വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചു; ദുർഗന്ധം സഹിച്ച് യാത്ര തുടരാൻ യാത്രക്കാർ! പൈലറ്റിന്‍റെ വിചിത്ര വോട്ടെടുപ്പ്, വീഡിയോ വൈറൽ

Published : Oct 30, 2026, 06:19 PM IST
delta flight

Synopsis

വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചതിനെത്തുടർന്ന് യാത്ര വൈകിപ്പിച്ച് വൃത്തിയാക്കണോ അതോ ദുർഗന്ധം സഹിച്ച് യാത്ര തുടരണമോ എന്ന് പൈലറ്റ് യാത്രക്കാരോട് ചോദിച്ചു. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ നിന്നുള്ള ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വോട്ടെടുപ്പിന്റെ അന്തിമഫലവും വിമാനം വൈകിയോ എന്നതും വ്യക്തമല്ല.

വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചതിനെത്തുടർന്ന് യാത്രക്കാർക്ക് മുന്നിൽ വിചിത്രമായൊരു തെരഞ്ഞെടുപ്പുകൾ വെച്ച് പൈലറ്റ്. വിമാനം വൃത്തിയാക്കാൻ കാത്തിരുന്ന് യാത്ര വൈകിപ്പിക്കണോ, അതോ നായ മൂത്രത്തിന്‍റെ ദുർഗന്ധം സഹിച്ച് കൃത്യസമയത്ത് യാത്ര തുടരണമോ എന്നായിരുന്നു പൈലറ്റിന്‍റെ ചോദ്യം. ഡെൽറ്റ എയർലൈൻസിന്‍റെ വിമാനത്തിലുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

രണ്ട് സാധ്യതകൾ മുന്നോട്ട് വച്ച് പൈലറ്റ്

ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരുന്ന വിമാനത്തിലാണ് സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യ യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ ഒരു നായ മൂത്രമൊഴിച്ചതായും ക്യാബിൻ വൃത്തിയാക്കാൻ സമയം ആവശ്യമാണെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. അങ്ങനെ വിമാനം വൃത്തിയാക്കേണ്ടി വരുമ്പോൾ വിമാനം വൈകുമെന്ന് അറിയിച്ച പൈലറ്റ് യാത്രക്കാർക്ക് മുന്നിൽ രണ്ടാമത്തെ സാധ്യത മുന്നോട്ട് വച്ചു. അത്, നായ മൂത്രത്തിന്‍റെ ദുർഗന്ധം സഹിച്ച് നിശ്ചയിച്ച സമയത്ത് തന്നെ വിമാനം പുറപ്പെടാമെന്നായിരുന്നു.

വീഡിയോ വൈറൽ

ടെലിവിഷൻ അവതാരക ജെന്നിഫർ കോഫിയാണ് സംഭവത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ദുർഗന്ധം സഹിച്ച് സമയത്ത് വീട്ടിലെത്താൻ ആഗ്രഹിക്കുന്നവർ കൈ ഉയർത്തി അറിയിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടതായും അവർ കുറിച്ചു. പിന്നാലെ യാത്രക്കാർ കൈ ഉയർത്തി അഭിപ്രായം രേഖപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ, കോഫി ഈ വിമാനത്തിലെ യാത്രക്കാരിയായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. വോട്ടെടുപ്പിന്‍റെ അന്തിമഫലവും വിമാനം വൈകിയോയെന്ന കാര്യവും വ്യക്തമല്ല.

നായ മൂത്രം 'അത്ര പ്രശ്നമല്ലെ'ന്ന് നെറ്റിസെൺസ്

വീഡിയോ പുറത്തുവന്നതോടെ വളർത്തുമൃഗങ്ങളെ വിമാനത്തിൽ അനുവദിക്കുന്നതിനെക്കുറിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. വളർത്തുമൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകരുതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, യാത്ര വൈകിക്കുന്നതിനേക്കാൾ ദുർഗന്ധം സഹിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് നല്ലതെന്ന് മറ്റുചിലർ പ്രതികരിച്ചു. നായയുടെ മൂത്രത്തിന്‍റെ പേരിൽ യാത്ര തടസ്സപ്പെടുത്തേണ്ടതില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം സംഭവത്തിൽ ഡെൽറ്റ എയർലൈൻസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

സെൻസർ ശബ്ദം അസഹനീയം; വനിതാ അഭിഭാഷകയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്! തീപിടിക്കുന്നത് ഫോണിൽ പകർത്തി, വീഡിയോ
"ഇന്ന് എനിക്ക് ഒരു പുരുഷനെപ്പോലെ തോന്നി"; രാത്രി 2 മണിക്ക് മുംബൈയിലെ ക്യാബ് യാത്രാ അനുഭവം പങ്കുവെച്ച് യുവതി, വീഡിയോ