
ഉപയോഗിച്ച ഡയപ്പറുകൾ ശരിയാംവിധം സംസ്കരിക്കണം. ഇല്ലെങ്കിൽ അത് വലിയ മാലിന്യപ്രശ്നമുണ്ടാക്കുമെന്ന് നമ്മൾ സ്ഥിരം പറയുകയും കേൾക്കുകയും ചെയ്യുന്നതാണ്. എന്നാൽ, ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വരാണസിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഉപയോഗിച്ച ഡയപ്പറുകൾ കൊണ്ട് നിറഞ്ഞ ഒരു മരമാണ് വീഡിയോയിൽ കാണുന്നത്. മരത്തിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ കിടക്കുന്ന ഡയപ്പറുകൾ വീഡിയോയിൽ കാണാം. തന്റെ ഫോളോവേഴ്സിനിടയിൽ കൂടുതൽ സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളും വീഡിയോയും പങ്കുവയ്ക്കാറുള്ള ഇൻഫ്ലുവൻസറായ ശ്വേത കതാരിയയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.
ഒരു വലിയ രണ്ട് നില വീട് കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ആ വീടിന്റെ പുറത്തായി ഒരു വലിയ മരവും വളരുന്നുണ്ട്. പിന്നീട് കാണുന്നത് ആ മരമാണ്. മരത്തിൽ നിറയെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ഡയപ്പറുകൾ തൂങ്ങിക്കിടക്കുന്നതാണ് കാണുന്നത്. അച്ഛനും അമ്മയും ഒരു ചെറിയ കുട്ടിയും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടിൽ താമസിക്കുന്നത് എന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം. മാത്രമല്ല, ആ വീടിന് സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്ക് വീട്ടിലുള്ളവർ മാലിന്യം വലിച്ചെറിയാറുണ്ട് എന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്.
വീണ്ടും ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ക്ലോത്ത് ഡയപ്പറുകൾ ഉപയോഗിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് ശ്വേതയുടെ വീഡിയോ അവസാനിക്കുന്നത്. നിരവധിപ്പേരാണ് ശ്വേത ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഡയപ്പറുകൾ മരത്തിലേക്കെറിഞ്ഞ പ്രവൃത്തി ആളുകളിൽ വലിയ രോഷമാണ് ഉണ്ടാക്കിയത്. പൗരബോധം തീരെയില്ലാതെയാണ് ഇത്തരം ആളുകൾ പ്രവർത്തിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. മാലിന്യനിർമ്മാർജ്ജനം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, നമ്മൾ കൂടി അക്കാര്യത്തിൽ ജാഗ്രത പുലർത്തണം എന്നാണ് മറ്റ് പലരും അഭിപ്രായപ്പെട്ടത്.