
കടുത്ത ചൂടിൽ പ്രായമായ നായയെ മണിക്കൂറുകളോളം കാറിന്റെ ഡിക്കിയിലിരുത്തി യുവതി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ മണിക്കൂറുകളോളം വാഹനത്തിൽ നായയെ പൂട്ടിയിട്ടിരിക്കുന്നത് കണ്ടതിന് പിന്നാലെ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും സ്ത്രീയെ ചോദ്യം ചെയ്യുന്നത് കാണാം. വീഡിയോയിൽ ആളുകൾ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന് ചുറ്റും കൂടിയിരിക്കുന്നത് കാണാം. 'എന്തുകൊണ്ടാണ് നായയെ ഇത്രയും നേരം ഡിക്കിയിലിരുത്തിയിരിക്കുന്നത്' എന്ന് അവർ സ്ത്രീയെ ചോദ്യം ചെയ്യുന്നുണ്ട്. 'മൂന്നരമണിക്കൂറായി നായ ഈ നായ ട്രങ്കിലിരിക്കുകയാണ്' എന്ന് ഒരാൾ പറയുന്നത് കാണാം. മൃഗത്തോട് കാണിക്കുന്ന കൊടും ക്രൂരതയാണ് ഇത് എന്നും ആളുകൾ ആരോപിച്ചു.
തർക്കം തുടരുന്നതിനിടയിൽ തന്നെ നായയുടെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഡിക്കിയിൽ നിന്നും അതിനെ മാറ്റാനും ആളുകൾ സ്ത്രീയോട് ആവശ്യപ്പെടുന്നുണ്ട്. നായയ്ക്ക് 11 വയസ് പ്രായമുണ്ട് എന്നും പറയുന്നു. ഇതോടെ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് രോഷം പ്രകടിപ്പിച്ചുകൊണ്ട് കമന്റുകൾ നൽകുന്നത്. നായയോട് കാണിച്ച ക്രൂരതയായിട്ടാണ് പലരും ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.
'പ്രായമായ ഒരു നായയ്ക്ക് വേണ്ടത്, സുരക്ഷയും കംഫർട്ടുമാണ് അല്ലാതെ ഇതല്ല' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'വളർത്തുമൃഗങ്ങൾ ലഗേജുകളല്ല, എങ്ങനെയാണ് ഈ ചൂടിൽ നായയെ ഇത്തരം ഒരവസ്ഥയിൽ നിർത്തിയിട്ട് പോകാൻ തോന്നുന്നത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആളുകൾ ഈ സാഹചര്യം അവഗണിക്കുന്നതിന് പകരം സ്ത്രീയോട് ഇതേക്കുറിച്ച് ചോദിക്കാൻ സന്നദ്ധരായതിനെ അഭിനന്ദിച്ചും ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. 'മൃഗങ്ങൾക്ക് സ്വയം തന്റെ അവസ്ഥയെ കുറിച്ച് പറയാൻ സാധിക്കില്ല, അതിനാൽ മനുഷ്യരാണ് അത് കണ്ടറിഞ്ഞ് പെരുമാറേണ്ടത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.