സൈക്ലിങ്ങിനിടെ കൃത്രിമക്കാൽ ഊരിപ്പോയി, മുൻ നാവിക ഉദ്യോഗസ്ഥന് രക്ഷകനായി കാൽനടയാത്രക്കാരൻ; വീഡിയോ

Published : May 26, 2026, 02:57 PM IST
viral video

Synopsis

ഐറൺമാൻ മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെ മുൻ നാവിക ഉദ്യോഗസ്ഥനായ വിൻസെൻസോ ഗാരോഫാലോയുടെ കൃത്രിമക്കാൽ ഊരിപ്പോയി. റോഡിൽ ബുദ്ധിമുട്ടിയ അദ്ദേഹത്തെ ഒരു കാൽനടയാത്രക്കാരൻ സഹായിക്കുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഏറെ ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഐറൺമാൻ എൻഡ്യൂറൻസ് മത്സരത്തിനായുള്ള കഠിന പരിശീലനത്തിനിടെ മുൻ നാവിക എഞ്ചിനീയറായ വിൻസെൻസോ ഗാരോഫാലോയുടെ വലതു കൃത്രിമക്കാൽ യാത്രാമധ്യേ പെട്ടെന്ന് ഊരിപ്പോവുകയായിരുന്നു. റോഡരികിൽ ഒരു കാലിൽ സൈക്കിൾ ബാലൻസ് ചെയ്യാൻ പാടുപെടുന്ന ഗാരോഫാലോയെ കണ്ട്, ഓടിയെത്തിയ ഒരു കാൽനടയാത്രക്കാരൻ താഴെ വീണ കൃത്രിമക്കാൽ എടുത്തുനൽകുകയും സൈക്കിൾ വീഴാതെ പിടിക്കുകയും ചെയ്തു.

മാൾട്ടയുടെ വടക്കുകിഴക്കൻ തീരത്തുള്ള സെന്റ് പോൾസ് ബേ എന്ന നഗരത്തിൽ വെച്ചായിരുന്നു ഈ സംഭവം. റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഇല്ലായിരുന്നെങ്കിലും, ആ അപരിചിതന്റെ സമയബന്ധിതമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്. ഗാരോഫാലോ നടപ്പാതയോട് ചേർന്ന് സൈക്കിൾ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ് ആ വ്യക്തി ഓടിയെത്തി സൈക്കിൾ പിടിക്കുകയും കൃത്രിമക്കാൽ തിരികെ നൽകുകയും ചെയ്തത്.

ഗാരോഫാലോ പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. രക്ഷാപ്രവർത്തനം നടത്തിയ വ്യക്തിയുടെ പെട്ടെന്നുള്ള നിസ്വാർത്ഥമായ ഈ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'ഞാൻ ഇതുവരെ ഇത്തരം സംഭവങ്ങൾ വീഡിയോകളിൽ മാത്രമേ കണ്ടിട്ടുള്ളൂ, ഇപ്പോൾ അത് നേരിട്ട് അനുഭവിച്ചു. ഇതിനെ ഒരു ചിരിയോടെ നേരിടുന്നതാണ് നല്ലത്. ഓടിയെത്തി എന്നെ സഹായിച്ച ആ മാന്യനായ വ്യക്തിക്ക് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. തികച്ചും ദയയുള്ള ഒരു നല്ല മനസ്സ്' വീഡിയോ പങ്കുവെച്ചുകൊണ്ട് ഗാരോഫാലോ കുറിച്ചു. ഈ വീഡിയോയ്ക്ക് 88 ലക്ഷത്തിലധികം വ്യൂസും ആയിരക്കണക്കിന് കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

 

 

'ആ സാഹചര്യത്തിൽ താഴെ വീഴാതെ സൈക്കിൾ നിയന്ത്രിക്കാൻ എത്രത്തോളം വൈദഗ്ധ്യം വേണമെന്ന് പലർക്കും അറിയില്ല' എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തപ്പോൾ, 'അത്രയും വേഗത്തിൽ നിങ്ങളുടെ രക്ഷയ്‌ക്കെത്തിയ ആ മനുഷ്യൻ ഒരു യഥാർത്ഥ ഹീറോയാണ്' എന്നാണ് മറ്റൊരാൾ കുറിച്ചത്. തനിക്ക് ലഭിച്ച വലിയ പിന്തുണയോടും കമന്റുകളോടും പ്രതികരിച്ചുകൊണ്ട്, ജീവിതം തനിക്ക് വളരെ കഠിനമായിരുന്നുവെന്നും എന്നാൽ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും ഗാരോഫാലോ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കാറിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന വിനോദസഞ്ചാരികൾ, ചോദ്യം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ; വൈറൽ വീഡിയോ
'വീട്ടിലിരുന്ന് പാത്രം കഴുകുന്നതിനേക്കാൾ നല്ലതാണ് ഓട്ടോ ഓടിക്കുന്നത്'; വനിതാ ഡ്രൈവറുടെ മനോഹരമായ മറുപടി