
ആനകളുടെ പല തരത്തിലുള്ള വീഡിയോകൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ ഭയപ്പെടുത്തുന്നതും രസകരമായതും മനസ് നിറക്കുന്നതും അങ്ങനെ പലതരത്തിലുള്ള വീഡിയോകളും ഉണ്ട്. എന്നാൽ, അതേ സമയം തന്നെ വല്ലാതെ സങ്കടം ജനിപ്പിക്കുന്നതായ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.
തന്റെ കുഞ്ഞിന്റെ ചേതനയറ്റ ശരീരം ഏറെ ദൂരം വലിച്ചുകൊണ്ടു പോകുന്ന ഒരു അമ്മയാനയാണ് വീഡിയോയിൽ. അപ്പോഴെല്ലാം ആ അമ്മ പ്രതീക്ഷിക്കുന്നത് അത്ഭുതകരമെന്നോണം തന്റെ കുഞ്ഞ് ഉണരും എന്നാണ്. രണ്ട് കിലോമീറ്റർ ദൂരം അമ്മയാന കുഞ്ഞിന്റെ ശരീരവുമായി സഞ്ചരിച്ചു എന്നാണ് പറയുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ പങ്ക് വച്ച വീഡിയോയിൽ രണ്ട് ആനകൾ ചേർന്ന് ഒരു കുട്ടിയാനയെ ഉണർത്താൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നത് കാണാം.
'ഇത് എന്റെ മനസ് തകർത്തിരിക്കുന്നു. ആ കുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു. പക്ഷെ, അമ്മ വിട്ടുകൊടുക്കുന്നില്ല. രണ്ട് കിലോമീറ്ററോളം ആ ശരീരവുമായി സഞ്ചരിച്ചു. വെള്ളത്തിലിട്ടും അതിനെ ഉണർത്താൻ നോക്കി ഒപ്പം ആ അമ്മയുടെ നിലവിളി വായുവിൽ മുഴങ്ങുകയാണ്' എന്നാണ് സുശാന്ത് നന്ദ ഐഎഫ്എസ് കുറിച്ചിരിക്കുന്നത്. അമ്മയാന തന്റെ കുട്ടിയെ കാലുകളും തുമ്പിക്കയ്യും ഉപയോഗിച്ച് ഉണർത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എങ്ങനെയെങ്കിലും തന്റെ കുഞ്ഞ് ഉണരും എന്ന പ്രതീക്ഷയിലാണ് അമ്മയാന അത് ചെയ്യുന്നത്.
എന്നാൽ, കുഞ്ഞ് ഉണരാത്തത് അമ്മയെ വലിയ നിരാശയിലും സങ്കടത്തിലും ആക്കുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടത്. ഹൃദയം തകർക്കുന്ന കാഴ്ച എന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റ് നൽകിരിക്കുന്നത്.