മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ സഫാരി റോഡിന് നടുവിൽ പുള്ളിപ്പുലി കിടന്നുറങ്ങിയത് സഞ്ചാരികളുടെ യാത്ര ഒരു മണിക്കൂറോളം തടസപ്പെടുത്തി. പുലിയെ ശല്യം ചെയ്യാതെ കാത്തിരുന്ന സഞ്ചാരികൾ ഈ അസുലഭ കാഴ്ച ക്യാമറയിൽ പകർത്തി. ഒടുവിൽ പുലി തനിയെ എഴുന്നേറ്റുപോയ ശേഷമാണ് വാഹനങ്ങൾ മുന്നോട്ട് നീങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ സഫാരി റോഡിന് നടുവിൽ കിടന്നുറങ്ങിയ പുള്ളിപ്പുലി സഞ്ചാരികളുടെ യാത്ര ഏതാണ്ട് ഒരു മണിക്കൂറോളം തടസപ്പെടുത്തി. പുലി റോഡിന് നടുവിൽ കിടന്നതോടെ സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ കഴിയാതെയായി. മുന്നോട്ട് പോയില്ലെങ്കിലും ജീവിതത്തിലെ ആ അസുലഭ കാഴ്ച മതിമറക്കുവോളം കാണാൻ കഴിഞ്ഞെന്ന് സഞ്ചാരികൾ പറയുന്നു. റോഡിൽ പുലിയെ കണ്ടതോടെ സഞ്ചാരികളുടെ വാഹനങ്ങൾ സുരക്ഷിതമായ അകലത്തിൽ നിർത്തിയിടുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

റോഡിന് നടുവിൽ ഒരു മയക്കം

അതേസമയം തനിക്ക് ചുറ്റും നടക്കുന്നതിലൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാതെ സ്വസ്ഥനായി ഉറങ്ങുന്ന പുള്ളിപ്പുലിയെ വീഡിയോകളിൽ കാണാം. ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും പറയുന്നതനുസരിച്ച്, പുള്ളിപ്പുലി ആദ്യം വനമേഖലയിൽ നിന്ന് പതുക്കെ പുറത്തുവന്ന് റോഡിൽ ഇരുന്നു. ഈ സമയത്താണ് വിനോദ സഞ്ചാരികളും അതുവഴിയെത്തിയത്. പുലിയെ കണ്ടതും വാഹനങ്ങൾ സുരക്ഷിതമായ അകലം പാലിച്ച് നിർത്തിയിട്ടു. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ പുലി അല്പ സമയം റോഡിൽ അലക്ഷ്യമായി നിന്നു. പിന്നീട് അവിടെ ഇരുന്നു. പിന്നാലെ നീണ്ട് നിവർന്ന് കിടന്നു. തനിക്ക് മാത്രം അവകാശപ്പെട്ടതെന്ന ബോധ്യത്തോടെയായിരുന്നു അവന്‍റെ പ്രവർത്തി.

Scroll to load tweet…

ആവേശഭരിതരായി സഞ്ചാരികൾ

കിടന്ന് കഴിഞ്ഞപ്പോൾ അവന് ഉറങ്ങണമെന്ന് തോന്നി. പിന്നാലെ ഒരു ചെറുമയക്കം. ഏതാണ്ട് ഒരു മണിക്കൂറോളം നേരം. പിന്നെ പതിയെ കണ്ണ് തുറന്ന് ഒന്ന് ഉരുണ്ടു. ശാന്തമായി ദൂരേയ്ക്ക് നോക്കി അല്പനേരമിരുന്നു. ഈ സമയമത്രയും വാഹനങ്ങളിലുണ്ടായിരുന്നവർ അവനെ ശല്യം ചെയ്യാതെ വീഡിയോകളും ചിത്രങ്ങലും പകർത്തിക്കൊണ്ടിരുന്നു. ഇതിനിടെ അവൻ പതുക്കെ എഴുന്നേറ്റ് റോഡിന്‍റെ മറുവശത്തേക്ക് പതുക്കെ നടന്ന് പോയി. ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ. സുരക്ഷിതത്വം തോന്നുമ്പോൾ വന്യമൃഗങ്ങൾ തുറന്ന വനപാതകളിൽ വിശ്രമിക്കുന്നത് അസാധാരണമല്ലെന്ന് വന്യജീവി വിദഗ്ധർ പറയുന്നു. വിനോദസഞ്ചാരികൾ ക്ഷമയോടെയിരിക്കണമെന്നും അത്തരം സമയങ്ങളിൽ മൃഗങ്ങളെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും അവർ ഉപദേശിച്ചു. ഒടുവിൽ പുള്ളിപ്പുലി അവിടെ നിന്നും പോയതിന് ശേഷമാണ് സഫാരി വാഹനങ്ങൾ മുന്നോട്ട് എടുത്തത്. ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നെങ്കിലും അത്യപൂർവ്വ കാഴ്ചയിൽ സഞ്ചാരികൾ ആവേശഭരിതരാണ്.