
ഫെബ്രുവരി 28 "ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ യുഎസും ഇസ്രയേലും ആരംഭിച്ച ഇറാൻ യുദ്ധം ഇന്ന് എട്ടാം ദിവസത്തേക്ക് നീളുമ്പോൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുഖത്തെ ആവേശവും ചിരിയും മായുന്നുവെന്ന് റിപ്പോര്‍ട്ടുകൾ. പ്രസിഡന്‍റ് തികച്ചും അസ്വസ്ഥനാണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇതിനിടെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ യുഎസ് പാസ്റ്റർമാർ പ്രത്യേക പ്രാർത്ഥന നടത്തുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത് സംശയം ബലപ്പെടുത്തുന്നു.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആവശ്യപ്രകാരമാണ് യുഎസിലെ പാസ്റ്റർമാർ ഓവൽ ഓഫീസിലെത്തി യുദ്ധത്തിൽ യുഎസിന്‍റെ വിജയത്തിനായി പ്രാർത്ഥിച്ചത്. വ്യാഴാഴ്ച മുതൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ഓവൽ ഓഫീസിലെ മേശയ്ക്ക് മുന്നിൽ വിഷണ്ണനായി ഇരിക്കുന്ന ട്രംപിനെ കാണാം. ആത്മവിശ്വസം നഷ്ടപ്പെട്ട പ്രസിഡന്‍റിനെ വളഞ്ഞ് നിൽക്കുന്ന ഇരുപതോളം പാസ്റ്റർമാർ തൊട്ട് നിൽക്കുകയും ട്രംപിന് വേണ്ടി പ്രർത്ഥിക്കുകയും ചെയ്യുന്നു. പ്രധാന പാസ്റ്ററായ ടോം മുള്ളിൻസ്. ഇപ്പോൾ യുഎസ് നേരിടുന്ന വെല്ലുവിളി മറികടക്കാൻ പ്രസിഡന്‍റ് ട്രംപിന് കഴിയട്ടെയെന്നും അതിന് ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും പ്രാർത്ഥിക്കുമ്പോൾ മറ്റ് പാസ്റ്റർമാർ അതേറ്റു ചൊല്ലുന്നു. യുഎസ് സൈന്യത്തിലെ എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയും പ്രാർത്ഥ തുടരുന്നു. ഒപ്പം യുഎസിനെ മുന്നോട്ട് നയിക്കാൻ ആവശ്യമായ ശക്തി പ്രസിഡന്‍റിന് ഉണ്ടാകട്ടെയെന്നും പ്രാർത്ഥിക്കുന്നു. സംഭവത്തിന്‍റെ വീഡിയോ നൂറുകണക്കിന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ വിമർശനവും കളിയാക്കലുമായി സമൂഹ മാധ്യമ ഉപയോക്താക്കളും ഒപ്പം കൂടി
യുദ്ധം ഓരോ ദിവസവും കഴിയുന്തോറും യുഎസിന് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നതെന്ന് സാമ്പത്തികകാര്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള എണ്ണക്കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചു. ഇതിനിടെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാൻ കനത്ത നാശമാണ് വിതയ്ക്കുന്നത്. ഒപ്പം യുഎസിന്‍റെ പശ്ചിമേഷ്യൻ സൈനിക താവളങ്ങളും വലിയ തോതിലുള്ള നാശ നഷ്ടം നേരിടുന്നു. കാര്യങ്ങൾ യുഎസിന്‍റെ നിയന്ത്രണത്തിൽ നിന്നും നഷ്ടപ്പെടുമെന്ന ആശങ്ക ഉയർത്താൻ പര്യാപ്തമായ കാര്യങ്ങളാണ് ഇവ. ഇതിനിടെയാണ് ഓവൽ ഓഫീസിൽ നിന്നും പാസ്റ്റർമാരുടെ പ്രാർത്ഥനയുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നതും.