
ചൈനയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ ജീവനുള്ള ആമയുടെ പുറത്ത് സ്ത്രീ, തന്‍റെ കുട്ടിയുമായി കയറിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഫോഷാനിലുള്ള ചാങ്‌ലു ടൂറിസം ആൻഡ് ലെഷർ പാർക്കിലെ ടോർട്ടോയിസ് മേഖലയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. വീഡിയോയിൽ, ഒരു സ്ത്രീ ചെറിയ കുട്ടിയെ കൈയിൽ എടുത്തുകൊണ്ട് ആഫ്രിക്കൻ സ്പർഡ് ടോർട്ടോയിസ് ഇനത്തിൽപ്പെട്ട ഒരു ആമയുടെ പുറത്ത് കയറുന്നതായി കാണാം. അമിതഭാരം കാരണം ആമ ബുദ്ധിമുട്ടി നീങ്ങാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. എന്നാൽ. സ്ത്രീ ചിരിച്ച് കൊണ്ട് സമീപത്തുണ്ടായിരുന്ന മറ്റൊരു ആൺകുട്ടിയോട് ആമയുടെ പുറത്ത് കയറാൻ ആംഗ്യം കാണിക്കുന്നും വീഡിയോയിൽ കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയയാൾ കൂട്ടത്തിലെ മറ്റു ചില കുട്ടികളും ആമയുടെ പുറത്ത് കയറിയിരുന്നുവെന്നും എന്നാൽ, സ്ത്രീയുടെ പെരുമാറ്റം അങ്ങേയറ്റം മോശമായിരുന്നെന്നും എഴുതി.
A woman was seen holding a young child while standing directly on the back of a tortoise at the Chuanlord Tourism Leisure Expo Park in Foshan, Guangdong, on 21 August. #hkeye #tortoise #animals pic.twitter.com/M7hm8xAIl5
— HKeye (@HKeye_) August 26, 2026
ആമകളുടെ പുറത്ത് കയറുകയോ അവയ്ക്ക് മുകളിൽ ഇരിക്കുകയോ ചെയ്യരുതെന്ന് പാർക്കിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും സംഭവ സമയത്ത് ജീവനക്കാർ ഇടപെട്ടില്ലെന്ന ആരോപണവും ഉയർന്നു. വീഡിയോ വൈറലായതോടെ പാർക്കിലെ മൃഗക്ഷേമ സംവിധാനത്തെയും ജീവനക്കാരുടെ മേൽനോട്ടത്തെയും ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.
വിമർശനം ശക്തമായതിനെ തുടർന്ന് പാർക്ക് അധികൃതർ ആമയെ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചു. പരിശോധനയിൽ ആമ ആരോഗ്യവതിയാണെന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പാർക്കിന്‍റെ മാനേജ്മെന്‍റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മനുഷ്യന്‍റെ അമിത ഭാരം ആമയുടെ പുറംതോടിന് കേടുവരുത്താനും നട്ടെല്ലിനും ആന്തരിക അവയവങ്ങൾക്കും പരിക്കേൽപ്പിക്കാനും സാധ്യതയുണ്ടെന്നും പാർക്ക് മുന്നറിയിപ്പ് നൽകി.