
റിമോട്ട് വർക്കിന്‍റെ ഭാഗമായി മെട്രോപൊളിറ്റൻ നഗരത്തിലെ ജീവിതം ഉപേക്ഷിച്ച് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് താമസം മാറിയ ഒരു കോർപ്പറേറ്റ് ദമ്പതികളുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മണാലിയിലെ ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ മാറ്റം തങ്ങളുടെ പ്രതിമാസ ചെലവിൽ വലിയ കുറവുണ്ടാക്കിയതായി ദമ്പതികൾ വെളിപ്പെടുത്തുന്നു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികളൊന്നും ഇല്ലാതെ തന്നെ തങ്ങൾക്ക് പ്രതിമാസം 30,000 രൂപയിലധികം സമ്പാദിക്കാൻ സാധിച്ചെന്നാണ് ഇവർ അവകാശപ്പെട്ടു.
ഇൻസ്റ്റാഗ്രാമിലെ @anjali.aur.naman എന്ന അക്കൗണ്ടിലൂടെ തങ്ങളുടെ ജീവിതശൈലി പങ്കുവെക്കുന്ന അഞ്ജലിയും നമനുമാണ് ഈ ദമ്പതികൾ. കോർപ്പറേറ്റ് ജോലികൾ റിമോട്ടായി ചെയ്തുകൊണ്ട് എന്തിനാണ് തങ്ങൾ നഗരജീവിതം ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഇവർ പങ്കുവെച്ചിരുന്നു. പണം ലാഭിക്കുക എന്നതിലുപരി, ഒട്ടും തിരക്കില്ലാത്ത ഒരു ജീവിതസാഹചര്യം അനുഭവിക്കുക എന്നതായിരുന്നു മണാലിയിലേക്കുള്ള മാറ്റത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് ഈ ദമ്പതികൾ വ്യക്തമാക്കുന്നു.
"യാതൊരുവിധ വലിയ ശ്രമവുമില്ലാതെ തന്നെ പ്രതിമാസം 30,000 രൂപയിലധികം അപ്രതീക്ഷിതമായി സമ്പാദിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾ അഞ്ജലിയും നമനും, മണാലിയിൽ താമസിക്കുന്ന ഒരു റിമോട്ട് കോർപ്പറേറ്റ് ദമ്പതികളാണ്. പണം ലാഭിക്കാനല്ല ഞങ്ങൾ ഇങ്ങോട്ട് മാറിയത്, കോർപ്പറേറ്റ് ജോലികൾ ചെയ്യുന്നതിനൊപ്പം തന്നെ ശാന്തമായ ഒരു ജീവിതം അനുഭവിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്," വീഡിയോയിൽ അഞ്ജലി പറയുന്നു.
തുടർന്ന് തങ്ങളുടെ ചെലവുകളിൽ വന്ന മാറ്റങ്ങൾ ഇവർ കൃത്യമായി വിശദീകരിച്ചു. വാടകയിലെ ലാഭം: നഗരത്തിൽ 45,000 രൂപയായിരുന്ന പ്രതിമാസ വീട്ടുവാടക മണാലിയിൽ 28,000 രൂപയായി കുറഞ്ഞു. ഇതിലൂടെ മാത്രം 17,000 രൂപ ലാഭിക്കാൻ ഇവർക്ക് കഴിഞ്ഞു. യാത്രാച്ചെലവുകൾ: റിമോട്ട് വർക്ക് ആയതിനാൽ ഓഫീസിലേക്കുള്ള ദിവസേനയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചു. ഇത് വഴി പ്രതിമാസം 3,000 രൂപയോളം ലാഭമായി. ഭക്ഷണച്ചെലവ്: നഗരങ്ങളിലെ ഓഫീസുകളിലെ അത്താഴവിരുന്നുകൾ, കോഫി ഷോപ്പുകൾ സന്ദർശിക്കൽ, ചെറിയ ലഘുഭക്ഷണങ്ങൾ എന്നിവ പോലുള്ള പതിവ് ചെലവുകളിൽ വലിയ കുറവുണ്ടായി. ഇത് അവരുടെ പ്രതിമാസ ബജറ്റിൽ നിന്ന് 7,500 രൂപയോളം ലാഭിക്കാൻ സഹായിച്ചു.
നഗരത്തിൽ ജീവിച്ചിരുന്നപ്പോൾ, അവിടുത്തെ തിരക്കേറിയ അന്തരീക്ഷത്തിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടാൻ ചെറിയ യാത്രകൾക്കായി ദമ്പതികൾ പ്രതിമാസം 5,000 മുതൽ 6,000 രൂപ വരെ ചെലവഴിച്ചിരുന്നു. മണാലിയിലേക്ക് മാറിയതിന് ശേഷം അത്തരം യാത്രകൾ ചെയ്യേണ്ട ആവശ്യമില്ലെന്ന് അവർക്ക് തോന്നി. കാരണം പ്രകൃതിയും ശാന്തമായ അന്തരീക്ഷവും അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.
ഈ വലിയ സാമ്പത്തിക നേട്ടം തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഒരു ബോണസ് മാത്രമാണെന്നാണ് അഞ്ജലി പറയുന്നത്. "ചെലവ് കുറയ്ക്കാൻ വേണ്ടിയല്ല ഞങ്ങൾ റിമോട്ട് വർക്ക് തെരഞ്ഞെടുത്തത്. വ്യത്യസ്തമായി ജീവിക്കാനാണ് ഞങ്ങൾ ഇത് തെരഞ്ഞെടുത്തത്. ഈ സമ്പാദ്യം ഒരു ബോണസ് മാത്രമാണ്," അവർ കൂട്ടിച്ചേർത്തു. നഗരങ്ങളിലെ അമിതച്ചെലവുകളെക്കുറിച്ചും, റിമോട്ട് വർക്ക് നൽകുന്ന സാമ്പത്തിക ലാഭത്തെക്കുറിച്ചും ഈ വീഡിയോ ചർച്ചയാകുന്നുണ്ട്. മികച്ചൊരു ജീവിതരീതിക്കായി മെട്രോ നഗരങ്ങൾ വിട്ട് ചെറിയ പട്ടണങ്ങളിലേക്ക് മാറാൻ പ്രൊഫഷണലുകൾ ഇപ്പോൾ താല്പര്യപ്പെടുന്നുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.