
ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കുറിച്ച് മിക്കപ്പോഴുമുള്ള പരാതി വിലയാണ്. അതുപോലെ തന്നെ മുംബൈ പോലുള്ള നഗരങ്ങളിലെ സ്ഥലപരിമിതയും പ്രശ്നമാണ്. ഇതിനിടയിൽ, പോളണ്ടിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരൻ പങ്കുവെച്ച പുതിയൊരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദീപ്ശാൻഷു ലഖ്വാൻ എന്ന യുവാവാണ് പോളണ്ടിലെ ഒരു വലിയ വീടിന്റെ ദൃശ്യങ്ങൾ കാണിച്ച് മുംബൈയിലെ ഫ്ലാറ്റുകളുടെ വിലയുമായി അതിനെ താരതമ്യം ചെയ്തത്.
മുംബൈയിലെ ചില ഭാഗങ്ങളിൽ ചെറിയൊരു അപ്പാർട്ട്മെന്റിന് പോലും ഏകദേശം 10 കോടി രൂപ വരെ വില വരുമ്പോൾ, പോളണ്ടിൽ 15 - 17 കോടി രൂപ വരെ മുടക്കിയാൽ എത്രയോ വലിയൊരു വീട് സ്വന്തമായി നിർമ്മിക്കാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
‘മുംബൈയിൽ ചെറിയ ഫ്ലാറ്റുകൾക്ക് പോലും 10 കോടി രൂപ വരെ വില വരുന്നതായി ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, 15 - 17 കോടി രൂപ മുടക്കിയാൽ പോളണ്ടിൽ എത്തരത്തിലുള്ള വീട് നിർമ്മിക്കാമെന്നാണ് ഞാൻ ഇന്ന് കാണിച്ചുതരുന്നത്. ഇത് നിങ്ങൾക്ക് വാങ്ങാൻ കഴിയില്ല, മറിച്ച് പണികഴിപ്പിക്കാം‘ - വിഡിയോയിൽ ലഖ്വാൻ പറയുന്നു.
മനോഹരമായ മരപ്പണികളും വിശാലമായ മുറികളും വലിയ പൂന്തോട്ടവുമുള്ളതാണ് ഈ വീട്. വീടിന്റെ അകത്തളങ്ങളിൽ നൂറിലധികം വർഷം പഴക്കമുള്ള തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വീട് പണികഴിപ്പിക്കാൻ 20 വർഷം എടുത്തതായും അദ്ദേഹം വ്യക്തമാക്കുന്നു.
വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. പോളണ്ടിലെ വീടിന്റെ ഭംഗിയെ പ്രശംസിച്ചും മുംബൈയിലെ ഉയർന്ന റിയൽ എസ്റ്റേറ്റ് വിലയെക്കുറിച്ച് അത്ഭുതം പ്രകടിപ്പിച്ചുമാണ് ആളുകൾ പ്രതികരിക്കുന്നത്. ‘പോളണ്ടിലെ ഈ വീട് കാണാൻ നല്ല ഭംഗിയുണ്ട്‘, ‘മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി മറ്റൊരു തലത്തിലാണ് പ്രവർത്തിക്കുന്നത്‘ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഭാവിയിൽ ഇതുപോലൊരു വീട് സ്വന്തമാക്കുകയാണ് തന്റെ സ്വപ്നമെന്ന് കുറിച്ചുകൊണ്ടാണ് ലഖ്വാൻ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.