
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ നഗരത്തിൽ മദ്യലഹരിയിലായിരുന്ന യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് കോൺസ്റ്റബിളിനെ അയാളുടെ സ്വന്തം ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിച്ച സംഭവം വലിയ വൈറലായി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, അന്വേഷണവുമായി പോലീസും രംഗത്തെത്തി. വീഡിയോ ദൃശ്യങ്ങളിൽ ഒരു പടിക്കെട്ടിൽ വച്ച് പോലീസ് കോൺസ്റ്റബിളിനെ ക്രൂരമായി തല്ലുന്നത് കാണാം. ഖഡക്പാഡ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഗണേഷ് ചവാൻ എന്ന പോലീസ് കോൺസ്റ്റബിളിനാണ് മർദ്ദനമേറ്റത്.
രാത്രി സമയത്ത് അടിയന്തര സഹായം തേടിയുള്ള ഒരു സ്ത്രീയുടെ ഫോൺ വിളിയെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. അവിടെ എത്തിയപ്പോഴാണ് മദ്യലഹരിയിലായിരുന്ന യുവാവ് പൊലീസുകാരനുമായി വാക്ക് തർക്കത്തിലേർപ്പെട്ടതും പിന്നാലെ മർദ്ദിച്ചത്. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഇയാൾ പൊലീസുകാരന്‍റെ കൈയിൽ ഉണ്ടായിരുന്ന ലാത്തി ബലമായി തട്ടിയെടുത്ത് അതുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. വീഡിയോയുടെ തുടക്കത്തിൽ ഇയാൾ പോലീസ് ഉദ്യോഗസ്ഥന്‍റെ കോളറിന് പിടിച്ച് വലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നത് കാണാം. എന്നാൽ, മറ്റ് പോലീസുകാരെയൊന്നും ഈ സമയം വീഡിയോയിൽ കാണുന്നില്ല. അതേസമയം വീടിന് പുറത്ത് ഒന്ന് രണ്ട് പേർ നിൽക്കുന്നത് കാണാമെങ്കിലും അവരാരും സംഭവത്തിൽ ഇടപെടുന്നില്ല. രാഹുൽ തയാഡെ എന്നയാളാണ് പോലീസ് കോൺസ്റ്റബിളിനെ മർദ്ദിച്ചത്.
कल्याणमधील घटना, पोलीस कर्मचाऱ्यावर तरुणाने केला हल्ला pic.twitter.com/GmZMK1qk1S
— News18 Marathi (@News18_marathi) July 27, 2026
വീട്ടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ദൃശ്യങ്ങളിൽ പൊലീസുകാരൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും പ്രതി തുടർച്ചയായി ലാത്തി വീശുന്നതും കാണാം. ആക്രമണത്തിനിടെ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിക്കാൻ ശ്രമിച്ചെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മദ്യപാനിയെ അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുണ്ട്. സർക്കാർ ജോലിയിൽ തടസ്സം സൃഷ്ടിക്കൽ, പൊതുസേവകനെ ആക്രമിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസുകാർക്ക് പോലും ഡ്യൂട്ടിക്കിടെ സുരക്ഷിതരല്ലെന്ന ആശങ്ക സമൂഹ മാധ്യമ ഉപയോക്താക്കളും പങ്കുവച്ചു.