
നാം എത്രയൊക്കെ വളർന്നാലും അച്ഛനുമമ്മയ്ക്കും നമ്മൾ കുഞ്ഞുങ്ങൾ തന്നെയായിയിരിക്കും. ആ കരുതലും സ്നേഹവും കാണിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും നിർണായകമായ ഇന്റർവ്യൂവിന് കയറുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് മകന് സ്നേഹവും ധൈര്യവും പകരുന്ന ഒരു പിതാവിന്റെയാണ് ഈ ഹൃദയസ്‌പർശിയായ വീഡിയോ. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാനമായ പ്രയാഗ്‌രാജിലെ 'സരസ്വതി ഭവനിൽ' നിന്നാണ് ഈ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
ഇന്റർവ്യൂവിന് തൊട്ടുമുമ്പ് മകന്റെ കോട്ട് ശരിയാക്കിക്കൊടുക്കുന്ന അച്ഛനെ വീഡിയോയുടെ തുടക്കത്തിൽ കാണാം. തുടർന്ന് തന്റെ പോക്കറ്റിൽ നിന്ന് ചീർപ്പെടുത്ത് മകന്റെ മുടി ഒതുക്കിക്കൊടുക്കുകയും, നല്ലൊരു കാര്യത്തിന് തുടക്കമിടുമ്പോൾ നൽകുന്നതുപോലെ മധുരപലഹാരം മകന് നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതും കാണാം. തുടർന്ന് പിതാവിന്റെ കാലിൽ തൊട്ട് മകൻ അനുഗ്രഹം വാങ്ങുന്നു. ശേഷമാണ് യുവാവ് ഇന്റർവ്യൂ ഹാളിൽ പ്രവേശിക്കുന്നത്.
വർഷങ്ങളുടെ കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടെയും സ്വപ്നങ്ങളുടെയും ആകെത്തുകയാണ് ഈ കൊച്ചു വീഡിയോയെന്ന് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മത്സരപ്പരീക്ഷകൾ വെറുമൊരു വ്യക്തിയുടെ മാത്രം വിജയമോ പരാജയമോ അല്ല. അതിനുപിന്നിൽ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാർത്ഥനകളും കാത്തിരിപ്പുമുണ്ടാകും എന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ. ഈ അച്ഛന്റെയും മകന്റെയും സ്നേഹത്തിന് ആശംസയറിയിച്ച് നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.
812 ഒഴിവുകളിലേക്ക് നടക്കുന്ന യു.പി.പി.എസ്.സി 2025 ഇന്റർവ്യൂകളാണ് ഇപ്പോൾ പ്രയാഗ്‌രാജിൽ പുരോഗമിക്കുന്നത്. പ്രധാന പരീക്ഷ വിജയിച്ച 2,297 ഉദ്യോഗാർത്ഥികളാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 28 -ന് ആരംഭിച്ച അഭിമുഖങ്ങൾ ഒക്ടോബർ 24 വരെ രണ്ട് ഷിഫ്റ്റുകളിലായി തുടരും.