
ജനിച്ച് അധികസമയമാകുന്നതിന് മുമ്പേ വിശ്രമത്തിന്റെ വേറിട്ട ശൈലിയുമായി സമൂഹ മാധ്യമങ്ങളിൽ താരമായി ഒരു നവജാതശിശു. ഈജിപ്തിലെ ശിശുരോഗവിദഗ്ധനായ ഡോ. ഇസ്ലാം എൽദെഹ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ശ്രദ്ധ നേടുന്നത്. കൈകൾ തലയ്ക്ക് പിന്നിൽ പിണച്ച് വെച്ച്, ഒരു കാൽ മറ്റേ കാലിന് മുകളിൽ കയറ്റിവെച്ച് ശാന്തമായി കിടക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരെ ചിരിപ്പിക്കുകയാണ്.
കെയ്റോയിൽ പ്രവർത്തിക്കുന്ന ശിശുരോഗ, നവജാതശിശു പരിചരണ വിദഗ്ധനായ ഡോ. ഇസ്ലാം എൽദെഹാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ജനിച്ച് മിനിറ്റുകൾക്കുള്ളിൽ പകർത്തിയ ദൃശ്യങ്ങളിൽ കുഞ്ഞ് അസാധാരണമായ ശാന്തതയോടെയാണ് കിടക്കുന്നത്. സാധാരണ നവജാതശിശുക്കൾ കരയുന്നതും പുതിയ ചുറ്റുപാടുകളോട് പൊരുത്തപ്പെടുന്നതുമാണ് പലരും പ്രതീക്ഷിക്കാറുള്ളത്. എന്നാൽ, ഈ കുഞ്ഞിന്റെ 'വിശ്രമഭാവം' കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ബേബി കിങ്! എന്റെ ആവേശം ക്ഷമിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ വീഡിയോ പങ്കുവെച്ചത്. കുഞ്ഞ് കിടക്കുന്ന രീതി കണ്ട ചിലർ ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാനുള്ള വിദ്യ ജനിച്ചപ്പോൾതന്നെ പഠിച്ചുവെന്നാണ് തമാശയായി കുറിച്ചത്. മറ്റുചിലർ പുതിയ തലമുറയ്ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നേരത്തേ അറിയാമെന്ന് അഭിപ്രായപ്പെട്ടു. ജനിച്ച ഉടനെതന്നെ ലോകത്തോട് വിശ്രമിക്കാനാവശ്യപ്പെടുന്ന ഭാവമാണെന്ന തരത്തിലുള്ള രസകരമായ പ്രതികരണങ്ങളും ഉയർന്നു.