'ഒരവസരം കൂടി കൊടുക്കാ, ഞാനൊന്നാലോചിക്കട്ടെ'; വൈറലായി ഒന്നാം ക്ലാസുകാരന്റെ പരാതിയും പിന്നീടുള്ള മറുപടിയും 

By Web TeamFirst Published Mar 19, 2023, 1:08 PM IST
Highlights

കൊവ്വൽ എയുപി സ്കൂളിൽ പഠിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനാണ് പരാതിക്കാരൻ. അധ്യാപകന്റെ അടുത്ത് ചെന്ന് പരാതി പറയുന്നതാണ് രം​ഗം. കൂടെ പഠിക്കുന്ന കുട്ടി തന്റെ ബോക്സ് പൊട്ടിച്ചു എന്നതാണ് പരാതി.

കുഞ്ഞുങ്ങളുടെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നമ്മളാരും ചിന്തിക്കുന്നത് പോലെയോ പ്രവർത്തിക്കുന്നത് പോലെയോ ഒന്നുമായിരിക്കില്ല അവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. സ്കൂളിൽ പഠിക്കുമ്പോൾ നമുക്കെല്ലാം ഒരുപാട് പരാതികളും പരിഭവങ്ങളും ഒക്കെ കാണും. അവനെന്നെ പിച്ചി, മാന്തി, എന്റെ പേനയെടുത്തു, പെൻസിലെടുത്തു അങ്ങനെ അങ്ങനെ നീണ്ടുപോകും അത്. അതുപോലെ ഒരു കൊച്ചുകുട്ടിയുടെ പരാതിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

കൊവ്വൽ എയുപി സ്കൂളിൽ പഠിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനാണ് പരാതിക്കാരൻ. അധ്യാപകന്റെ അടുത്ത് ചെന്ന് പരാതി പറയുന്നതാണ് രം​ഗം. കൂടെ പഠിക്കുന്ന കുട്ടി തന്റെ ബോക്സ് പൊട്ടിച്ചു എന്നതാണ് പരാതി. പരാതി പറയുമ്പോൾ അന്ന് ഇതുപോലെ ബോക്സ് പൊട്ടിച്ചപ്പോൾ നമ്മൾ അവനോട് എന്തോ പറഞ്ഞിരുന്നില്ലേ എന്ന് അധ്യാപകൻ ചോദിക്കുന്നുണ്ട്. അപ്പോൾ, ഉണ്ട് ഇനി ഇങ്ങനെ ചെയ്താൽ അവനെ ടിസി കൊടുത്ത് വിടും എന്ന് പറഞ്ഞിരുന്നല്ലോ എന്ന് കുട്ടി ചോദിക്കുന്നുണ്ട്. 

കൊവ്വൽ എ യു പി സ്കൂളിലെ ഒരൊന്നാംതരക്കാരൻ്റെ പരാതി കേൾക്കൂ....! കൂടെ പഠിക്കുന്നവൻ ബോക്സ് പൊട്ടിച്ചത് പറയാൻ വന്നതാ...... അവനെ ടി.സി.കൊടുത്തുവിടണമെന്നാദ്യം പറഞ്ഞെങ്കിലും പിന്നീട് ആ കൊച്ചു മനസ്സ് ആലോചിച്ചുറപ്പിച്ചു. ഒരവസരംകൂടി നൽകാമെന്ന്....!! നിഷ്ക്കളങ്കബാല്യങ്ങൾ.... 🥰 pic.twitter.com/GFp6MYwQWO

— 🔥Chasing My Dreams🔥 (@LijeeshNanminda)

അവനെ ടിസി കൊടുത്ത് വിട്ടോ ഇനിയും ഇല്ലെങ്കിൽ അവനിത് പോലെ ബോക്സ് പൊട്ടിക്കും എന്നാണ് കുട്ടിയുടെ പരാതി. എന്നാൽ, അധ്യാപകൻ ടിസി കൊടുത്താൽ അവൻ വീട്ടിലിരിക്കേണ്ടി വരില്ലേ എന്നാണ് ചോദിക്കുന്നത്, മറ്റൊരു സ്കൂളിൽ പോകും എന്നല്ല. ടിസി കൊടുത്ത് വിട്ടാൽ അവൻ വീട്ടിലിരിക്കേണ്ടി വരും. അപ്പോൾ അവന് വിഷമം ആകില്ലേ എന്നും അധ്യാപകൻ സൂചിപ്പിക്കുന്നുണ്ട്. അതിന് അവൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ, ഒരവസരം കൂടി കൊടുക്കാ, ഞാന്‍ ആലോചിച്ചിട്ട് പറയാം എന്നായിരുന്നു കുട്ടിയുടെ മറുപടി. ധ്യാൻ ശങ്കർ എന്നാണ് പരാതി പറയുന്ന കുട്ടിയുടെ പേര് എന്നും വീഡിയോയിൽ പറയുന്നുണ്ട്. 

അനേകം പേരാണ് വിവിധ സോഷ്യൽ മീഡിയോ പ്ലാറ്റ്‍ഫോമുകളിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

click me!