അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവതി ജോലിസ്ഥലത്തെ ആത്മവിശ്വാസത്തെക്കുറിച്ചുള്ള തന്‍റെ അനുഭവം പങ്കുവെക്കുന്നു. പൂർണ്ണമായ വ്യക്തതയില്ലെങ്കിലും അഭിപ്രായം പറയാനുള്ള അമേരിക്കൻ സഹപ്രവർത്തകരുടെ രീതിയും, എല്ലാം അറിഞ്ഞ ശേഷം മാത്രം സംസാരിക്കുന്ന ഇന്ത്യൻ ശീലവും തമ്മിലുള്ള വ്യത്യാസം അവർ ചൂണ്ടിക്കാണിക്കുന്നു.

ജോലിസ്ഥലത്ത് നമ്മൾ കാത്തുസൂക്ഷിക്കേണ്ട ആത്മവിശ്വാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എങ്ങനെ മാറിയെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച സമൂഹ മാധ്യമ കുറിപ്പ് ശ്രദ്ധ നേടുന്നു. അമേരിക്കയിൽ ജോലി ചെയ്യുന്ന ഹരിണി എന്ന യുവതിയാണ് തന്‍റെ ഓഫീസിലെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.

'വ്യക്തത ഇല്ലെങ്കിലും സ്വന്തം അഭിപ്രായം പറയുക'

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരിയാണ് ഹരിണി. ഓഫീസിലെ അമേരിക്കക്കാരായ സഹപ്രവർത്തകർക്ക് തനിക്കറിയാത്ത എന്തോ വലിയ കാര്യങ്ങൾ അറിയാമെന്നായിരുന്നു ഹരിണി ആദ്യം കരുതിയിരുന്നത്. എന്നാൽ, പിന്നീ‍ടാണ് യാഥാർത്ഥ്യം മനസ്സിലായതെന്ന് ഹരിണി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ഒരു വിഷയത്തിൽ പൂർണ്ണമായ ഉത്തരങ്ങളോ വ്യക്തതയോ ഇല്ലെങ്കിലും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അമേരിക്കക്കാരുടെ മടിയല്ലാത്ത മനോഭാവമാണ് അവരെ വ്യത്യസ്തരാക്കുന്നത്. എന്നാൽ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയ ശേഷം മാത്രം സംസാരിക്കുന്ന ശീലമാണ് തനിക്കുണ്ടായിരുന്നതെന്നും ഹരിണി വ്യക്തമാക്കുന്നു.

View post on Instagram

'ആശയം പങ്കുവച്ച് പങ്കാളിത്തം ഉറപ്പിക്കുക'

"ഇന്ത്യയിൽ വളർന്നുവന്ന സാഹചര്യത്തിൽ ഒരു കാര്യം സംസാരിക്കുന്നതിന് മുൻപ് ഒന്നിൽക്കൂടുതൽ തവണ ചിന്തിക്കാനും, കാര്യം പൂർണ്ണമായും ഉറപ്പുവരുന്നതുവരെ മിണ്ടാതിരിക്കാനുമാണ് നമ്മൾ പഠിക്കുന്നത്. സ്കൂൾ പഠനകാലത്ത് ഈ രീതി ഉപകാരപ്പെട്ടിട്ടുണ്ടാകാം, എന്നാൽ, കോർപ്പറേറ്റ് ജോലിസ്ഥലങ്ങളിൽ ഇത് നമ്മളെ പിന്നോട്ടടിക്കും," ഹരിണി പങ്കുവെക്കുന്നു. നമ്മുടെ മനസ്സിലുള്ള ഒരു ആശയം പുറത്തുപറഞ്ഞില്ലെങ്കിൽ അത് ഒരിക്കലും പരിഗണിക്കപ്പെടില്ല. കൃത്യമായ നിമിഷത്തിനായോ അനുയോജ്യമായ വാക്കുകൾക്കായോ കാത്തുനിൽക്കുമ്പോൾ മറ്റൊരാൾ ആ ചർച്ച മുന്നോട്ട് കൊണ്ടുപോകും. പൂർണ്ണമായ അറിവില്ലെങ്കിലും ഒരു ആശയം പങ്കുവെക്കുന്നതിലൂടെ പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കും.

'ആത്മവിശ്വാസം ആർജ്ജിച്ചെടുക്കാം'

ആത്മവിശ്വാസം എന്നത് ജന്മനാ ലഭിക്കുന്ന ഒന്നാണെന്നാണ് താൻ കരുതിയിരുന്നതെന്നും, എന്നാൽ അത് പരിശീലനത്തിലൂടെ ആർജ്ജിച്ചെടുക്കാൻ കഴിയുന്ന ഒരു കഴിവ് ആണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ഹരിണി കൂട്ടിച്ചേർത്തു. ഹരിണിയുടെ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പ്രവാസി മലയാളികളടക്കം നിരവധിയാളുകൾ തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കുറിച്ചു. "വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ സ്വന്തം ശബ്ദം ഉയർത്തുക എന്നത് ഏറെ പ്രധാനമാണ്," എന്നായിരുന്നു ഒരു കുറിപ്പ്. "ആത്മവിശ്വാസം എന്നത് ഒരു കഴിവ് തന്നെയാണ്, അത് വളർത്തിയെടുക്കുകയാണ് വേണ്ടത്," എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.