
ഇന്ത്യയിലെ വിവാഹങ്ങളെന്നാൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വലിയ ആഘോഷങ്ങളാണ്. എങ്ങനെയൊക്കെ വെറൈറ്റി ആക്കാമോ, എന്തൊക്കെ ചെയ്യാമോ അതൊക്കെ ഇന്ന് ആളുകൾ വിവാഹാഘോഷത്തിന് ചെയ്യാറുണ്ട്. അത്തരത്തിലുള്ള അനേകം അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ചിലതൊക്കെ കാണുമ്പോൾ വിചിത്രമായി പോലും നമുക്ക് തോന്നാം. അതുപോലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ഉത്തർ പ്രദേശിൽ നടന്ന ഒരു വിവാഹത്തിലെ വധുവിനെ യാത്ര അയക്കുന്ന ചടങ്ങിന്റേതാണ് വൈറലായിരിക്കുന്ന വീഡിയോ. സാധാരണയായി കാറുകളും മറ്റുമാണ് ഇത്തരം ഘോഷയാത്രകളിൽ കാണപ്പെടാറുള്ളത്. എന്നാൽ, ഇവിടെ കാണുന്നത് ബുൾഡോസറുകളാണ്. വധുവിന് അകമ്പടിയായി പോകുന്ന അനേകം ബുൾഡോസറുകൾ വീഡിയോയിൽ കാണാം.
എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, ആസാദ് നഗറിൽ നിന്നുള്ള മുന്നി ലാൽ യാദവിൻ്റെ ഇളയ മകൻ രാഹുൽ യാദവും കരിഷ്മയും തമ്മിലുള്ളതായിരുന്നു വിവാഹം. വ്യാഴാഴ്ചയായിരുന്നു ചടങ്ങ്. വരനും വധുവും ഒരു എസ്‌യുവിയിൽ വരന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ആ സമയത്താണ് ഒരു ഡസനോളം ബുൾഡോസറുകൾ അവിടെ പ്രത്യക്ഷപ്പെട്ടത്. അതോടെ അതുവരെ സാധാരണപോലെ തോന്നിച്ച ഒരു വിവാഹാഘോഷം ആകെ മാറുകയായിരുന്നു.
അവിടെ കൂടി നിന്നവരെല്ലാം ആദ്യം ആകെ അമ്പരന്നു പോയി. വല്ലതും തകർക്കാനാണോ ഇനിയീ ബുൾഡോസറുകൾ ഒക്കെ കൂടി വരുന്നത് എന്നായിരുന്നു സംശയം. എന്നാൽ, അതും വിവാഹാഘോഷത്തിന്റെ ഭാഗമാണ് എന്നറിഞ്ഞതോടെ സംശയം ആവേശത്തിന് വഴിമാറി. പലരും ഇതിന്റെ വീഡിയോ റെക്കോർഡ് ചെയ്യാനും തുടങ്ങി. അധികം വൈകാതെ ഈ വിവാഹം ബുൾഡോസർ വിവാഹം എന്നും അറിയപ്പെട്ടു.
എന്തായാലും, സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.
ഒരിക്കലും മറക്കാതിരിക്കാനൊരു കിടിലൻ സർപ്രൈസ്; വധുവിനെ കാണാൻ പാട്ടും ഡാൻസുമായി തലേദിവസം വരൻ