വാർഷികാഘോഷത്തിന് ആശുപത്രിയ്ക്കുള്ളിലേക്ക് ബുള്ളറ്റിലെത്തി ഡോക്ടർ; വീഡിയോ വൈറൽ, പിന്നാലെ വിവാദം

Published : Jul 01, 2026, 12:31 PM IST
Doctor enters hospital in bullet

Synopsis

മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയുടെ രജത ജൂബിലി ആഘോഷത്തിനിടെ ഒരു ഗൈനക്കോളജിസ്റ്റ് ബുള്ളറ്റിൽ വേദിയിലെത്തിയ വീഡിയോ വൈറലായി. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തുകയും, രോഗികളുടെ സുരക്ഷയെയും ആശുപത്രിയുടെ മാന്യതയെയും കുറിച്ച് നിരവധി പേർ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

 

മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയുടെ രജത ജൂബിലി ആഘോഷത്തിനിടെ ഗൈനക്കോളജിക്കൽ സർജനായ ഡോക്ടർ ബുള്ളറ്റിൽ ആശുപത്രിയ്ക്കുള്ളിലെ ആഘോഷ വേദിയിലേക്ക് എത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവാദം. ഒരു ഡോക്ടർ ഇത്തരത്തിൽ പെരുമാറുകയാണെങ്കിൽ രോഗികളുടെ കൂട്ടിരിപ്പുകാർ നാളെ എന്തെങ്കിലും ചെയ്താൽ നിങ്ങൾ എങ്ങനെ ചോദ്യം ചെയ്യുമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചു. രോഗികളുടെ സുഖസൗകര്യങ്ങളെയും ആശുപത്രിയുടെ മാന്യതയെയും കുറിച്ചുള്ള ആശങ്കകളും ചിലർ ഉന്നയിച്ചു. ഒരു ആശുപത്രിയ്ക്കുള്ളിൽ ഇത്തരം പ്രവർത്തികൾ ഉചിതമാണോയെന്നും ചിലർ ചോദിച്ചു.

ആശുപത്രിയ്ക്കുള്ളിൽ ബുള്ളറ്റിൽ...

ആശുപത്രിയുടെ 25 വർഷത്തെ ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു പരിപാടി. ഇതിനായി വേദിയൊരുക്കിയത് ആശുപത്രിയ്ക്കുള്ളിലായിരുന്നു. ഈ വേദിയിലേക്കാണ് റോബോട്ടിക് ഗൈനക്കോളജിക്കൽ സർജൻ ഡോ. മിശ്ര, ആശുപത്രിയുടെ ഉള്ളിലൂടെ മോട്ടോർ സൈക്കിളിൽ പില്യൺ റൈഡറായി എത്തിയത്. അസാധാരണമായ ഡോക്ടറുടെ പ്രവർത്തി ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന് ചേർന്നതാണോയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നു. അതേസമയം ഡോക്ടർ ബൈക്ക് വേദിയിലേക്ക് എത്തിയപ്പോൾ, ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് അതിഥികളും ഉച്ചത്തിലുള്ള ആർപ്പുവിളികളോടെ സ്വീകരിക്കുന്നതും കാണാം. ഡോ. മിശ്ര സിൽവർ ജൂബിലി പരിപാടിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ച് വേദിയിലേക്ക് നടക്കുന്നതും വീഡിയോയിൽ കാണാം.

 

 

ആശുപത്രികൾ പണത്തെ മാത്രമാണ് ലക്ഷ്യമിടുന്നത്

ആശുപത്രിയുടെ പ്രധാന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലായതിന് പിന്നാലെ വിവാദം ഉയർത്തുകയും ചെയ്തതോടെ യഥാർത്ഥ വീഡിയോ നീക്കം ചെയ്തു. എന്നാൽ, അതിനകം വീഡിയോ വിവിധ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. സമൂഹ മാധ്യമ ഉപയോക്താക്കളിൽ ചിലർ '3 ഇഡിയറ്റ്‌സ്' രംഗമെന്ന അഭിനന്ദനവുമായെത്തിയപ്പോൾ മറുഭാഗത്ത് ഡോക്ടർക്കും ഈയൊരു പ്രവർത്തിക്ക് അനുവാദം നൽകിയ ആശുപത്രി മാനേജ്മെന്‍റിനും എതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ആശുപത്രി പരിസരത്ത് മോട്ടോർ സൈക്കിൾ ഓടിക്കുന്നത് ഉചിതമാണോയെന്നായിരുന്നു പലരുടെയും ചോദ്യം. ബുള്ളറ്റിന്‍റെ ശബ്ദം രോഗികളെ എത്രമാത്രം അസ്വസ്ഥമാക്കിയിരിക്കുമെന്ന് പലരും ചോദിക്കുന്നു. രോഗികളോടുള്ള സഹാനുഭൂതിക്കപ്പുറം സാധാരണക്കാരുടെ പണം പിടിച്ച് വാങ്ങാനുള്ള ഒരു മാർഗ്ഗം മാത്രമായി ആശുപത്രികൾ അധഃപതിക്കുന്നതിന്‍റെ ലക്ഷണമാണ് ഇതൊക്കെ എന്നായിരുന്നു മറ്റൊരു കുറിപ്പ്.

 

PREV
Read more Articles on
click me!

Recommended Stories

പുള്ളിപ്പുലി റോഡിൽ കിടന്നുറങ്ങി, സഫാരി പാർക്കിൽ ഒരു മണിക്കൂറോളം കുടുങ്ങി സഞ്ചാരികൾ; വീഡിയോ
വിയറ്റ്നാമിലെ റെസ്റ്റോറന്‍റിൽ ഇന്ത്യൻ കുടുംബത്തിന്‍റെ അതിക്രമം, സാധനങ്ങൾ തകർത്തു, ജീവനക്കാർക്ക് നേരെയും അതിക്രമം, വീഡിയോ