5 വർഷം ജോലി ചെയ്തു, പെട്ടെന്നൊരു നിമിഷം പിരിച്ചുവിട്ടു, കേൾക്കേണ്ടി വന്നത് ആ ഒരൊറ്റ വാക്ക്!

Published : Jul 01, 2026, 08:59 PM IST
viral video

Synopsis

അഞ്ച് വർഷത്തിലേറെ ജോലി ചെയ്ത കമ്പനിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ പെട്ടെന്നൊരു ദിവസം പിരിച്ചുവിട്ട ഡെൽഹി സ്വദേശിനിയായ അനുകൃതിയുടെ അനുഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് തന്‍റെ അവസ്ഥയെ കുറിച്ച് അനുകൃതി വിശദീകരിച്ചത്. 

അഞ്ച് വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് പെട്ടെന്നൊരു ദിവസം പിരിച്ചുവിട്ടാലെന്തായിരിക്കും അവസ്ഥ? അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്ന അനേകം മനുഷ്യരുണ്ടാവും. ഒരു കമ്പനിക്കും ഒരു ജീവനക്കാരനും പ്രധാനമല്ല എന്നതാണ് സത്യം. അതുപോലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ ഡെൽഹി സ്വദേശിനിയും. അനുകൃതി വിദ്യാർത്ഥി പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ റോൾ ഇപ്പോൾ കമ്പനിക്ക് ആവശ്യമില്ലാത്തതാണ് എന്ന് എച്ച് ആർ ടീമും മാനേജരും ഫോൺകോളിലൂടെ അറിയിക്കുകയായിരുന്നു എന്ന് അനുകൃതി വെളിപ്പെടുത്തി.

'എനിക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ന് 2026 ജൂൺ 29 ആണ്. എച്ച് ആറും മാനേജരുമായുള്ള കോളിനിടയിലാണ് എന്റെ റോളിന്റെ ആവശ്യം ഇനി കമ്പനിക്കില്ലെന്നും ജോലിയിൽ നിന്ന് മാറണമെന്നും അവർ ആവശ്യപ്പെട്ടത്. ഏകദേശം അഞ്ചര വർഷത്തോളം ഞാൻ ജോലി ചെയ്ത കമ്പനിയാണിത്' അനുകൃതി വീഡിയോയിൽ പറഞ്ഞു. പെട്ടെന്നുണ്ടായ ഈ മാറ്റത്തിൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അനുകൃതി. 'എനിക്കിപ്പോൾ എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല. അടുത്തതായി എന്ത് ചെയ്യണമെന്നോ, എവിടെ നിന്ന് തുടങ്ങണമെന്നോ ഒരു ധാരണയുമില്ല. എല്ലാം പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങേണ്ടി വന്നിരിക്കുന്നു' അവർ കൂട്ടിച്ചേർത്തു.

സ്വന്തമായി എന്തെങ്കിലും തുടങ്ങണോ അതോ പുതിയ ജോലി കണ്ടെത്തണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, ഈ മാറ്റം ഒരുപക്ഷേ നല്ലതിനായിരിക്കാം എന്നാണ് അനുകൃതി വിശ്വസിക്കുന്നത്. 'ഒരുപക്ഷേ ഇത് ദൈവത്തിന്റെ സൂചനയായിരിക്കാം. കാരണം, ഒരിക്കലും ഈ ജോലി ഞാനായി ഉപേക്ഷിക്കില്ലായിരുന്നു. അതുകൊണ്ട് ദൈവം തന്നെ പറഞ്ഞതാകാം, മതി, ഇനി ഇവിടെ നിന്ന് ഇറങ്ങിക്കോളൂ എന്ന്' എന്നാണ് അനുകൃതി പറയുന്നത്.

 

 

ഒരു നിശ്ചിത തുക മാസശമ്പളമായി ഇനി അക്കൗണ്ടിലേക്ക് വരില്ലല്ലോ എന്ന ആശങ്കയും അവർ പങ്കുവെച്ചു. 'ഇനി എല്ലാ മാസവും കൃത്യമായി ശമ്പളം വരില്ല. ഒരുപക്ഷേ ഞാൻ ഇതിനേക്കാൾ കുറച്ചായിരിക്കാം ഇനി സമ്പാദിക്കുക, അല്ലെങ്കിൽ ഇതിലും കൂടുതൽ. എനിക്കറിയില്ല' എന്ന് പറഞ്ഞുകൊണ്ടാണ് അനുകൃതി വീഡിയോ അവസാനിപ്പിക്കുന്നത്. 'ഓൺവേർഡ്സ് ആൻഡ് അപ്‌വേർഡ്സ്' എന്ന ക്യാപ്ഷനോടെയാണ് അവർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സമാനമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. അതുപോലെ, പുതിയൊരു ജോലി കണ്ടെത്തുക എന്നത് തുടക്കത്തിൽ പ്രയാസകരമാണെങ്കിലും അതിന് സാധിക്കുമെന്ന് ആശംസിച്ചവരും ഒരുപാടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ചെറിയ നേട്ടങ്ങൾ പോലും വലിയ ആഘോഷങ്ങൾ; ഇന്ത്യക്കാരുടെ ശീലം അമ്പരപ്പിച്ചെന്ന് യൂറോപ്യൻ യുവതി
കൂട്ടിക്കിട്ടിയത് വെറും 2000 രൂപ, ജോലിക്കൊരു കുറവുമില്ല, കയ്യിലൊന്നുമില്ലാതെ രാജി വച്ചു; അനുഭവം പറഞ്ഞ് യുവാവ്