ബംഗളൂരുവിൽ 3 കിലോമീറ്റർ സഞ്ചരിക്കാൻ ഒന്നര മണിക്കൂർ! ഗതാഗതക്കുരുക്കിൽ കാറുപേക്ഷിച്ച് നടന്നെന്ന് സംരംഭകൻ; കുറിപ്പ് വൈറൽ

Published : Aug 16, 2026, 02:26 PM IST
Traffic Block in Bangalore

Synopsis

ബംഗളൂരുവിലെ വർത്തൂരിൽ 3 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ എടുത്തതിനെ തുടർന്ന് യുവ സംരംഭകനായ സൗവീക് റേ തന്‍റെ പ്രതിഷേധം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഗതാഗതക്കുരുക്ക് കാരണം കാർ ഉപേക്ഷിച്ച് നടന്നുപോകേണ്ടി വന്നതായും, നഗരത്തിലെ മോശം റോഡുകൾ സാധാരണക്കാരുടെയും വ്യാപാരികളുടെയും ജീവിതം എങ്ങനെ ദുസ്സഹമാക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

ടി നഗരമായ ബംഗളൂരുവിലെ ഗതാഗതക്കുരുക്കും മോശം റോഡുകളും ഉണ്ടാക്കുന്ന ദുരിതത്തിനെതിരെ ശക്തമായ പ്രതികരണവുമായി യുവ സംരംഭകൻ. വർത്തൂരിൽ വെറും 3 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ സമയമെടുത്തതോടെയാണ് സംരംഭകനായ സൗവീക് റേ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ നിരാശയും പ്രതിഷേധവും പങ്കുവെച്ചത്.

വെറും 10 മിനിറ്റ് യാത്രയ്ക്ക് ഒന്നര മണിക്കൂർ!

വർത്തൂരിലുള്ള ഒരു സ്റ്റോറിൽ സാധനങ്ങൾ എത്തിച്ച് മടങ്ങുകയെന്ന ചെറിയൊരു ആവശ്യത്തിനാണ് തങ്ങൾ ഇറങ്ങിയതെന്ന് സൗവീക് പറയുന്നു. 10 മുതൽ 20 മിനിറ്റ് വരെ മാത്രം സമയമെടുക്കേണ്ട ഒന്നര അല്ലെങ്കിൽ മൂന്ന് കിലോമീറ്റർ യാത്രയ്ക്കാണ് 90 മിനിറ്റ് വേണ്ടിവന്നതെന്ന് അദ്ദേഹം എഴുതുന്നു. ആദ്യത്തെ ഒരു കിലോമീറ്റർ പിന്നിടാൻ മാത്രം 45 മിനിറ്റ് വേണ്ടിവന്നതായും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അവകാശപ്പെട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വാഹനം ഓടിച്ച് തിരികെ പോകുന്നത് അസാധ്യമായി മാറി. തുടർന്ന് കാർ സ്റ്റോറിന് സമീപം തന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് നടന്നുപോകാൻ ഇവർ നിർബന്ധിതരായി. "റോഡ് എന്ന് വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ പാതകൾ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏങ്ങനെ ജീവിക്കും?

നഗരത്തിലെ റോഡുകളെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരുടെ അവസ്ഥ ചൂണ്ടിക്കാട്ടി രൂക്ഷമായ ചോദ്യങ്ങളാണ് സൗവീക് ഉയർത്തിയത്. ഇത്തരമൊരു സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കും? ഡെലിവറി ജീവനക്കാരും ഉപഭോക്താക്കളും പ്രതിദിനം എങ്ങനെയാണ് ഇത് സഹിക്കുന്നത്?" എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 10 വർഷമായി താൻ ബംഗളൂരുവിലാണ് ജീവിക്കുന്നതെന്നും ഈ നഗരത്തോടുള്ള സ്നേഹം കൊണ്ടാണ് ഇവിടെ തന്നെ ബിസിനസ്സ് ആരംഭിച്ചതെന്നും സൗവീക് പറഞ്ഞു. "മറ്റൊരിടത്തു നിന്നും വന്നവർ ബംഗളൂരു വിട്ടു പോകണമെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ; ഞാൻ ഈ നഗരത്തെ സ്നേഹിക്കുന്നു, അതുകൊണ്ടാണ് ഞാൻ ഇവിടെ തന്നെ എന്‍റെ ബിസിനസ്സ് പടുത്തുയർത്തുന്നത്," അദ്ദേഹം വ്യക്തമാക്കി. സൗവീക്കിന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. "3 കിലോമീറ്ററിന് 90 മിനിറ്റ് എന്നത് ഞെട്ടിക്കുന്നതാണ്", "ഇത് വെറുമൊരു ഗതാഗത പ്രശ്നമല്ല, ജനങ്ങളുടെ അധ്വാനശേഷിയെയും ഉൽപ്പാദനക്ഷമതയെയും സാരമായി ബാധിക്കുന്ന ഒന്നാണ്" എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

'ആത്മവിശ്വാസം വളർത്തിയെടുക്കാൻ പറ്റുന്ന ഒന്ന്'; യുഎസിൽ നിന്നും പഠിച്ച പാഠത്തെ കുറിച്ച് ഇന്ത്യൻ യുവതി; കുറിപ്പ് വൈറൽ
നിന്നനിൽപ്പിൽ മുഖത്തേക്ക് വലിഞ്ഞ് കയറി പിടി മുറിക്കി, നീരാളിപ്പിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ കിണഞ്ഞ് പരിശ്രമിച്ച് മത്സ്യത്തൊഴിലാളി, വീഡിയോ