
ദിവസവും എത്രയെത്ര വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്തുന്നത് അല്ലേ? അതിൽ തന്നെ പലതും വളരെ നെഗറ്റീവായ ദൃശ്യങ്ങളാവും. എന്നാൽ, അതിനിടയിലും നമ്മുടെ മനസിനെ തണുപ്പിക്കുന്ന, ഈ ലോകത്തിലുള്ള നമ്മുടെ പ്രതീക്ഷയെ ചേർത്തു പിടിക്കാനാവുന്ന തരത്തിലുള്ള ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.
നേച്ചർ ഈസ് അമേസിങ് എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പ്രകൃതിയിൽ നിന്നുള്ള കാഴ്ചകളും വിവിധ ജീവികളും ഒക്കെയുള്ള അനേകം വീഡിയോകൾ ഈ അക്കൗണ്ടിൽ നിന്നും പങ്കുവയ്ക്കാറുണ്ട്.
ഇന്ന്, ലോകത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീ ഉണ്ടാവാറുണ്ട്. ഏക്കർ കണക്കിന് സസ്യജാലങ്ങൾ മാത്രമല്ല ഒരുപാട് ജീവികളും ഈ കാട്ടു തീയ്ക്ക് ഇരയായി മാറാറുണ്ട്. പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുന്നതും, ഓടി രക്ഷപ്പെടാനാവാതെ തീയിൽ വെന്ത് മരിക്കുകയും ചെയ്യുന്ന അനേകം ജീവികളുടെ ഹൃദയം തകർക്കുന്ന വീഡിയോ നമ്മൾ തന്നെ എത്രയോ സോഷ്യൽ മീഡിയയിൽ കണ്ട് കാണും.
അങ്ങനെ കാട്ടുതീയിൽ നിന്നും രക്ഷപ്പെട്ടോടിയെത്തിയ ഒരു മാനിന് വെള്ളം കൊടുക്കുന്ന അഗ്നിശമന സേനാംഗമാണ് വീഡിയോയിൽ. ഒരാൾ മാനിനെ പിടിച്ചിരിക്കുന്നതും മറ്റൊരാൾ അതിന്റെ വായിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നതും മാൻ അത് ആർത്തിയോടെ കുടിക്കുന്നതും വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഈ ലോകത്ത് മനുഷ്യത്വം മരിച്ചില്ല എന്ന് കമന്റ് നൽകിയവർ ഒരുപാടുണ്ട്. അതുപോലെ, വളരെ നല്ല പ്രവൃത്തിയാണ് ആ യുവാക്കൾ ചെയ്തത് എന്ന് കമന്റ് നൽകിയവരും ഏറെയാണ്.