍പ്രൈസ്, പൊട്ടിക്കരഞ്ഞ് പെങ്ങൾ, ഹൃദയം നിറയ്ക്കുന്ന വീഡിയോ

Published : May 13, 2026, 03:32 PM IST
 viral video

Synopsis

തങ്ങളുടെ ഏക സഹോദരിക്ക് ലുധിയാനയിലെ രണ്ട് സഹോദരങ്ങളുടെ സര്‍പ്രൈസ് സമ്മാനം. അച്ഛന്റെ മരണശേഷം കുടുംബത്തിന് താങ്ങായ സഹോദരിക്കുള്ള സ്നേഹസമ്മാനം കൂടിയാണിത്. സഹോദരങ്ങളെ കെട്ടിപ്പിടിച്ച് കരയുന്ന സഹോദരിയുടെ ഹൃദയം തൊടുന്ന വീഡിയോ കാണാം. 

പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ഈ സഹോദരങ്ങളുടെ സ്നേഹപ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കുകയാണ്. തങ്ങളുടെ ഏക സഹോദരിക്ക് സർപ്രൈസായി 50 ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ് രണ്ട് സഹോദരങ്ങൾ. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം കണ്ട് വികാരാധീനയായി സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന സഹോദരിയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

അമർ ദേവ്ഗൺ, ദേവ് ദേവ്ഗൺ എന്നീ സഹോദരങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി ഈ സ്വപ്ന പദ്ധതിയുടെ പിന്നാലെയായിരുന്നു. ഇതൊരു വെറും വീടല്ലെന്നും, തങ്ങളുടെ സഹോദരി എപ്പോഴും സുരക്ഷിതയായും കുടുംബത്തോട് ചേർന്നും ഇരിക്കണമെന്ന് ആഗ്രഹിച്ചാണ് ഇങ്ങനെയൊരു സമ്മാനം ഒരുക്കിയതെന്നും അവർ പറയുന്നു. 2007-ൽ അച്ഛന്റെ മരണശേഷം തളർന്നുപോയ കുടുംബത്തെ താങ്ങിനിർത്താൻ സഹോദരി മൻപ്രീത് കൗർ ബിർദി നൽകിയ പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് ഈ വീട് സഹോദരങ്ങൾ നിർമ്മിച്ച് നൽകിയിരിക്കുന്നത്.

ഒരു മതപരമായ ചടങ്ങിന് ശേഷം നടന്ന കുടുംബസംഗമത്തിനിടെയാണ് സഹോദരങ്ങൾ ഈ സർപ്രൈസ് വെളിപ്പെടുത്തിയത്. ലുധിയാനയിലെ കോട്ട് മംഗൾ സിംഗ് ഏരിയയിലുള്ള വീടിന് മുന്നിലേക്ക് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ബന്ധുക്കൾ മൻപ്രീതിനെ കൂട്ടിക്കൊണ്ടുപോയി. വീടിന് മുന്നിലെ നെയിംപ്ലേറ്റിൽ മൻപ്രീതിന്റെ പേര് തെളിഞ്ഞതോടെ അവൾ വികാരഭരിതയായി. സഹോദരങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ മൻപ്രീതിന്റെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ പോലും കണ്ണ് നിറയിക്കുന്നതായിരുന്നു.

 

 

‘എന്റെ സഹോദരിക്ക് വേണ്ടി ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും അവളുടെ പാദങ്ങളിൽ കൊണ്ടുവെക്കാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ഒരുപാട് സ്നേഹിക്കുന്നു സഹോദരി’ എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. സഹോദരസ്നേഹം കാണിക്കുന്ന മനോഹരമായ ഈ വീഡിയോ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു. 'ലോകത്തിലെ ഏറ്റവും മനോഹരമായ വീഡിയോ', 'മനസ്സ് നിറഞ്ഞുപോയി' എന്നിങ്ങനെ നൂറുകണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കുടുംബമൂല്യങ്ങളുടെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സഹോദരങ്ങളെന്ന് നെറ്റിസൺസ് പുകഴ്ത്തുന്നു. വരുന്ന ജൂൺ 13 -ന്, മൻപ്രീതിന്റെ ജന്മദിനത്തിൽ തന്നെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങും നടത്താനാണ് ഈ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

'ഗെയിം ഓഫ് ത്രോൺസി'ലെ കണ്ണീർ മായ്ക്കാൻ AI; നെഡ് സ്റ്റാർക്കും ബ്രാനും ഇനി സുരക്ഷിതം, വൈറലായി വീഡിയോ!
ഹോ, എന്തൊരു ബഹളം; വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക്, 'റിവേഴ്സ് കൾച്ചർ ഷോക്കി'ൽ യുവതി