
കടലിന്‍റെ വിശാലതയിൽ രണ്ട് കപ്പലുകൾ വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ട് കപ്പലുകൾ. അപ്രതീക്ഷിതമായി അടുത്തുവരുന്ന കപ്പൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിലൊരാൾക്ക് തോന്നിയത് അത് മറ്റൊരു സാധാരണ കപ്പലായിരിക്കുമെന്നാണ്. എന്നാൽ, കപ്പലിന്‍റെ വിവരങ്ങളും യാത്രാമാർഗവും പരിശോധിച്ചതോടെ ആ നാവികൻ ഒരു സത്യം തിരിച്ചറിഞ്ഞു. മറുവശത്തുനിന്ന് വരുന്നത് സ്വന്തം അച്ഛൻ സഞ്ചരിക്കുന്ന കപ്പലാണെന്ന്!
റുഷീൽ സരൺ എന്ന നാവികനാണ് ഈ അപൂർവ അച്ഛൻ - മകൻ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. റുഷീൽ വടക്കോട്ട് സഞ്ചരിക്കുമ്പോഴായിരുന്നു തെക്കോട്ട് നീങ്ങുന്ന വലിയ കപ്പൽ ശ്രദ്ധയിൽപ്പെട്ടത്. ചാർട്ടുകളും കപ്പലിന്‍റെ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് അച്ഛൻ അതിലുണ്ടെന്ന് റുഷീലിന് മനസ്സിലായത്. തുടർന്ന് കടലിന്‍റെ നടുവിൽ ഇരുവരും പരസ്പരം കണ്ടുമുട്ടുകയായിരുന്നു. “ജീവിതത്തിലെ ഏറ്റവും ഓർമിക്കപ്പെടുന്ന അച്ഛൻ - മകൻ നിമിഷങ്ങളിലൊന്ന് നടുക്കടലിലായിരുന്നു. ” റുഷീൽ വീഡിയോയിൽ പറയുന്നു. രണ്ട് തലമുറകളിലെ നാവികർ, രണ്ട് കപ്പലുകൾ, രണ്ട് വ്യത്യസ്ത യാത്രകൾ. എന്നാൽ ഒരേ സമുദ്രം അവരെ അപ്രതീക്ഷിതമായി ഒരിടത്ത് എത്തിച്ചു. ഒരു അപൂർവ്വ കൂടിക്കാഴ്ച!
'വ്യത്യസ്ത ദിശകളിൽ ഒരേ സമുദ്രത്തിൽ....'
അച്ഛൻ പറഞ്ഞ ഒരു വാക്കും റുഷീലിനെ ഏറെ സ്പർശിച്ചു. "അച്ഛൻ പറഞ്ഞ ഒരു കാര്യം എന്‍റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി. 'ഈ വിശാലമായ ശൂന്യതയിൽ എവിടെയോ വെച്ച്, വ്യത്യസ്ത ദിശകളിലേക്ക് യാത്ര ചെയ്യുന്ന ഒരു അച്ഛനും മകനും പരസ്പരം കണ്ടെത്തി; ഒരേ സമുദ്രത്താൽ അവർ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്തു'," അദ്ദേഹം പറയുന്നു. വഴി കാണിച്ചുതന്ന വ്യക്തിയോടൊപ്പമുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ലെന്ന ചിന്തയാകാം അച്ഛൻ പങ്കുവയ്ക്കാൻ ശ്രമിച്ചതെന്നും റുഷീൽ പങ്കുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് ഈ നിമിഷത്തെ ഹൃദയസ്പർശിയായതെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന അനുഭവമാണെന്നും പ്രതികരിച്ചത്. ചില നാവികരും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു.