
സോഷ്യൽ ലൈഫ് ഒരു മനുഷ്യന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ള സംഗതിയാണ് അല്ലേ? അയൽക്കാരോടൊക്കെ സൗഹൃദത്തിലായിരിക്കുക, അവരുമായി സംസാരിക്കുക ഇതൊക്കെ ആരോഗ്യകരമായ ഒരു ജീവിതത്തിന് സഹായകരമാകാറുണ്ട്. എന്നാൽ, അമേരിക്കൻ സബർബുകളിലെ ജീവിതരീതിയെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവാവ് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നിതിൻ മൽഹോത്ര എന്ന യുവാവാണ് കോടികൾ വിലമതിക്കുന്ന ആഡംബര വീടുകൾ നിറഞ്ഞ തന്റെ വീടിന്റെ അടുത്ത് വൈകുന്നേരം ആറുമണി ആയിട്ടും ആളുകളെ കാണാനില്ലാത്ത അവസ്ഥയെക്കുറിച്ച് വീഡിയോയിലൂടെ പങ്കുവെച്ചത്.
വൈകുന്നേരം ആറുമണിയായിട്ടും ഈ വീടുകൾക്കിടയിലെ തെരുവുകളിൽ ആരെയും കാണാനില്ലെന്ന് നിതിൻ പറയുന്നു. 5 കോടി മുതൽ 15 കോടി രൂപ വരെ വിലമതിക്കുന്ന വീടുകളാണിത്. ഇന്ത്യയിലെ തിരക്കുമായിട്ടാണ് നിതിൻ ഇതിനെ താരതമ്യം ചെയ്യുന്നത്. ഇന്ത്യയിൽ എവിടെയാണെങ്കിലും വീടിന് പുറത്തിറങ്ങിയാൽ കാണുന്ന ആ ഒരു എനർജി അമേരിക്കയിൽ ഇല്ലെന്നും നിതിൻ പറയുന്നു. അഞ്ച് വർഷമായി അമേരിക്കയിൽ കഴിയുന്ന നിതിൻ, 'എന്തിനാണ് ആളുകൾ അമേരിക്കയിലേക്ക് വരുന്നത്' എന്ന് ചോദിക്കുന്നതും കാണാം.
ഫ്ലോറിഡയിലെ അവസ്ഥ മാത്രമല്ല ഇത്. ടെക്സസ്, കലിഫോർണിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെയാണെന്നും, ചില ഇന്ത്യൻ, ഡെസി കമ്മ്യൂണിറ്റികൾ ഉള്ള പ്രദേശങ്ങൾ ഒഴിച്ചാൽ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇത്തരത്തിൽ വിജനമാണെന്നും അദ്ദേഹം പറയുന്നു.
'ഇത് കാണാൻ സമാധാനപരമാണെങ്കിലും വളരെ ഏകാന്തത തോന്നിക്കുന്ന ഒന്നാണ്' എന്നായിരുന്നു വീഡിയോ കണ്ട ഒരാൾ പ്രതികരിച്ചത്. 'പണത്തിന് ആളുകളെയും കൂട്ടായ്മകളെയും പകരം നൽകാനാവില്ല' എന്നായിരുന്നു മറ്റൊരു പ്രതികരണം. 'മനോഹരമായ വീടുകൾ, പക്ഷേ ആളുകൾ എവിടെ' എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. അതേസമയം യുവാവിനെ ശക്തമായി വിമർശിച്ചവരുമുണ്ടായിരുന്നു. അവിടുത്തുകാർ ശാന്തതയും സമാധാനവും ആഗ്രഹിക്കുന്നവരാണ്, അത് അവരുടെ ജീവിതമാണ്, ഈ ശാന്തത ആഗ്രഹിച്ചാണ് ആളുകള്‍ വിദേശത്തേക്ക് പോകുന്നത് എന്നാണ് ആളുകൾ അഭിപ്രായപ്പെട്ടത്.