
യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ദീപാംജലി ശർമ്മ, ഇന്ത്യയിൽ രാത്രി സമയങ്ങളിൽ പോലും മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ചികിത്സയും മരുന്നുകളും ലഭിക്കുന്നത് ദീർഘവും സങ്കീർണ്ണവുമായ പ്രക്രിയയാണെന്ന് തന്‍റെ അനുഭവങ്ങൾ മുൻനിർത്തി ഡോ. ദീപാംജലി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കിയത്.
പെട്ടെന്ന് രോഗബാധിതനായ ഭർത്താവിനായി രാത്രി 10 മണിക്ക് മരുന്നുകളും ഇൻജക്ഷനുകളും വാങ്ങാൻ പുറത്തുപോയപ്പോഴാണ് ദീപാംജലി ഈ വീഡിയോ ചിത്രീകരിച്ചത്. ഡോക്ടർ കൂടിയായ ഭർത്താവിന് തലവേദനയെത്തുടർന്ന് നിർത്താതെ ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. "ഇപ്പോൾ രാത്രി 10 മണിയായി, ഡോക്ടറായ എന്‍റെ ഭർത്താവിന് പെട്ടെന്ന് സുഖമില്ലാതായി. വൈകുന്നേരം മുതൽ ചെറിയ തലവേദന ഉണ്ടായിരുന്നു, പിന്നീട് തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങി. അതുകൊണ്ട് അദ്ദേഹത്തിന് ആവശ്യമായ മരുന്നുകളും ഐവി ഇൻജക്ഷനുകളും വാങ്ങാൻ ഞാൻ പുറത്തേക്ക് പോകുകയാണ്. ഇത്തരം നിമിഷങ്ങളിലാണ് ഇന്ത്യയിൽ ജീവിക്കുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ഞാൻ തിരിച്ചറിയുന്നത്," ദീപാംജലി വീഡിയോയിൽ പറഞ്ഞു.
താൻ ഇപ്പോൾ യുകെയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ ആയിരുന്നെങ്കിൽ, ഒരു ഡോക്ടറായിരുന്നാൽ പോലും മരുന്നിനായി നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ടി വരുമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. പുറത്ത് തിരക്കേറിയ എമർജൻസി ഡിപ്പാർട്ട്‌മെന്‍റുകളിൽ ഉടനടി ചികിത്സ ലഭിക്കാൻ പ്രയാസമാണ്. കൂടാതെ ഒരു ഡോക്ടറും സർട്ടിഫൈഡ് ക്ലിനിക്കൽ പ്രാക്ടീഷണറുമായിരുന്നിട്ടും അവിടെ പെട്ടെന്നൊന്നും മരുന്നുകൾ വാങ്ങാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിദേശ ജീവിതം സുഖകരമാണെന്ന് കരുതുന്നവർക്ക് അവിടെയും നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും, ഇന്ത്യയിൽ നിസ്സാരമായി കാണുന്ന പല സൗകര്യങ്ങളും വിദേശത്ത് വലിയ പ്രയാസങ്ങളായി മാറുമെന്നും അവർ ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെ പോരായ്മകളെ വിമർശിക്കാൻ എളുപ്പമാണെങ്കിലും, കാര്യങ്ങൾ കൃത്യമായി നടക്കുമ്പോൾ അത് എടുത്തുപറയേണ്ടതുണ്ടെന്നും ഡോ. ദീപാംജലി വ്യക്തമാക്കി. ഇന്ത്യയിൽ ഇനിയും മെച്ചപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കിലും ലോകത്ത് ഒരു രാജ്യവും 100% പൂർണ്ണമായ അനുഭവം നൽകുന്നില്ലെന്നും, ഒരു ഇന്ത്യക്കാരി എന്ന നിലയിൽ താൻ അനുഭവിക്കുന്ന സൗകര്യങ്ങൾ പങ്കുവെക്കുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്നും അവർ കുറിപ്പിൽ കൂട്ടിച്ചേർത്തു.