
നമ്മളനുഭവിച്ച ബുദ്ധിമുട്ടുകളൊന്നും നമ്മുടെ മക്കൾ അനുഭവിക്കരുത്. അവർക്ക് നല്ല ജോലിയും ജീവിതവും ഉണ്ടാവണം ഇങ്ങനെയൊക്കെയായിരിക്കും ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുക. അതിനാൽ തന്നെ മക്കൾക്ക് നല്ല ജോലി കിട്ടുന്ന അവസരം അവർക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയം കവരുന്നത്. മകന് ആമസോണിൽ സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് എഞ്ചിനീയറായി ജോലി ലഭിച്ചപ്പോഴുള്ള അച്ഛന്റെ പ്രതികരണമാണ് വീഡിയോയിൽ കാണുന്നത്. ശൈലേന്ദ്ര യാദവ് എന്ന യുവാവാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
മകന് ലഭിച്ച ജോലി ഓഫർ ലെറ്ററിലെ ഓരോ വരിയും തപ്പിത്തടഞ്ഞ് ഉറക്കെ വായിക്കാൻ ശ്രമിക്കുന്ന അച്ഛനെ വീഡിയോയിൽ കാണാം. 'ആളുകൾ ഈ നിമിഷം മാത്രമാണ് കാണുന്നത്. എന്നാൽ ഇതിന് പിന്നിലെ വർഷങ്ങളുടെ കഷ്ടപ്പാട് അവർ കാണുന്നില്ല. കുറുക്കുവഴികളോ പ്രിവിലേജോ ഒന്നുമില്ല, അദ്ദേഹത്തിന്റെ ത്യാഗങ്ങളാണ് എന്റെ വിജയം' എന്നും ശൈലേന്ദ്ര യാദവ് പറയുന്നു. അച്ഛന് നല്ല വിദ്യാഭ്യാസം ലഭിച്ചിട്ടില്ല, പക്ഷേ, തനിക്ക് നല്ല വിദ്യാഭ്യാസം തരാൻ അച്ഛന് സാധിച്ചെന്നും യുവാവ് പറയുന്നുണ്ട്.
'ഒരു കർഷക കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അവിടെ വിദ്യാഭ്യാസം ലഭിക്കുക എന്നത് പ്രയാസമായിരുന്നു. എന്റെ കുടുംബത്തിലെ ആദ്യത്തെ എഞ്ചിനീയറും ഞാനാണ്. അച്ഛൻ പലതരത്തിലുള്ള ജോലികൾ ചെയ്താണ് എന്റെ പഠനം നടത്തിയത്. എനിക്ക് ഏറ്റവും നല്ല അവസരങ്ങൾ തന്നെ ലഭിക്കുന്നുണ്ടെന്ന് അച്ഛൻ ഉറപ്പുവരുത്തി. ഞാൻ കഠിനമായി പരിശ്രമിച്ച് പഠിച്ചു, ഒടുവിൽ ആമസോണിൽ SDE-2 ആയി എനിക്ക് ജോലി ലഭിച്ചു.'
'ഈ കാര്യം നേരത്തെ അറിയിക്കാതെ ഞാൻ അച്ഛനെ നേരിട്ട് കണ്ട് സർപ്രൈസ് നൽകുകയായിരുന്നു. വാലന്റൈൻസ് ദിനത്തിൽ അച്ഛനെ കാണാനായി ഞാൻ ബാംഗ്ലൂരിൽ നിന്ന് ഡെൽഹിയിലെത്തി. വീഡിയോയിലെ പ്രതികരണം തികച്ചും സ്വാഭാവികമാണ്. അച്ഛനെ സംബന്ധിച്ചിടത്തോളം അത് അഭിമാനനിമിഷമായിരുന്നു, എന്നെ സംബന്ധിച്ച് അദ്ദേഹം എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾക്ക് പകരമായി നൽകാൻ കഴിഞ്ഞ ചെറിയ സമ്മാനവും. അദ്ദേഹത്തിന് കൂടുതൽ അഭിമാനം നൽകാൻ ഓരോ ദിവസവും കഠിനമായി പരിശ്രമിക്കുന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. യുവാവിന് ശരിക്കും അഭിമാനിക്കാം എന്ന് പലരും അഭിപ്രായപ്പെട്ടു. അതുപോലെ, മാതാപിതാക്കളുടെ ത്യാഗത്തെ കുറിച്ചും കഠിനാധ്വാനത്തെ കുറിച്ചും പലരും അഭിപ്രായം പങ്കുവച്ചു.