
നമ്മുടെ മനസിനെ അഗാധമായി സ്പർശിക്കുന്ന എത്രമാത്രം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അതിൽ തന്റെ കാൻസർ ബാധിതനായ അച്ഛൻ എല്ലാവരോടും യാത്ര പറയാനായി സംഘടിപ്പിച്ച ഒരു പാർട്ടിയെ കുറിച്ചാണ് പറയുന്നത്.
സാധാരണയായി നമ്മുടെ നാട്ടിൽ ആളുകൾ മരിച്ചാലാണ് എല്ലാവരും കാണാനെത്തുക അല്ലേ? അവർ മരിച്ചവരെയോർത്ത് കരയുകയും, മരിച്ചുപോയവരെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയും, അവരെ ഓർത്ത് വേദനിക്കുകയും ഒക്കെ ചെയ്യും. പക്ഷേ, എന്താ കാര്യം? മരിച്ചവർ ഇതൊന്നും കാണുകയോ അറിയുകയോ ഒന്നും ചെയ്യില്ല. അവിടെയാണ് ഈ യുവതിയുടെ അച്ഛൻ വ്യത്യസ്തനാകുന്നത്.
യുവതി പറയുന്നത്, 'നിങ്ങളുടെ നാട്ടിൽ എങ്ങനെയാണ് എന്ന് അറിയില്ല. പക്ഷേ, പോളണ്ടിൽ നമ്മൾ മരിക്കുകയാണ് എന്ന് അംഗീകരിക്കുന്നത് നിർഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്. അത് ആളുകളെ അസ്വസ്ഥരാക്കും' എന്നാണ്. എന്നാൽ, തന്റെ അച്ഛൻ ഒരു ധൈര്യശാലി ആണ്, താനില്ലാത്ത ഒരിടത്ത് ആളുകൾ കൂടുന്നതിനെ അല്ല അദ്ദേഹം ഇഷ്ടപ്പെടുന്നത്. പകരം, അച്ഛൻ മരിക്കുന്നതിന് മുമ്പ് തന്നെ എല്ലാവരേയും വിളിച്ച് ഒരു ഗുഡ്ബൈ പാർട്ടി സംഘടിപ്പിച്ചു. ഇത്രയും ധീരനും സാമ്പ്രദായികരീതിയിൽ നിന്നും മാറിച്ചിന്തിക്കുന്നതുമായ ഒരച്ഛനാണ് തനിക്ക് എന്നതിൽ താൻ അഭിമാനിക്കുന്നു എന്നും യുവതി പറയുന്നു.
ചിലരെ ഈ പാർട്ടി അസ്വസ്ഥരാക്കിയെങ്കിലും മറ്റ് ചിലർക്ക് പ്രചോദനമാവുകയായിരുന്നു. അച്ഛന് താൻ ജീവിച്ചിരിക്കെ തന്നെ തന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ശരിയായ രീതിയിൽ യാത്ര പറയാനായിരുന്നു ആഗ്രഹം. അതാണ് നടന്നത് എന്നും യുവതി പറയുന്നു.
വീഡിയോയിൽ നിരത്തി വച്ചിരിക്കുന്ന ഭക്ഷണങ്ങളും, ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആളുകളെയും ഒക്കെ കാണാം. മദ്യവും, ഭക്ഷണവും, സംഗീതവും എല്ലാം അടങ്ങുന്ന ഒരു വിരുന്നാണ് അദ്ദേഹം തന്റെ 'ഗുഡ്ബൈ പാർട്ടി'യിൽ ഒരുക്കിയിരുന്നത്. എല്ലാവരുടേയും ചിത്രങ്ങളും ഓർമ്മകളും എല്ലാമടങ്ങുന്ന ഒരു പ്രസന്റേഷനും അദ്ദേഹം തയ്യാറാക്കിയിരുന്നു.
ഈ അസാധാരണമായ 'ഗുഡ്ബൈ പാർട്ടി'യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നിങ്ങളുടെ അച്ഛൻ ഒരു മാഹാനായ വ്യക്തിയാണ് എന്നും സൂപ്പർഹീറോ ആണ് എന്നും നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്.