75 വർഷങ്ങൾക്ക് ശേഷം കൂട്ടുകാരുടെ കണ്ടുമുട്ടൽ, സാധ്യമാക്കിയത് വീട്ടുകാർ, കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ

Published : Oct 25, 2022, 11:34 AM IST
75 വർഷങ്ങൾക്ക് ശേഷം കൂട്ടുകാരുടെ കണ്ടുമുട്ടൽ, സാധ്യമാക്കിയത് വീട്ടുകാർ, കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ

Synopsis

വീഡിയോയിൽ പ്രായമായ രണ്ടു ദമ്പതികൾ ഒരു കെട്ടിടത്തിലേക്ക് കയറുന്നത് കാണാം. അവിടേക്ക് പ്രവേശിച്ച ഉടനെ വൃദ്ധൻ തന്റെ സുഹൃത്തിനെ കാണുകയാണ്. ഒട്ടും സമയം കളയാതെ അയാൾ തന്റെ സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നു.

സൗഹൃദത്തിന് മനുഷ്യരുടെ ജീവിതത്തിൽ വളരെ അധികം പ്രാധാന്യമുണ്ട്. ചില സുഹൃത്തുക്കൾ ജീവിതകാലം മുഴുവനും നമുക്കൊപ്പം ഉണ്ടാകും. എന്നാൽ, ചിലർക്ക് ചില സുഹൃത്തുക്കളെ എന്നേക്കുമായി നഷ്ടപ്പെട്ട് പോകാറുമുണ്ട്. ഇന്നത്തെ പോലെയല്ല, സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഒരുപാട് ആളുകൾക്കായിരിക്കും ചിലപ്പോൾ സുഹൃത്തുക്കളെ നഷ്ടപ്പെട്ട് പോയിരിക്കുക. എന്നാൽ, രണ്ട് സുഹൃത്തുക്കൾ അങ്ങനെ 75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ്. അവരെ അങ്ങനെ തമ്മിൽ കുട്ടിമുട്ടിച്ചത് അവരുടെ വീട്ടുകാരും. 

യുദ്ധകാലത്ത് ഒന്നിച്ച് ജോലി ചെയ്തിരുന്ന രണ്ട് മുൻസൈനികരുടെ ഈ കൂടിച്ചേരലിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വൈറലായി. അത് കണ്ട് പലരുടേയും മിഴികൾ നിറഞ്ഞു. എറിൻ ഷാ ആണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ 75 വർഷത്തിന് ശേഷം രണ്ട് സുഹൃത്തുക്കൾ കാണുന്നതും കെട്ടിപ്പിടിക്കുന്നതും കാണാം. മുൻപട്ടാളക്കാരായിരുന്ന ഇരുവരും അവസാനമായി കണ്ടത് രണ്ടാം ലോക മഹായുദ്ധ സമയത്തായിരുന്നു. 

വീഡിയോയിൽ പ്രായമായ രണ്ടു ദമ്പതികൾ ഒരു കെട്ടിടത്തിലേക്ക് കയറുന്നത് കാണാം. അവിടേക്ക് പ്രവേശിച്ച ഉടനെ വൃദ്ധൻ തന്റെ സുഹൃത്തിനെ കാണുകയാണ്. ഒട്ടും സമയം കളയാതെ അയാൾ തന്റെ സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നു. 75 വർഷത്തിന് ശേഷമാണ് ആ കൂടിച്ചേരലും കെട്ടിപ്പിടിത്തവും. കാണുന്ന ആരുടേയും കണ്ണ് നിറഞ്ഞു പോകുന്നതാണ് വീഡിയോ. 

ഇരുവരുടെയും കുടുംബം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇരുവരുടെയും കൂടിച്ചേരൽ സാധ്യമാക്കിയത്. 'എന്റെ 96 വയസുള്ള മുൻപട്ടാളക്കാരനായ മുത്തച്ഛൻ രണ്ടാം ലോകമഹായുദ്ധ കാലത്തെ തന്റെ സുഹൃത്തിനെ 75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നു. എന്റെ മുത്തച്ഛൻ ഓക്കിനാവയിലേക്ക് പോന്ന ശേഷം ഇരുവരും കണ്ടിട്ടില്ല. മറ്റേയാൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയുമായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ അടുത്തിടെ രണ്ടുപേരുടെയും കുടുംബം അവരെ ഒന്നിപ്പിച്ചു' എന്ന് വീഡ‍ിയോയിൽ എഴുതിയിട്ടുണ്ട്. 

ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകളിട്ടതും. 

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ