
അസമിലുണ്ടായ അതിതീവ്ര മഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. ഏതാണ്ട് ആറര ലക്ഷത്തോളം ജനങ്ങൾ ദുരിതത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒമ്പത് ജില്ലകളിലായി 7.05 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചെങ്കിലും, ഒരു ദിവസത്തിനുശേഷം സ്ഥിതി മെച്ചപ്പെട്ടുന്നതിന്‍റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം 6,54,800 പേർ ഇപ്പോഴും വെള്ളപ്പൊക്കത്തിന്‍റെ പിടിയിലാണ്.
അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, വെള്ളപ്പൊക്കത്തിൽ ഒരു ദിവസം നാല് പേർക്ക് ജീവൻ നഷ്ടമായി. ശിവസാഗറിൽ മൂന്ന് മരണവും ചാരൈഡിയോയിൽ ഒരാളുടെ മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശിവസാഗറാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ല, ഏകദേശം 2.9 ലക്ഷം പേർ വെള്ളപ്പൊക്ക ദുരിതത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചാരൈഡിയോയിൽ 1.9 ലക്ഷം പേരും ജോർഹട്ടിൽ 1.3 ലക്ഷത്തിലധികം പേരും ഇപ്പോഴും ദുരിതത്തിലാണ്.
ജനങ്ങൾ ദുരിത മുഖത്ത് നിസഹായരായി നിൽക്കുമ്പോൾ സർക്കാർ നൽകുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാൻ കൊള്ളില്ലെന്ന പരാതിയും ഉയരുകയാണ്. അസമിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും പങ്കുവയ്ക്കപ്പെടുന്ന വീഡിയോയിൽ ഹെലികോപ്റ്ററിൽ നിന്നും വിതരണം ചെയ്ത ചില ചാക്കു കെട്ടുകൾ കാണിക്കുന്നത് കാണാം. അവയിൽ ഓരോ ചാക്കിലും ഒന്നിൽ കൂടുതൽ വെള്ളക്കുപ്പികളും പിന്നെ ഉപയോഗ ശൂന്യമായ വസ്തുക്കളുമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. വീഡിയോകളിൽ ഹെലികോപ്റ്ററിൽ നിന്നും ഭക്ഷ്യവസ്തുക്കൾ പ്രളയ ജലത്തിലേക്ക് ഇട്ടുകൊടുക്കുന്നതും കാണാം.
വീഡിയോകളിൽ സാധാരണക്കാർ സർക്കാർ തങ്ങളെ കൈവിട്ടോയെന്നും തങ്ങളോട് ഇത്തരത്തിൽ പെരുമാറാൻ തങ്ങൾ ബംഗ്ലാദേശികളാണോയെന്ന് ചോദിക്കുന്നതും കേൾക്കാം. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോകൾ നസീറയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്നുള്ളവയാണെന്നാണ് വിവരം. സർക്കാർ പ്രതിനിധികളാരും ഇതുവരെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. "ഞങ്ങൾ ബംഗ്ലാദേശികളല്ല. ഞങ്ങളും വോട്ട് ചെയ്യുന്നു," അവർ വീഡിയോയിൽ പറയുന്നു. സർക്കാർ തങ്ങളെ അവഗണിച്ചെന്നും ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബിസ്ക്കറ്റും മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് ചിലർ ആരോപിച്ചു. പ്രളയത്താൽ വഴിയാധാരമായ തങ്ങളെ ഇതുവരെ ഒരു സർക്കാർ പ്രതിനിധിയും സന്ദർശിച്ചിട്ടില്ലെന്നും നസീറയിലെ ദുരിതബാധിതർ ആരോപിച്ചു.
The floods in Assam is worsening. Lakhs of people have been displaced and hundreds of bodies of humans and animals are flowing with the flood water.
Pray for Assam 💔🙏🏻 pic.twitter.com/XTqM208Z1w— Sayantika (@SayantikaSays) July 26, 2026
അതേസമയം, ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയെന്നാണ് സർക്കാറിന്‍റെ വാദം. വെള്ളപ്പൊക്കം മൂലം കുടിയിറക്കപ്പെട്ട 18,902 പേർക്ക് താമസ സൗകര്യമൊരുക്കിയെന്നും എഎസ്ഡിഎംഎ അറിയിച്ചു. റിപ്പോർട്ട് പ്രകാരം 810 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. അസമിലുടനീളം 34,970.8 ഹെക്ടർ കൃഷിഭൂമി നശിച്ചു. നദീതീരങ്ങൾ, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വെള്ളപ്പൊക്കത്തിൽ തകർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ശിവസാഗറിലും നുമലിഗഡിലും ദിഖൗ, ധൻസിരി നദികൾ അപകടനില കവിഞ്ഞ് ഒഴുകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.