
ലോകം മുഴുവൻ ചുറ്റിക്കറങ്ങിയിട്ടും മറ്റൊരു രാജ്യവും തന്നിൽ ചെലുത്താത്ത സ്വാധീനമാണ് ഇന്ത്യ ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്തി പ്രമുഖ ജർമ്മൻ എഴുത്തുകാരി മരിയ വിർത്ത് രംഗത്ത്. ജർമ്മനിയിൽ 30 വർഷം താമസിക്കുകയും ലോകമെമ്പാടുമുള്ള 40 -ഓളം രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്ത ശേഷമാണ് ഇന്ത്യ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നാടായി മാറിയതിന്‍റെ കാരണം അവർ വ്യക്തമാക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിൽ' പങ്കുവെച്ച വിശദമായ കുറിപ്പിലാണ് മരിയ വിർത്ത് ഇന്ത്യയോടുള്ള തന്‍റെ ഇഷ്ടത്തെക്കുറിച്ച് മനസ്സ് തുറന്നത്. കാലക്രമേണ ഇന്ത്യയുമായുള്ള തന്‍റെ ബന്ധം കൂടുതൽ ശക്തമായെന്ന് അവർ വ്യക്തമാക്കുന്നു. തന്‍റെ വ്യക്തിപരമായ ഓർമ്മകളും യാത്രാനുഭവങ്ങളും ജീവിതത്തെക്കുറിച്ചുള്ള ചിന്തകളും കൂട്ടിയിണക്കിക്കൊണ്ടാണ്, ഇന്ത്യ എങ്ങനെയാണ് താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഇടമായി മാറിയതെന്ന് അവർ വിവരിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് താൻ 30 വർഷം ജർമ്മനിയിലാണ് ജീവിച്ചതെന്നും യൂറോപ്പ്, തെക്ക്-വടക്ക് അമേരിക്കകൾ, വടക്കേ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി ഏകദേശം 40 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. താൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളിലും വെച്ച് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഇന്ത്യയെയാണെന്ന് അവർ വ്യക്തമാക്കുന്നു.
I have lived in Germany for 30 years. I also have travelled in almost 40 countries in Europe, South, Middle and North America, North Africa and Asia before coming to India. Yet, of all the countries I visited, I clearly love India the most. I once even dreamt that in front of me…
— Maria Wirth (@mariawirth1) June 19, 2026
ഒരിക്കൽ കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ്; തന്‍റെ മുന്നിൽ ഇന്ത്യയുടെ വലിയൊരു ത്രിമാന (3D) ഭൂപടം തെളിഞ്ഞു വന്നു. അത് നോക്കി നിന്നപ്പോൾ തന്‍റെ ഹൃദയം വലിയ സ്നേഹം കൊണ്ട് നിറഞ്ഞു. ഒരു രാജ്യത്തെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമോയെന്ന് ഓർത്ത് താൻ അദ്ഭുതപ്പെട്ട് പോയെന്നും അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഇന്ത്യയെക്കുറിച്ചുള്ള തന്‍റെ ആദ്യത്തെ അനുഭവം അത്ര നല്ലതായിരുന്നില്ലെന്ന് മരിയ വിർത്ത് പങ്കുവെക്കുന്നു. ആദ്യ കാഴ്ചയിൽ തോന്നിയ പ്രണയമായിരുന്നില്ല അത്. പഠനകാലത്തെ ആദ്യത്തെ ഇന്ത്യ സന്ദർശനത്തിന് ശേഷം, താൻ ഇനി ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് പറഞ്ഞിരുന്നതായി അമ്മ പിന്നീട് ഓർമ്മിപ്പിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. അന്ന് വയറുവേദന ബാധിച്ച് അസുഖ ബാധിതയായാണ് താൻ ജർമ്മനിയിലേക്ക് മടങ്ങിയത്. എന്നാൽ, ഒരു ചെറിയ സ്റ്റോപ്പ് ഓവർ മാത്രമായി ആസൂത്രണം ചെയ്ത തന്‍റെ രണ്ടാമത്തെ സന്ദർശനം ഇപ്പോൾ 45 വർഷമായി നീണ്ടുനിൽക്കുകയാണ്. ഇന്ത്യയുടെ ബഹളമയവും വെല്ലുവിളികൾ നിറഞ്ഞതുമായ ഉപരിതലത്തിന് താഴെയുള്ള യഥാർത്ഥ നിധി ഈ യാത്രയിലാണ് തനിക്ക് മുന്നിൽ വെളിപ്പെട്ടതെന്ന് അവർ കൂട്ടിച്ചേർത്തു.
അവരുടെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് നേടുന്നത്. ഉപയോക്താക്കൾ തങ്ങളുടെ സ്വന്തം അനുഭവങ്ങളും ഇതിനോടൊപ്പം പങ്കുവെക്കുന്നുണ്ട്. "കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ വർഷത്തിൽ ഒരിക്കലെങ്കിലും ഇന്ത്യയിലേക്ക് യാത്ര ചെയ്യാറുണ്ട്. ഇതുവരെയുള്ള ഓരോ യാത്രയും അത്രമേൽ പ്രതിഫലം നൽകുന്നതും ആസ്വാദ്യകരവുമായിരുന്നു!" എന്ന് ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: "ഇന്ത്യയെക്കുറിച്ച് വളരെ സവിശേഷവും മനോഹരവുമായ എന്തോ ഒന്ന് തീർച്ചയായും ഉണ്ട്." "എല്ലാത്തരം പ്രകൃതിഭംഗികളാലും അനുഗ്രഹിക്കപ്പെട്ട നാടാണ് ഇന്ത്യ," എന്ന് മറ്റൊരു ഉപയോക്താവും കൂട്ടിച്ചേർത്തു.