മുംബൈയിൽ ട്രെയിൻ യാത്രക്കാരോട് പ്രാങ്ക് ചെയ്ത യുവാവ്, നടപടിയുമായി റെയിൽവെ! വീഡിയോ വൈറൽ

Published : Aug 26, 2026, 05:02 PM IST
train passengers prank

Synopsis

മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് പ്രാങ്ക് വീഡിയോകൾ ചിത്രീകരിച്ച മായങ്ക് ഝാ എന്ന കണ്ടന്‍റ് ക്രിയേറ്റർക്ക് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് താക്കീത് നൽകി. 'സീറ്റ് ഓഡിറ്റ്' പോലുള്ള വീഡിയോകൾ വൈറലായതിനെ തുടർന്നാണ് നടപടി. തുടർന്ന് ക്ഷമാപണം നടത്തിയ ക്രിയേറ്റർ, ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നത് നിർത്തുമെന്ന് അറിയിച്ചു.

മുംബൈയിലെ ലോക്കൽ ട്രെയിനിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോകൾ ചിത്രീകരിച്ച കണ്ടന്‍റ് ക്രിയേറ്റർക്കെതിരെ നടപടിയുമായി റെയിൽവേ. മായങ്ക് ഝാ എന്ന ക്രിയേറ്ററെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) വിളിച്ചുവരുത്തി താക്കീത് ചെയ്തത്. യാത്രക്കാരുടെ സൗകര്യത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ കണ്ടന്‍റിനായി നടത്തരുതെന്നും അധികൃതർ മായങ്കിന് മുന്നറിയിപ്പ് നൽകി.

മായങ്കിന്‍റെ സീറ്റ് ഓഡിറ്റ്

വൈറലായ ഒരു വീഡിയോയിൽ, ട്രെയിനിലെ സീറ്റുകളിൽ ഇരുന്നിരുന്ന യാത്രക്കാരുടെ അടുത്തെത്തി സീറ്റിൽ മുട്ടുകയും അവരോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് മായങ്ക് ഝായുടെ പ്രാങ്ക്. ‘സീറ്റ് ഓഡിറ്റ്’ നടത്തുകയാണെന്നായിരുന്നു ഇയാൾ യാത്രക്കാരോട് പറഞ്ഞത്. എന്നാൽ യഥാർഥ ഓഡിറ്റല്ല, സോഷ്യൽ മീഡിയയ്ക്കായി ഒരുക്കിയ വ്യാജ പ്രാങ്കായിരുന്നു ഇത്. മുംബൈ ലോക്കൽ ട്രെയിനുകളിൽ നിന്നുള്ള ഇയാളുടെ മറ്റു വീഡിയോകളിലും ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതും യാത്രക്കാരുമായി ഇടപഴകുന്നതും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന രംഗങ്ങൾ കാണാം.

വിളിച്ച് വരുത്തി ഉപദേശിച്ച് വിട്ടു

വീഡിയോകൾ RPF-ന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെ മായങ്കിനെ ബാന്ദ്രയിലേക്ക് വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥർ കൗൺസലിങ് നൽകി. യാത്രക്കാരെ ശല്യപ്പെടുത്തുകയോ അസൗകര്യപ്പെടുത്തുകയോ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നിയമനടപടി നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നടപടിക്ക് പിന്നാലെ തന്‍റെ പ്രവർത്തനങ്ങൾ അനുചിതമായിരുന്നെന്ന് സമ്മതിച്ച് മായങ്ക്, ക്ഷമാപണം നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ മുംബൈ ലോക്കൽ ട്രെയിനുകളിലെ പ്രാങ്ക് സീരീസ് അവസാനിപ്പിക്കുമെന്നും മായങ്ക് അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിരാർ-ചർച്ച്‌ഗേറ്റ് റൂട്ടിലെ സ്റ്റേഷനുകളിലും ട്രെയിനുകളിലും കണ്ടന്‍റിനായി വീഡിയോ ചിത്രീകരിച്ചിരുന്നുവെന്നും മായങ്ക് പറഞ്ഞു. വ്യൂസിനായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതോ അപകടസാധ്യതയുള്ളതോ ആയ സ്റ്റണ്ടുകൾ നടത്തരുതെന്ന് മറ്റ് ക്രിയേറ്റർമാരോടും അദ്ദേഹം അഭ്യർഥിച്ചു. പ്രാങ്കുകൾക്ക് വ്യൂസ് ലഭിച്ചാലും അത് സഹയാത്രികരുടെ സൗകര്യത്തിന്‍റെ ചെലവിൽ ആകരുതെന്നും യാത്രക്കാരുടെ ഇടവും സുരക്ഷയും മാനിക്കണമെന്നും റെയിൽവേ ഓർമിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

'എന്നാലും ഇതെന്തോന്ന്?'; വിവാഹപന്തലിൽ സുഹൃത്ത് എത്തിയത് വരന്‍റെയും വധുവിന്‍റെയും മുഖങ്ങൾ നെഞ്ചിൽ ടാറ്റൂ ചെയ്ത്; വീഡിയോ
79 -ാം വയസിലും സൈക്കിളിൽ ഡെലിവറിയുമായി ഒരു മനുഷ്യൻ, വൈറലായി മുഖർജി