തുമ്മൽ വെറുമൊരു തുമ്മലല്ല; തുമ്മൽ ശബ്ദത്തിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അറിയാം, തുമ്മൽ നാട്ടുവിശേഷം!

Published : Feb 27, 2026, 12:53 PM ISTUpdated : Feb 27, 2026, 01:30 PM IST
Sneezing

Synopsis

ഓരോ രാജ്യത്തും ആളുകൾ തുമ്മുമ്പോൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ വ്യത്യസ്തമാണെന്ന് വൈറൽ വീഡിയോ. തുമ്മൽ ഒരു സ്വാഭാവിക പ്രക്രിയയാണെങ്കിലും, അതോടൊപ്പം നാം ചേർക്കുന്ന 'അച്ചൂ' പോലുള്ള ശബ്ദങ്ങൾ നാം വളരുന്ന സമൂഹത്തിൽ നിന്ന് പഠിച്ചെടുക്കുന്നതാണെന്നും ഗവേഷകർ പറയുന്നു.

 

തുമ്മൽ എന്നത് നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒരു ശാരീരിക പ്രതികരണമാണെന്ന് നമുക്കെല്ലാം അറിയാം. പെട്ടെന്ന് ഒരു തുമ്മൽ വരുമ്പോൾ "എക്സ്ക്യൂസ് മി" എന്ന് പറഞ്ഞ് നാം അത് ഒതുക്കാൻ നമ്മളിൽ പലരും ശ്രമിക്കാറുമുണ്ട്. എന്നാൽ, നിങ്ങൾ തുമ്മുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം നിങ്ങൾ ഏത് നാട്ടുകാരനാണെന്ന് വെളിപ്പെടുത്തുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പുതിയ വീഡിയോ ഇതിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പങ്കുവെക്കുന്നത്.

ഒരു നാടിനൊരു തുമ്മൽ

ഓരോ രാജ്യത്തും തുമ്മൽ ശബ്ദങ്ങൾ വ്യത്യസ്തമാണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ പൊതുവെ "അച്ചൂ" (Achoo) എന്ന ശബ്ദമാണ് കേൾക്കാറുള്ളതെന്നാണ് വീഡിയോയിൽ പറയുന്നത്. ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ ശബ്ദമാണിത്. ജർമ്മനിക്കാർ തുമ്മുമ്പോൾ "ഹാച്ചി" (Hatchi) എന്നാണ് ശബ്ദമുണ്ടാക്കുന്നത്. ഫ്രഞ്ചുകാർ തുമ്മലിന്‍റെ അവസാനം ഒരു 'M' കൂടി ചേർത്ത് "അച്ചൂം" (Atchoum) എന്ന് ഉച്ചരിക്കുന്നു. പോളണ്ടിൽ തുമ്മൽ ശബ്ദം അല്പം കൂടി കടുപ്പമേറിയ "അപ്സിക്" (Apsik) എന്നാണ്. ജപ്പാനിലുള്ളവർ "ഹക്കുഷോൺ" (Hakushon) എന്ന ശബ്ദത്തിലാണ് തുമ്മാറുള്ളതെന്നും വീഡിയോ അവകാശപ്പെടുന്നു.ട

 

 

എല്ലാമൊരു സാമൂഹ്യ പാഠം

തുമ്മൽ ഒരു സ്വാഭാവിക പ്രക്രിയയാണെങ്കിലും അതിനോടൊപ്പം നാം ചേർക്കുന്ന ശബ്ദം നാം വളരുന്ന സാഹചര്യത്തിൽ നിന്നും സമൂഹത്തിൽ നിന്നും പഠിച്ചെടുക്കുന്നതാണെന്ന് ഗവേഷകർ പറയുന്നു. ഇതിനെ ശരിവെക്കുന്ന ചില നിരീക്ഷണങ്ങളും ​ഗവേഷകർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ജന്മനാ കേൾവി ശക്തിയില്ലാത്തവർ തുമ്മുമ്പോൾ സാധാരണയായി ഇത്തരം ശബ്ദങ്ങൾ പുറപ്പെടുവിക്കാറില്ല. ചുറ്റുമുള്ളവർ ഉണ്ടാക്കുന്ന ശബ്ദം കേട്ടു ശീലിക്കാത്തതിനാലാണിത്. തുമ്മൽ പോലുള്ള പെട്ടെന്നുണ്ടാകുന്ന ശാരീരിക പ്രവർത്തികൾക്കിടയിൽ "അച്ചൂ" പോലുള്ള വാക്കുകൾ ഉപയോഗിക്കുന്നത്, ആ പ്രവർത്തിയിൽ നമുക്ക് അല്പമെങ്കിലും നിയന്ത്രണമുണ്ടെന്ന ഒരു തോന്നൽ നൽകാൻ സഹായിക്കുന്നു.

രസകരമായ പ്രതികരണങ്ങൾ

രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരുള്ള ഈ വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളാൽ നിറയുകയാണ്. "അച്ഛന്മാരുടെ തുമ്മൽ ശബ്ദത്തിന് എന്താണ് പരിഭാഷയില്ലാത്തത്?" എന്ന് ഒരാൾ തമാശയായി ചോദിക്കുമ്പോൾ, "ഇന്ത്യക്കാർ തുമ്മുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും" എന്നായിരുന്നു മറ്റൊരു കമന്‍റ്. ഇന്ത്യക്കാർക്ക് അച്ചൂം അല്ലെന്നും ഹാച്ചിയാണെന്നും ചിലർ എഴുതി. ചുരുക്കത്തിൽ, അടുത്ത തവണ നിങ്ങൾ തുമ്മുമ്പോൾ ആ ശബ്ദം ഒന്ന് ശ്രദ്ധിച്ചു നോക്കൂ. അത് കേവലം ഒരു ശാരീരിക പ്രതികരണമല്ലെന്ന് അറിയാം. ഇനി തുമ്മുമ്പോൾ നിങ്ങളുടെ സംസ്‌കാരത്തിന്‍റെ കൂടി അടയാളമാണെന്ന് തിരിച്ചറിഞ്ഞ് തുമ്മാം.

PREV
Read more Articles on
click me!

Recommended Stories

'ഇതുവരെ കണ്ടിട്ടില്ല'; പാകിസ്ഥാനിൽ ബസ് യാത്രക്കാരുടെ വീഡിയോ പകർത്തിയ ജീവനക്കാനെ വിമർശിച്ച്, യുഎസ് സഞ്ചാരി; പക്ഷേ...
ഗർഭിണിയായ ഭാര്യയെ അമ്പരപ്പിക്കാൻ. ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി ഭർത്താവ് ; സംഭവം മംഗളൂരുവിൽ, വീഡിയോ