‘കള്ളൻ’ മനുഷ്യനല്ല, തെരുവ് നായ! ആശുപത്രിയിൽ നിന്ന് 4 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങി; സിസിടിവിയിൽ കുടുങ്ങി, വീഡിയോ

Published : Aug 29, 2026, 11:25 AM IST
stray dog ​​escaping from hospital with jewellery worth Rs 4 lakh

Synopsis

മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ നിന്ന് 4 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ ബാഗ് ഒരു തെരുവുനായ കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ, നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം സുരക്ഷിതമായി തിരികെ ലഭിച്ചു.

ധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളടങ്ങിയ ബാഗുമായി ഒരു തെരുവുനായ ആശുപത്രിയിൽ നിന്ന് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണമായത്. ആശുപത്രിയിൽ നിന്നും തെരുവ് നായ കൊണ്ട് പോയ ആഭരണങ്ങളെല്ലാം തിരിച്ച് കിട്ടിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

വീട്ടിലാരുമില്ലാത്തതിനാൽ...

മന്ദ്സൗറിലെ കായംപൂർ സ്വദേശിനിയായ ലതാബായി, മകന്‍റെ കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു. ആരുമില്ലാത്ത വീട്ടിൽ ആഭരണങ്ങൾ സൂക്ഷിക്കുന്നതിൽ ആശങ്കയുള്ളതിനാൽ അവർ തന്‍റെ മംഗല്യസൂത്രമടക്കമുള്ള വീട്ടിലെ സ്വർണം, വെള്ളി ആഭരണങ്ങളും ഏകദേശം 2,000 രൂപയും ബാഗിലിട്ട് ആ ബാഗുമായാണ് ആശുപത്രിയിലെത്തിയത്. എന്നാൽ, ഓഗസ്റ്റ് 24 -ന് പുലർച്ചെ 1 -നും 6 -നും ഇടയിൽ തന്‍റെ ബാഗ് ആശുപത്രിയിൽ വച്ച് മോഷണം പോയെന്ന് ലതാബായി സിറ്റി കോട്വാലി പൊലീസിൽ പരാതി നൽകി.

കള്ളനൊരു തെരുവുനായ

ആഭരണങ്ങളിൽ തന്‍റെ സ്വർണ മംഗല്യസൂത്രം, മോതിരങ്ങൾ, കമ്മലുകൾ, മൂക്കുത്തി, സ്വർണമണികൾ, വെള്ളി അരഞ്ഞാണം, പാദസരം, മറ്റ് ആഭരണങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇവയുടെ ആകെ മൂല്യം ഏകദേശം 4 ലക്ഷം രൂപയായിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് കള്ളൻ മനുഷ്യനല്ലെന്നും ഒരു തെരുവ് നായയാണെന്നും കണ്ടെത്തിയത്.

സിസിടിവി തെളിവ്

പുലർച്ചെ നാലുമണിയോടെ ഒരു തെരുവുനായ ആശുപത്രിയിലെ സർജിക്കൽ വാർഡിലെത്തി ബാഗ് കടിച്ചെടുത്ത് പുറത്തേക്ക് പോകുന്നത് സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. പിന്നാലെ പോലീസ് വിവിധ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പിന്തുടന്നു. നിരന്തരമായ ശ്രമത്തിൽ പോലീസിന് തെരുവ് നായയെ കണ്ടെത്താൻ കഴിഞ്ഞു. ഒടുവിൽ ആശുപത്രി പരിസരത്തെ തുറന്ന സ്ഥലത്ത് വച്ച് പോലീസ് ബാഗ് കണ്ടെത്തി. ആഭരണങ്ങളും പണവും മറ്റ് സാധനങ്ങളും നഷ്ടപ്പെടാതെ ബാഗിൽ സുരക്ഷിതമായി തന്നെ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അവശേഷിക്കുന്ന ചോദ്യങ്ങൾ

ബാഗിനുള്ളിൽ ബിസ്‌ക്കറ്റുകളും മറ്റ് ഭക്ഷണസാധനങ്ങളും ഉണ്ടായിരുന്നെന്നും ഇതിന്‍റെ മണമാകാം നായയെ ആകർഷിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിന്‍റെ CCTV ദൃശ്യങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ‘ഡോഗേഷ് ബായി’ ഉൾപ്പെടെയുള്ള തമാശകളുമായി നിരവധി പ്രതികരണങ്ങളും എത്തി. അതേസമയം, ഒരു തെരുവ് നായയ്ക്ക് എങ്ങനെയാണ് സർജിക്കൽ വാർഡിലെ ബാഗിൽ നിന്നുള്ള ഭക്ഷണത്തിന്‍റെ മണം ലഭിച്ചതെന്നും ആശുപത്രിയിലെ സർജിക്കൽ വാർഡ് വരെ ഒരു തെരുവ് നായ ഒരിക്കൽ പോലും തടയപ്പെടാതെ എങ്ങനെ എത്തിയെന്നും ചില നെറ്റിസെൺസ് ചോദിച്ചു. ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു.

PREV
Read more Articles on
click me!

Recommended Stories

‘സ്വർഗവാതിൽ തുറന്ന പോലെ’; ഇന്ത്യൻ ഭക്ഷണം രുചിച്ചശേഷം മറ്റുള്ളവയോട് ആവേശമില്ലെന്ന് വിദേശിയുടെ വാക്കുകൾ വൈറൽ
'ഞാൻ ഫ്ലൈറ്റിലുണ്ടെന്ന് അച്ഛന് അറിയില്ലായിരുന്നു'; പിറന്നാൾ ദിനത്തിൽ അച്ഛന് ഫ്ലൈറ്റിൽ സർപ്രൈസ് ഒരുക്കി മകൾ, വീഡിയോ