മുംബൈ ലോക്കൽ ട്രെയിനുകളിൽ വളകൾ വിറ്റ് ജീവിക്കുന്ന 89 വയസ്സുകാരിയായ കമലാബെൻ മേത്തയുടെ കഥയാണിത്. കഠിനാധ്വാനം ചെയ്ത് അന്തസ്സോടെ ജീവിക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.
പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അന്തസ്സോടെ ജീവിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും ലോകത്തിന് കാണിച്ചു തരികയാണ് 89 വയസ്സുകാരിയായ കമലാബെൻ മേത്ത. മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ മുത്തുമാലകളും വളകളും വിൽക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോൾ സാമഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.
89 -ലും തളരാത്ത ഊർജ്ജം
മീത തുഷിത് ഷാ എന്ന യാത്രക്കാരിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഉച്ച സമയത്തെ കഠിനമായ ചൂടിലും തിരക്കിലും തളരാതെ, കൈയ്യിലൊരു ചെറിയ ബാഗുമായി കച്ചവടം നടത്തുന്ന കമലാബെന്നിനെയാണ് വീഡിയോയിൽ കാണുന്നത്. നലാസോപാരയിലാണ് താമസമെന്നും 89 വയസ്സായെന്നും അവർ വീഡിയോയിൽ പുഞ്ചിരിയോടെ പറയുന്നു.
യഥാർത്ഥ സ്ത്രീശാക്തീകരണം
മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാൻ തയ്യാറാകാത്ത കമലാബെൻ, തന്‍റെ താമസത്തിന് കുടുംബത്തിന് പണം നൽകാനാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നതെന്ന് പറഞ്ഞു. തന്‍റെ കുടുംബത്തിന് നാണക്കേടുണ്ടാകരുതെന്ന കരുതലോടെ വീടിന്‍റെ കൃത്യമായ വിലാസം നൽകാൻ അവർ വിസമ്മതിച്ചു. വെറും 40 രൂപയ്ക്കാണ് അവർ മനോഹരമായ വളകൾ വിൽക്കുന്നത്. "ഇതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം" എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മീത കുറിച്ചത്.
സംരക്ഷിക്കാൻ തയ്യാർ
വീഡിയോ വൈറലായതോടെ 20 ലക്ഷത്തിലധികം ആളുകൾ ഇത് കാണുകയും നിരവധി പേർ പിന്തുണയുമായി എത്തുകയും ചെയ്തു. "എനിക്ക് 40 വയസ്സായി, ഞാൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ ഈ ആന്‍റിയെ ട്രെയിനിൽ കാണുന്നുണ്ട്. അവരുടെ കരുത്തിന് മുന്നിൽ തലകുനിക്കുന്നു," എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സഹായം നൽകാൻ വന്നവരോട് അത് നിരസിക്കുകയും പകരം സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്ന അവരുടെ നിലപാടിനെ പലരും പ്രശംസിച്ചു. മുത്തശ്ശിയെ സുരക്ഷിതമായ ഒരു കെയർ സെന്‍ററിലേക്ക് മാറ്റാനും ജീവിതകാലം മുഴുവൻ സംരക്ഷിക്കാനും തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് സുമനസ്സുകളും രംഗത്തെത്തിയിട്ടുണ്ട്. തളരാത്ത പോരാട്ടവീര്യത്തിന്‍റെ പ്രതീകമായി മാറിയിരിക്കുകയാണ് ഇന്ന് കമലാബെൻ മേത്ത.


