
സമൂഹ മാധ്യങ്ങളിൽ പ്രവാസി ജീവിതം വലിയ വായനക്കാരുള്ളൊരു വിഷയമാണ്. പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾക്ക് എപ്പോഴും വലിയൊരു കാഴ്ചക്കാരുണ്ട്. പ്രവാസികൾ വിദേശത്ത് നേരിടുന്ന വംശീയമായ ആക്രമണങ്ങളും രണ്ടാം തരം പൗരന്മാരാണെന്ന തോന്നലുമുണ്ടായിട്ടും ഇന്ത്യൻ പ്രവാസികൾ തിരിച്ച് പോകാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച അമേരിക്കയിലെ ഒരു ഇന്ത്യൻ ഉള്ളടക്ക നിർമ്മാതാവിന് ലഭിച്ചത് സുരക്ഷയെ കുറിച്ചും സ്വകാര്യതയെ കുറിച്ചുമുള്ള മറുപടികൾ.
"എന്തുകൊണ്ടാണ് പല എൻആർഐകളും ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കാത്തത്?" എന്ന ചോദ്യമാണ് അൽബെലി റിതു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. അൽബെലി, തെരുവുകളില്‍ കണ്ടെത്തിയ ഇന്ത്യന്‍ പ്രവാസികളോട് തന്‍റെ ചോദ്യം ആവർത്തിച്ചു. ഓരോരുത്തരും തങ്ങളുടെ ജീവിതാനുഭവങ്ങളില്‍ ചവിട്ടി നിന്ന് മറുപടി പറഞ്ഞു. പക്ഷേ, അപ്പോഴും ചില സംശയങ്ങളുമായി സമൂഹ മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി. ഒരു സ്ത്രീ ചോദ്യത്തിന് മറുപടിയായി താന്‍ യുഎസ്‌എയിൽ ആയിരിക്കുമ്പോൾ ഏറെ സ്വകാര്യത ആസ്വദിക്കുന്നെന്നായിരുന്നു മറുപടി പറഞ്ഞത്.
മറ്റൊരു സ്ത്രീ തങ്ങൾക്ക് ഇഷ്ടമുള്ളതെന്തും വാങ്ങാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു. ഭൗതിക വസ്തുക്കൾ ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഇന്ത്യയേക്കാൾ യുഎസ്എയാണ് അവർക്ക് കൂടുതൽ അനുയോജ്യമെന്ന് അവർ കൂട്ടിച്ചേർക്കുന്നു. മറ്റ് ചിലർ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ആശങ്കൾ ഉന്നയിച്ചു.
വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ പ്രത്യക്ഷത്തില്‍ രണ്ട് തട്ടിലാക്കി. ചിലർ വീഡിയോയോട് യോജിച്ചു. അതേസമയം മറ്റ് ചിലര്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. നിരവധി പേര്‍ യുഎസില്‍ തങ്ങളുടെ സംസ്കാരത്തെ മിസ് ചെയ്യുന്നെന്ന് അറിയിച്ചു. ഇന്ത്യയിൽ അത്യാവശ്യമായി സ്ത്രീ സുരക്ഷയും വായുവിന്‍റെ ഗുണനിലവാരവും മാറേണ്ടതുണ്ടെന്ന് ചിലരെഴുതി. അതേസമയം ലോകത്ത് ഇപ്പോൾ ഏറ്റവും കുടുതല്‍ വെറുപ്പും അകൽച്ചയും നേരിടുന്നത് പ്രവാസികളാണെന്നും ഓരോരാജ്യവും ഇക്കാര്യത്തിൽ മത്സരിക്കുകയാണെന്നും അത്തരമൊരു അവസ്ഥയിലും സ്വന്തം നാട്ടിലേക്ക് തിരികെ വരാതിരിക്കാന്‍ തീരമാനിക്കണമെങ്കിൽ മറ്റെന്തെങ്കിലും ശക്തമായ കാരണം കാണുമെന്നും ചില സമൂഹ മാധ്യമ ഉപയോക്താക്കളെഴുതി.