ജോലി ഉപേക്ഷിച്ച് ഇന്ത്യ ചുറ്റാനെത്തി, വന്ദേ ഭാരതിനെ പുകഴ്ത്തി ലിത്വാനിയൻ യുവതികൾ

Published : Oct 24, 2026, 01:20 PM IST
viral video

Synopsis

തുടക്കത്തിലെ ഈ ബഹളങ്ങൾക്കപ്പുറം 10 മണിക്കൂർ നീണ്ട വന്ദേ ഭാരത് എക്സ്പ്രസ് യാത്ര വളരെ മികച്ചതായിരുന്നുവെന്ന് അവർ പറയുന്നു.

ഇന്ത്യയിലൂടെ യാത്ര ചെയ്യുന്ന രണ്ട് ലിത്വാനിയൻ വിനോദസഞ്ചാരികൾ തങ്ങളുടെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് യാത്രയെക്കുറിച്ച് പങ്കുവെച്ച അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചില അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും, നൽകിയ പണത്തിനുള്ളൊരു മികച്ച അനുഭവമായിരുന്നു യാത്രയെന്നാണ് കരിഷ എന്ന യുവതി വ്യക്തമാക്കുന്നത്. ക്രിസ്റ്റീന എന്ന സുഹൃത്തിനൊപ്പം രണ്ടാം തവണയാണ് കരിഷ ഇന്ത്യ സന്ദർശിക്കുന്നത്. നിലവിൽ കശ്മീർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഇരുവരും തങ്ങളുടെ യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കുന്നുണ്ട്.

വന്ദേ ഭാരത് എക്സ്പ്രസിലെ ആദ്യ യാത്രയുടെ വീഡിയോകൾ കരിഷ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ഇന്ത്യൻ ട്രെയിൻ യാത്രകളെക്കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ ഇതിന് താഴെ പങ്കുവെക്കുന്നത്.

ആദ്യ വീഡിയോയിൽ, റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ അൽപ്പം ആശയക്കുഴപ്പത്തിലായ കരിഷയെ കാണാൻ സാധിക്കും. ട്രെയിനിൽ കയറാനുള്ള തിക്കും തിരക്കും ലഗേജ് വെക്കാൻ സ്ഥലമില്ലാത്തതും കണ്ട അവർ ഇതിനെ 'ദി ഹംഗർ ഗെയിംസ്' എന്ന സിനിമയോടാണ് ഉപമിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

'ലഗേജ് വെക്കാൻ സ്ഥലം കണ്ടെത്താൻ ആളുകൾ നടത്തുന്ന പാടു കണ്ടാൽ ഹംഗർ ഗെയിംസ് പോലെ തോന്നും. ഞങ്ങളും ഏറെ ബുദ്ധിമുട്ടി' വീഡിയോയുടെ അടിക്കുറിപ്പിൽ അവർ എഴുതി. എന്നിരുന്നാലും, തുടക്കത്തിലെ ഈ ബഹളങ്ങൾക്കപ്പുറം 10 മണിക്കൂർ നീണ്ട വന്ദേ ഭാരത് എക്സ്പ്രസ് യാത്ര വളരെ മികച്ചതായിരുന്നുവെന്ന് അവർ പറയുന്നു.

മറ്റൊരു വീഡിയോയിൽ എസി, നോൺ-എസി ട്രെയിൻ യാത്രകൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചാണ് കരിഷ സംസാരിക്കുന്നത്. 'ഒരു നോൺ-എസി ട്രെയിൻ ടിക്കറ്റിന് എസി കോച്ചിനേക്കാൾ മൂന്ന് യൂറോ മാത്രമായിരിക്കും കുറവ്. എനിക്ക് തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ ഒരിക്കലും നോൺ-എസി ട്രെയിനിൽ യാത്ര ചെയ്യില്ല. വന്ദേ ഭാരത് വളരെ സുരക്ഷിതമായി തോന്നി' അവർ പറഞ്ഞു.

മൂന്നാമത്തെ വീഡിയോയിൽ ട്രെയിനിന്റെ ബാത്റൂമിലെ കാഴ്ചകളാണ് കരിഷ പങ്കുവെച്ചത്. ബാത്റൂം വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും ചെറിയൊരു ദുർഗന്ധമുണ്ടായിരുന്നു എന്ന് അവർ ചൂണ്ടിക്കാണിച്ചു. കൂടാതെ, അവിടുത്തെ ടോയ്ലറ്റിന്റെ രൂപകൽപ്പന കരിഷയെ അത്ഭുതപ്പെടുത്തി. കണ്ണാടിക്ക് താഴെയുള്ള വാഷ് ബേസിന് ടോയ്ലറ്റ് സീറ്റിനേക്കാൾ വലിപ്പമുണ്ടെന്ന് അവർ തമാശയായി പറഞ്ഞു.

ക്രിസ്റ്റീനയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ അനുസരിച്ച്, ഈ രണ്ട് സുഹൃത്തുക്കളും ഒക്ടോബർ 16 -നാണ് ഇന്ത്യയിലെത്തിയത്. ന്യൂഡൽഹിയിൽ ഓട്ടോറിക്ഷയിലും മെട്രോയിലും യാത്ര ചെയ്തു. തുടർന്ന് ആഗ്ര സന്ദർശിച്ച ശേഷം ജമ്മു കശ്മീരിലേക്ക് യാത്ര തിരിച്ചു.

ഒരു മാസം ഇന്ത്യയിലുടനീളം സഞ്ചരിക്കാനാണ് ഇരുവരുടെയും പദ്ധതി. ന്യൂഡൽഹി, ആഗ്ര, ജയ്പൂർ, കശ്മീർ എന്നിവയ്‌ക്കൊപ്പം കേരളവും സന്ദർശിച്ചേക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ കാണുന്നതിനായി ഇരുവരും തങ്ങളുടെ ജോലി ഉപേക്ഷിച്ചാണ് ഈ ദീർഘയാത്രയ്‌ക്കെത്തിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

അക്രമിയെ നിലംപരിശാക്കും, കാറപകടത്തിൽ സഹായിയാകും; പുതിയ റോബോട്ടുമായി ചൈനീസ് റോബോട്ടിക്സ് കമ്പനി
കടലിലെ കൂറ്റന്‍ മഞ്ഞുമല നടന്നു കയറി, പിറകോട്ട് മറിഞ്ഞ് താഴെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഒരൊറ്റ ചാട്ടം; ചരിത്രം കുറിച്ച് മോളി കാൾസൺ