
അടുത്തിടെയാണ് ആരാധകരെ ആവേശത്തിലാക്കി കൊണ്ട് അഹമ്മദാബാദിൽ കോൾഡ് പ്ലേ ലൈവ് സംഗീത പരിപാടി നടന്നത്. എന്നാൽ, ഇവിടെ നിന്നുള്ള വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. രണ്ടുപേർ തമ്മിൽ പൊരിഞ്ഞ വഴക്ക് നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അത് മാത്രമല്ല, ഇവർ പരസ്പരം അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നാണ്. എവിടെ പോയാലും നമ്മൾ തല്ലുണ്ടാക്കും എന്ന് പറയുന്നത് പോലെ ഇത്രയും വലിയൊരു ബാൻഡിന്റെ കൺസേർട്ടിൽ വെച്ച് നടന്ന തല്ല് ആളുകളെ ശരിക്കും അമ്പരപ്പിച്ചു.
വീഡിയോയിൽ കാണുന്നത് രണ്ടുപേർ തമ്മിൽ പൊരിഞ്ഞ തല്ല് നടക്കുന്നതാണ്. പരസ്പരം തല്ലുന്നതും, പിടിച്ച് വലിക്കുന്നതും തള്ളുന്നതും ഒക്കെ വീഡിയോയിൽ കാണാം. ചുറ്റുമുള്ള ആളുകൾ ഇരുവരെയും പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട്. എന്നാൽ രണ്ടുപേരും അതിനു തയ്യാറല്ല എന്നതാണ് ഏറെ രസകരം. തല്ലുന്നതിനു മുമ്പ് ഒരാൾ മറ്റൊരാളെ കടിക്കുന്നതും കാണാം.
ക്രിസ് മാർട്ടിനും സംഘവും കോൾഡ് പ്ലേയുടെ ഏറ്റവും വൈകാരികമായ ഗാനം അവതരിപ്പിക്കുന്നതിനിടയിൽ ആണ് ഈ പൊരിഞ്ഞ തല്ല് നടക്കുന്നത്. ചുറ്റുമുള്ള ആളുകളുടെ ബഹളവും കേൾക്കാം.
വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറിയത്. ഒരുപാട് പേരാണ് ഇതിനു കമന്റുകൾ നൽകിയത്. ഇത് ഇന്ത്യയിലായതു കൊണ്ടാണ് എന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. ഇത്രയും വലിയ ബാൻഡിന്റെ പ്രോഗ്രാം ഇങ്ങനെ കുളമാക്കാമോ എന്ന് ചോദിച്ചവരും ഉണ്ട്.
ക്രിസ് മാർട്ടിൻ്റെ നേതൃത്വത്തിലുള്ള കോൾഡ് പ്ലേ ബ്രാൻഡ് ഈ മാസം മുംബൈയിലും കൺസേർട്ട് നടത്തിയിരുന്നു.