
അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ചൈനയിൽ നിന്നുള്ള ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ അതുപോലെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഇവർക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ഷെൻഷെൻ സ്റ്റേഷനിലാണ് സംഭവം നടന്നത് തന്റെ കുടുംബാംഗങ്ങൾ വരുന്നതിന് വേണ്ടി ട്രെയിനിന്റെ വാതിൽ തള്ളിത്തുറന്ന് പിടിച്ച്, ട്രെയിനിനെ പോകാൻ അനുവദിക്കാതിരിക്കുകയാണ് യുവതി. സുരക്ഷ മുൻനിർത്തി, റെയിൽവേ ഉദ്യോഗസ്ഥർ അടുത്തെത്തിയിട്ടും ഇവരെ വിലക്കിയിട്ടും ഇവർ അവരെയെല്ലാം ചെറുത്തുകൊണ്ട് തനിക്കൊപ്പമുള്ളവർ വരാൻ കാത്തുനിൽക്കുകയാണ്.
സ്റ്റേഷനിലെ ജീവനക്കാർ അവളുടെ സുരക്ഷ മുൻനിർത്തി അവളെ ട്രെയിനിന്റെ അകത്തേക്ക് വലിച്ചിടാനും വാതിലടക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ, അവർ തന്റെ ശരീരം ഉപയോഗിച്ച് വാതിൽ തള്ളിപ്പിടിക്കുകയും അവിടെ നിന്നും മാറാൻ വിസമ്മതിക്കുകയും ആയിരുന്നു.
ജീവനക്കാർ എത്ര അപേക്ഷിച്ചിട്ടും യുവതി അവിടെ നിന്നും മാറാനേ തയ്യാറായില്ല. അവർ പ്രതിരോധിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ വീട്ടുകാരോട് അവൾ വേഗം വാ എന്ന് ആംഗ്യം കാണിക്കുന്നതും കാണാം. വീഡിയോയിൽ ഉദ്യോഗസ്ഥർ യുവതിയെ ട്രെയിനിന്റെ അകത്ത് കയറ്റാൻ പാടുപെടുകയാണ്. എന്നാൽ, അവസാനം അവളുടെ കൂടെ ഉള്ളവർ എത്തി വണ്ടിയിൽ കയറുന്നുണ്ട്. ട്രെയിൻ വൈകിയില്ല എന്നും കൃത്യസമയത്ത് പുറപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ തികച്ചും അപകടകരമാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അവരെ കൂടി ട്രെയിനിൽ നിന്നും ഇറക്കിയാൽ മതിയായിരുന്നു എന്ന് പറഞ്ഞവരും ഉണ്ട്. അതേസമയം, ചിലരെല്ലാം യുവതിയുടെ പെരുമാറ്റത്തിൽ വിമർശനം ഉന്നയിച്ചെങ്കിലും അവർ ചെയ്യാനുദ്ദേശിച്ച കാര്യത്തിൽ തെറ്റ് പറയാനില്ല എന്നാണ് അഭിപ്രായപ്പെട്ടത്.
പുറത്തുനിന്ന് കണ്ടാൽ സാധാരണ ട്രെയിൻ കോച്ച്, ഞെട്ടിക്കുന്ന കാഴ്ചയാണ് അകത്ത്