
കാറിലിരുന്ന് മറ്റൊരു കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ച രണ്ടുപേർ നോയ്‍ഡയിൽ അറസ്റ്റിൽ. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എക്‌സിൽ (ട്വിറ്റർ) പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയിൽ, പ്രതികളിലൊരാൾ ചുവന്ന നിറത്തിലുള്ള ഒരു എംജി ഹെക്ടർ ഓടിച്ചുകൊണ്ട് ഫ്ലയിംഗ് കിസ്സ് നൽകുന്നത് കാണാം. മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബത്തിന് നേരെയാണ് യുവാവ് ഇത് കാണിക്കുന്നത്. ഇത് മാത്രമല്ല, അശ്ലീല ആംഗ്യങ്ങളും യുവാവ് കാണിക്കുന്നുണ്ട്. വീഡിയോ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതോടെ കാറിൽ സഞ്ചരിക്കുകയും മറ്റ് യാത്രക്കാരോട് പൊതുവിടത്തിൽ അനുചിതമായി പെരുമാറുകയും ചെയ്ത യുവാക്കൾക്ക് നേരെ നടപടിയെടുക്കണം എന്ന ആവശ്യം ശക്തമാവുകയും ചെയ്തു.
'നോയിഡയിലെ രാത്രികൾ കൂടുതൽ ഭയാനകമായി മാറുകയാണ്. ചുവന്ന എംജി ഹെക്ടറിൽ യാത്ര ചെയ്യുന്നവർ ഒരു കുടുംബം സഞ്ചരിച്ചിരുന്ന ഒരു കാറിനെ പിന്തുടരുന്നു, അതിലേക്ക് ഫ്ലയിംഗ് കിസ്സ് നൽകുന്നു, വെറും വിനോദത്തിനെന്നത് പോലെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നു. ഈ റോഡ് ഒരു പ്ലേ ഗ്രൗണ്ടാണ് എന്നാണ് ഈ കോമാളികൾ കരുതുന്നത്. ഇതിന് പരിണിതഫലമുണ്ടാകുമെന്ന് ഇവർക്ക് കാണിച്ചുകൊടുക്കണം' എന്ന് @noidapolice നെ ടാഗ് ചെയ്തു കുറിച്ചുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതോടെ സംഭവത്തിൽ ആളുകൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ചുകൊണ്ട് കമന്റുകളും രേഖപ്പെടുത്തി.
വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. പിന്നാലെ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും അധികം വൈകാതെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നും ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണറേറ്റ് കുറിച്ചു.