കൂട്ടിക്കിട്ടിയത് വെറും 2000 രൂപ, ജോലിക്കൊരു കുറവുമില്ല, കയ്യിലൊന്നുമില്ലാതെ രാജി വച്ചു; അനുഭവം പറഞ്ഞ് യുവാവ്

Published : Jul 01, 2026, 05:03 PM IST
 viral video

Synopsis

താങ്ങാനാവാത്ത ജോലിഭാരം തുച്ഛമായ ശമ്പളവർദ്ധനവ്. മാനസിക സമ്മർദ്ദത്തിലായത് മാത്രം ബാക്കി. ഒടുവില്‍ മറ്റൊരു ജോലി ശരിയാവാതെ തന്നെ രാജിവച്ചു. അനുഭവം പറഞ്ഞ് യുവാവ്. 

കയ്യിലൊരു ജോലി പോലുമില്ലാതെ ഉണ്ടായിരുന്ന ജോലി രാജിവയ്ക്കണമെങ്കിൽ അത്രയും മനസ് മടുക്കണം അല്ലേ? എന്നാൽ, ചിലർക്കെങ്കിലും അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 'ഹ്യൂമൻസ് ഓഫ് ബോംബെ' പങ്കുവെച്ച വീഡിയോയിലൂടെ പ്രമോദ് പോൾ എന്ന യുവാവാണ് തന്റെ അനുഭവം പറഞ്ഞത്.

വലിയ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തിട്ടും അതിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചില്ല അതാണ് രാജിവയ്ക്കുന്നതിലേക്ക് എത്തിയത് എന്നും പ്രമോദ് പറയുന്നു. 'ഇത്രയ്ക്ക് ആങ്സൈറ്റിയും ഡിപ്രഷനും അനുഭവിച്ചത് എന്തിനാണ്? വെറും 6% ശമ്പളവർദ്ധനവിന് വേണ്ടിയോ? അതായത് പ്രതിമാസം വെറും 2,600 രൂപയുടെ വർദ്ധനവ്'. ജോലിയിലെ സമ്മർദ്ദം കാരണം ഒടുവിൽ തനിക്ക് ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടേണ്ടി വന്നതായും പ്രമോദ് പറഞ്ഞു. 'അമിതമായ ആങ്സൈറ്റിയെ തുടർ‌ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ കണ്ടു. കൺസൾട്ടേഷൻ ഫീസ് 2,000 രൂപയായിരുന്നു. അവർ എന്നെ സ്ട്രെസ് മാനേജ്‌മെന്റ് തെറാപ്പിക്ക് റഫർ ചെയ്തു. അതിന് ഒരു സെഷന് 3,000 രൂപ. നിങ്ങളുടെ വാർഷിക ശമ്പളവർദ്ധനവിനേക്കാൾ കൂടുതലാണ് ഒരു തെറാപ്പി സെഷന്റെ ചെലവെങ്കിൽ, നിങ്ങൾ തീർച്ചയായും പെട്ടുപോയി എന്ന് പറയാം' പ്രമോദ് പറഞ്ഞു.

ബെംഗളൂരുവിന് സമീപമുള്ള കോലാറിലാണ് പ്രമോദ് വളർന്നത്. കടബാധ്യതയുള്ള ഒരു കുടുംബമായിരുന്നു. അച്ഛൻ പാസ്റ്ററും അമ്മ വീട്ടമ്മയുമായിരുന്നു. തന്നെയും സഹോദരനെയും പഠിപ്പിക്കാൻ അവർക്ക് വലിയ തുക കടം വാങ്ങേണ്ടി വന്നു. ആ ഉത്തരവാദിത്തത്തിന്റെ ഭാരം മുഴുവൻ തന്റെ തോളിലായിരുന്നു എന്നും പ്രമോദ് പറഞ്ഞു. ബിരുദപഠനത്തിന് ശേഷം വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത പ്രമോദ് ഒരു 'വെൽത്ത് മാനേജർ' ആയി ജോലി ചെയ്യാൻ തുടങ്ങി. ആ സമയത്ത് കുടുംബത്തിന്റെ കടങ്ങൾ വീട്ടാനായി 8 ലക്ഷം രൂപയുടെ ലോണും എടുത്തിരുന്നു.

പിന്നീട് ഒരു പ്രമുഖ ഫിനാൻഷ്യൽ സ്ഥാപനത്തിൽ ചേർന്നു. അവിടെ ഏകദേശം 4 വർഷത്തോളം ജോലി ചെയ്തു. എന്നാൽ, പിന്നീട് മാനേജ്‌മെന്റ് മാറി. അതോടെ, പ്രൊമോഷനുകൾ ഇല്ലാതായി. ജോലിഭാരം വർദ്ധിച്ചു. 'നാട്ടിലെ ചായക്കച്ചവടക്കാർ പ്രതിമാസം 2 ലക്ഷം രൂപ വരെ സമ്പാദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതേസമയം ഞാൻ തുച്ഛമായ ശമ്പളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു' എന്നും പ്രമോദ് പറയുന്നു.

മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനാണ് പ്രമോദ് കണ്ടന്റ് ക്രിയേഷൻ ആരംഭിച്ചത്. 'ഞാൻ കോർപ്പറേറ്റ് ജീവിതത്തെക്കുറിച്ച് തമാശകൾ പറയാൻ തുടങ്ങി, അമ്മയോടൊപ്പം വീഡിയോ ചിത്രീകരിച്ചു. വീഡിയോകൾ വൈറലായതോടെ എനിക്ക് ലക്ഷത്തോളം ഫോളോവേഴ്‌സിനെ ലഭിച്ചു. കണ്ടന്റ് ക്രിയേഷൻ സാമ്പത്തികമായും മാനസികമായും തന്നെ മുന്നോട്ട് നയിക്കാൻ സഹായിച്ചു' എന്നും പ്രമോദ് പറയുന്നു.

 

 

എന്നാൽ ഇതേസമയം ഓഫീസിലെ ജോലിഭാരം നാൾക്കുനാൾ വർദ്ധിച്ചു. 'ഒരു ഘട്ടത്തിൽ ഞാൻ ഒരു സീനിയർ അനലിസ്റ്റിന്റെ മുഴുവൻ ജോലിയും ചെയ്യുന്നുണ്ടായിരുന്നു, എന്നാൽ അപ്രൈസൽ സമയത്ത് വെറും 2,000 രൂപയാണ് കൂട്ടിക്കിട്ടിയത്. അങ്ങനെയാണ് ജോലി ഉപേക്ഷിച്ചത്. ഇപ്പോഴും 3 ലക്ഷം രൂപയുടെ കടമുണ്ട്. എങ്കിലും ചൂഷണത്തിന് നിന്നുകൊടുക്കില്ല എന്ന് കരുതി തന്നെയാണ് ജോലി ഉപേക്ഷിച്ചത്' എന്നും പ്രമോദ് പറഞ്ഞു. യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

'പാശ്ചാത്യ രാജ്യങ്ങൾക്ക് സഹതാപം, ഇന്ത്യയാകുമ്പോൾ പരിഹാസം'; രൂക്ഷമായി വിമർശിച്ച് പോളിഷ് യുവതി
വാർഷികാഘോഷത്തിന് ആശുപത്രിയ്ക്കുള്ളിലേക്ക് ബുള്ളറ്റിലെത്തി ഡോക്ടർ; വീഡിയോ വൈറൽ, പിന്നാലെ വിവാദം