
എവിടെയും മാലിന്യം വലിച്ചെറിയുക, പലരും തുടരുന്ന ശീലമാണിത്. ഇതാരെങ്കിലും ചോദ്യം ചെയ്താലോ? ചോദിക്കാൻ നീയാരാണ് എന്നാവും ചോദ്യം. എങ്കിലും, ഇത്തരം 'സീറോ സിവിക് സെൻസ് പെരുമാറ്റങ്ങളെ' ചോദ്യം ചെയ്യുന്നവരുമുണ്ട്. മുസ്സൂറിയിൽ നിന്നുള്ളതാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ. ഓടുന്ന ടാക്സിയിൽ നിന്നും മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ വിനോദസഞ്ചാരികളെ ഒരാൾ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സാഹചര്യത്തെ വളരെ ശാന്തതയോടെ കൈകാര്യം ചെയ്ത ഈ മനുഷ്യന് വലിയ അഭിനന്ദനമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ഒരു പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പിന്റെ സ്ഥാപകനായ അനൂപ് നൗട്ടിയാൽ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുസ്സൂറിയിലേക്ക് പോകുമ്പോൾ ടാക്സിയിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർ പ്ലാസ്റ്റിക് കപ്പും സ്പൂണും അടക്കം മാലിന്യങ്ങൾ വാഹനത്തിന്റെ വിൻഡോയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. സംഭവം അവഗണിക്കുന്നതിനുപകരം, അനൂപ് വാഹനം നിർത്തുകയും ആ മാലിന്യം വലിച്ചെറിഞ്ഞ വിനോദസഞ്ചാരികൾക്ക് തന്നെ നേരിട്ട് തിരികെ നൽകാൻ തീരുമാനിക്കുകയും ആയിരുന്നു.
വിനോദസഞ്ചാരികളോട് കാര്യം പറഞ്ഞപ്പോൾ അവർ തങ്ങളുടെ തെറ്റ് സമ്മതിച്ചു എന്നും ഉത്തരാഖണ്ഡിൽ ഇനി ഇത്തരത്തിൽ പെരുമാറ്റം ആവർത്തിക്കില്ല എന്ന് പറഞ്ഞതായും അനൂപ് വ്യക്തമാക്കുന്നു. അതേസമയം, ഉത്തരാഖണ്ഡിൽ മാത്രമല്ല, എവിടെയും മാലിന്യം ഇങ്ങനെ വലിച്ചെറിയരുത് എന്നും അനൂപ് ആളുകളെ ഉപദേശിക്കുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. വിനോദസഞ്ചാരികളോട് പരുഷമായി പെരുമാറാതെ തന്നെ കാര്യം അവരെ ബോധ്യപ്പെടുത്തിയതിൽ നിരവധിപ്പേരാണ് അനൂപിനെ അഭിനന്ദിച്ചിരിക്കുന്നത്. ഒപ്പം, ഇത്തരത്തിലുള്ള മാലിന്യം വലിച്ചെറിയുന്ന പ്രവണത എല്ലായിടത്തും കാണാമെന്നും പരിസരം ശുചിയായിരിക്കണമെങ്കിൽ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട് എന്നും പലരും അഭിപ്രായപ്പെട്ടു.