വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ ഇന്ത്യൻ കുടുംബം നടത്തിയ അക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുട്ടിയുടെ മോശം പെരുമാറ്റം ജീവനക്കാർ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഈ സംഭവം വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.
വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ ഇന്ത്യൻ കുടുംബം നടത്തിയ അക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. റെസ്റ്റോറന്‍റ് ജീവനക്കാരെ തള്ളിയിട്ടും റെസ്റ്റോറന്‍റിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന നാലംഗ കുടുംബത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് വളരെ മോശമായ രീതിയിൽ പെരുമാറിയത്. കുട്ടിയുടെ മോശം പെരുമാറ്റം റെസ്റ്റോറന്‍റ് ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ പൊതു ഇടത്തിലെ ഇന്ത്യക്കാരുടെ പെരുമാറ്റം സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചാ വിഷയമായി.
കുട്ടിയെ നിയന്ത്രിക്കണം എന്നാവശ്യം
ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ ഒരു കുട്ടി റെസ്റ്റോറന്‍റിനുള്ളിൽ നിയന്ത്രണം വിട്ട് ഓടുകയും മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി ജീവനക്കാർ ആരോപിച്ചു. ഇതിനെ തുടർന്ന് കുട്ടിയെ ശ്രദ്ധിക്കണമെന്ന് റെസ്റ്റോറന്‍റ് ജീവനക്കാർ അച്ഛനമ്മമാരോട് അഭ്യർഥിച്ചു. എന്നാൽ, ജീവനക്കാരുടെ ഈ നിർദേശം അംഗീകരിക്കാൻ കുടുംബാംഗങ്ങൾ തയ്യാറായില്ലെന്നും പിന്നീട് പരസ്പരം വാക്കേറ്റം ആരംഭിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്കേറ്റം ക്രമേണ സംഘർഷത്തിലേക്ക് നീങ്ങി. കുടുംബം റെസ്റ്റോറന്‍റിൽ നിന്നും ഇറങ്ങുന്നതിനിടെ റെസ്റ്റോറന്‍റിലെ വസ്തുവകകൾ നശിപ്പിക്കാൻ ശ്രമിക്കുകയും കസേരകൾ വലിച്ചെറിയുകയും ജീവനക്കാരനെ തള്ളിയിടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ കൂടുതൽ ജീവനക്കാരെത്തുകയും കുടുംബാംഗങ്ങളോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വിയറ്റ്നാമിലെ പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്‍റായ ബോംബെ ബൈറ്റ്സ് എച്ച്.സി.എമ്മിലാണ് സംഭവം നടന്നത്.
വേണം ഒരു സ്വയം പെരുമാറ്റച്ചട്ടം
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേരാണ് ഇന്ത്യൻ കുടുംബത്തിന്‍റെ പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നവർ പ്രാദേശിക നിയമങ്ങളും പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളും മാനിക്കേണ്ടത് അനിവാര്യമാണെന്നും, ഇത്തരം സംഭവങ്ങൾ രാജ്യത്തിന്‍റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു. ചിലർ കുട്ടികളുടെ പെരുമാറ്റം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം അച്ഛനമ്മമാർക്കാണെന്നും ചൂണ്ടിക്കാട്ടി. അതേസമയം സംഭവത്തിൽ കുടുംബത്തിനെതിരെ പോലീസ് അന്വേഷണമോ നിയമനടപടികളോ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.


