'ചെയ്യുന്ന ജോലിക്ക് മികച്ച ശമ്പളവും അന്തസ്സും'; ഓസ്‌ട്രേലിയയിലെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് ഇന്ത്യക്കാരൻ; വീഡിയോ

Published : Jul 05, 2026, 02:40 PM IST
Indian man talks about work culture in Australia

Synopsis

ഓസ്‌ട്രേലിയയിലെ പ്ലംബർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തൊഴിലാളികൾക്ക് ലഭിക്കുന്ന ഉയർന്ന വരുമാനത്തെയും സാമൂഹിക പദവിയെയും കുറിച്ച് പ്രവാസി ഇന്ത്യൻ യുവാവ് പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും തൊഴിൽ സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം യുവാവ് ചൂണ്ടിക്കാണിക്കുന്നു.

 

സ്‌ട്രേലിയയിൽ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ തുടങ്ങിയ തൊഴിലാളികൾക്ക് ലഭിക്കുന്ന വലിയ വരുമാനത്തെയും സാമൂഹിക പദവിയെയും കുറിച്ച് പ്രവാസി ഇന്ത്യൻ യുവാവ് പങ്കുവെച്ച ചിന്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അഡ്ഡി ഖനേജ എന്ന യുവാവാണ് ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും തൊഴിൽ സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചത്. ഓസ്‌ട്രേലിയയിൽ ഇത്തരം ജോലികൾക്ക് മികച്ച ശമ്പളം ലഭിക്കുക മാത്രമല്ല, ഇന്ത്യയിൽ പലപ്പോഴും കാണാത്ത രീതിയിലുള്ള വലിയ അന്തസ്സും ബഹുമാനവുമാണ് സമൂഹത്തിൽ ഇവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു.

'പഠിച്ചില്ലെങ്കിൽ പ്ലംബറാകും' എന്ന ചിന്താഗതി തെറ്റ്

"നമ്മൾ ഇന്ത്യയിൽ വളർന്നുവന്ന സാഹചര്യത്തിൽ, ഒരു കുട്ടി നന്നായി പഠിച്ചില്ലെങ്കിൽ 'നീ ഒടുവിൽ പ്ലംബറോ ആശാരിയോ ഒക്കെയായി മാറും' എന്ന് ആളുകൾ കളിയാക്കി പറയുമായിരുന്നു. എന്നാൽ, ഓസ്‌ട്രേലിയയിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇവിടുത്തെ പല കുട്ടികളും ഭാവിയിൽ ഒരു പ്ലംബറോ ഇലക്ട്രീഷ്യനോ കാർപെന്‍ററോ ആകാനാണ് ആഗ്രഹിക്കുന്നത്. അതിൽ പൂർണ്ണമായ അർത്ഥവുമുണ്ട്; കാരണം ഇവിടെ ഈ ജോലികൾ ചെയ്യുന്നവർക്ക് വളരെ ഉയർന്ന പ്രതിഫലമാണ് ലഭിക്കുന്നത്," ഖനേജ പറയുന്നു.

 

 

ഓസ്‌ട്രേലിയയിലെ വരുമാന ഘടനയെക്കുറിച്ച് അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്: കൺസ്ട്രക്ഷൻ മാനേജർ: ഒരു കൺസ്ട്രക്ഷൻ മാനേജർക്ക്പ്രതിവർഷം $ 2,00,000 (ഏകദേശം രണ്ടുലക്ഷം ഡോളർ) വരെ സമ്പാദിക്കാം. ഇലക്ട്രീഷ്യൻ / പ്ലംബർ: ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിവർഷം വളരെ എളുപ്പത്തിൽ $1,20,000-ത്തിലധികം വരുമാനം നേടാനാകും. തന്‍റെ വീട്ടിലെ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു, "ഒരിക്കൽ ഞങ്ങളുടെ വീട്ടിലെ പൂട്ട് കേടായപ്പോൾ ഒരു കാർപെന്‍ററെ വിളിച്ചു. വെറും 15 മിനിറ്റ് മാത്രമാണ് അദ്ദേഹം ആ ജോലിക്ക് എടുത്തത്. എന്നാൽ, അതിനായി ഈടാക്കിയത് 150 ഡോളറാണ്."

ഇന്ത്യൻ അവസ്ഥയുമായുള്ള താരതമ്യം

ശാരീരിക അധ്വാനം ആവശ്യമുള്ള ഇത്തരം ജോലികൾക്ക് ഓസ്‌ട്രേലിയൻ സമൂഹം നൽകുന്ന ബഹുമാനത്തെയും അദ്ദേഹം പ്രശംസിച്ചു. സ്വന്തം കൈകൾ കൊണ്ട് അധ്വാനിക്കുന്ന ആളുകളോട് വലിയ ബഹുമാനമാണ് ഇവിടെയുള്ളതെന്നും, എന്നാൽ, ഇന്ത്യയിൽ ഇലക്ട്രീഷ്യൻമാർക്കോ പ്ലംബർമാർക്കോ ഇത്തരം സാമൂഹിക പരിഗണന ലഭിക്കാറില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, ഒരു പ്രായോഗിക തൊഴിൽ അറിയാമെങ്കിൽ വലിയ തൊഴിലന്വേഷണങ്ങളുടെ ബുദ്ധിമുട്ടുകളില്ലാതെ ഓസ്‌ട്രേലിയയിലെ ഏത് നഗരത്തിലും കണ്ണും പൂട്ടി ജീവിക്കാമെന്നും മികച്ച വരുമാനം ഉറപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഓസ്‌ട്രേലിയയിലെ ബ്ലൂ-കോളർ ജോലികളുടെ യാഥാർത്ഥ്യം" എന്ന പേരിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പലരും ഈ അഭിപ്രായത്തോട് പൂർണ്ണമായി യോജിച്ചപ്പോൾ, ചിലർ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. "ഇതെല്ലാം ആളുകളുടെ ചിന്താഗതിയെയും കഴിവിനോടുള്ള മനോഭാവത്തെയും ആശ്രയിച്ചിരിക്കുന്നു" എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, ഇന്ത്യയിലെ അമിത ജനസംഖ്യയാണ് തൊഴിലാളികളുടെ കുറഞ്ഞ വരുമാനത്തിന് കാരണമെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

'പഠിപ്പിക്കുന്നില്ല, വെള്ളരിക്ക തിന്നിരിക്കുന്നു, ചോദ്യം ചെയ്തപ്പോൾ മകളെ പുറത്താക്കി'; അധ്യാപികയ്ക്കെതിരെ പരാതിയുമായി രക്ഷിതാവ്, വീഡിയോ
ബ്യൂട്ടി പാർലർ ഉടമയെ ജീവനക്കാർ 6 മിനിറ്റിൽ 43 തവണ ചെരുപ്പ് കൊണ്ട് അടിച്ചു, കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് ആരോപണം, വീഡിയോ