
വിമാനത്തിൽ കയറിയവരാണ് നമ്മളിൽ പലരും. എന്നാൽ, വിമാനത്തിന്‍റെ പൈലറ്റ് സീറ്റ് ഇരിക്കുന്ന കോക്ക്പിറ്റിൽ കയറിയവരാരെങ്കിലും ഉണ്ടോ? ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. പൈലറ്റുമാരും ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാരുമല്ലാത്തവർക്ക് കോക്പിറ്റിലേക്ക് കടക്കാൻ അനുമതിയില്ലെന്നത് തന്നെ കാരണം. എന്നാൽ, തനിക്ക് കോക്ക്പിറ്റിൽ കയറണമെന്ന ആഗ്രഹം ഇന്ത്യക്കാരൻ പറഞ്ഞപ്പോൾ ഇത്തിഹാദ് ഫ്ലൈറ്റ് അറ്റൻഡന്‍റ് ആ ആഗ്രഹം അങ്ങ് സാധിച്ച് കൊടുത്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വിമാനത്തിനുള്ളിൽ വച്ച് ഒരു ഫ്ലൈറ്റ് അറ്റൻഡന്‍റിനോട് "എനിക്ക് കോക്ക്പിറ്റ് കാണാൻ എന്തെങ്കിലും സാധ്യതയുണ്ടോ" എന്ന് മാന്യമായി ചോദിക്കുന്ന ഒരു വീഡിയോ വാൻഷ് മോട്വാനി തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ചോദ്യം കേട്ടപ്പോൾ അത് സാധിക്കുമെന്ന വിശ്വാസമൊന്നും വാൻഷിന് ഇല്ലായിരുന്നു. എന്നാൽ ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് ഈ സമയം അവിടേയ്ക്ക് എത്തിയ തന്‍റെ സൂപ്പർവൈസറോട് കാര്യം തിരക്കുന്നു. യാതൊരു ആശങ്കയുമില്ലാതെ യാത്രയ്ക്ക് ശേഷം അതിന് അവസരമൊരുക്കാമെന്ന് അവർ മറുപടി പറയുന്നു. പിന്നാലെ വിമാനയാത്ര കഴിഞ്ഞപ്പോൾ. വിമാനത്താവളത്തിൽ വിശ്രമിക്കവെ വാൻഷിന് കോക്ക്പിറ്റിൽ കയറാനും അവിടെ നിന്നും പൈലറ്റുമാരോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്താനും സാധിച്ചു. ഈ വീഡിയോയായിരുന്നു അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്.
സുരക്ഷാ കാരണങ്ങളാൽ വിമാനയാത്രയ്ക്കിടെ അത്തരം അഭ്യർത്ഥനകൾ സാധാരണയായി നിരസിക്കപ്പെടുകയാണ് പതിവ്. എന്നാൽ, വിമാനം ലാൻഡ് ചെയ്ത ശേഷം അദ്ദേഹത്തിന് കോക്ക്പിറ്റിൽ കയറാൻ കഴിഞ്ഞു. വാൻഷ് വീഡിയോയിൽ തന്‍റെ സന്തോഷം മറച്ച് വയ്ക്കുന്നില്ല. ഇത്തിഹാദ് എയർവൈസിനോട് താൻ എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. വിമാനത്തിലെ ഓരോ ജീവനക്കാരും വളരെ ദയയുള്ളവരും സ്നേഹമുള്ളവരുമായിരുന്നു. എന്‍റെ അനുഭവം 100 മടങ്ങ് മികച്ചതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതിന് പിന്നാലെ നിങ്ങളുടെ മനോഹരമായ ഫീഡ്‌ബാക്കിന് നന്ദിയെന്ന് ഇത്തിഹാദും മറുപടിയുമായെത്തി. യാത്രക്കാരന്‍റെ വലിയൊരു ആഗ്രഹം സാധിച്ച ഇത്തിഹാദിനെ നിരവധി പേർ അഭിനന്ദിച്ചു.