'പാശ്ചാത്യ രാജ്യങ്ങൾക്ക് സഹതാപം, ഇന്ത്യയാകുമ്പോൾ പരിഹാസം'; രൂക്ഷമായി വിമർശിച്ച് പോളിഷ് യുവതി

Published : Jul 01, 2026, 03:49 PM IST
Agnieszka Hadała

Synopsis

ഇന്ത്യയിൽ താമസിക്കുന്നൊരു പോളിഷ് യുവതി ഷെയര്‍ ചെയ്ത വീിഡയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഉഷ്ണതരംഗം പോലുള്ള പ്രതിസന്ധികളിൽ പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയോട് പരിഹാസവും യൂറോപ്പിനോട് സഹതാപവും കാണിക്കുന്ന ഇരട്ടത്താപ്പിനെ വിമർശിച്ചാണ് വീഡിയോ. 

കടുത്ത ചൂടിൽ‌ ഉരുകുകയാണ് ഇന്ന് പല രാജ്യങ്ങളും. എന്നാൽ, ഇന്ത്യയിൽ ചൂടാകുമ്പോൾ പരിഹസിക്കുകയും യൂറോപ്യൻ രാജ്യങ്ങളാകുമ്പോൾ സഹതപിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തുകയാണ് ഇന്ത്യയിൽ താമസിക്കുന്ന പോളിഷ് യുവതി. അഗ്നിയെസ്ക ഹദാല എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങൾ സമാനമായ പ്രതിസന്ധികൾ നേരിടുമ്പോൾ ലോകം സഹതാപത്തോടെ നോക്കിക്കാണും. എന്നാൽ ഇന്ത്യ ഇത്തരം വെല്ലുവിളികൾ നേരിടുമ്പോൾ അത് ഇന്ത്യയുടെ പിന്നോക്കാവസ്ഥയാണ് എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്യും എന്നാണ് അവർ പറയുന്നത്.

നിലവിൽ താൻ പോളണ്ടിലാണുള്ളത്. അവിടെ താപനില മുമ്പെങ്ങുമില്ലാത്തവിധം 35 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കയാണ്. 'ഇന്ത്യ ദുരിതമനുഭവിക്കുമ്പോൾ അതിനെ 'പരാജയം' എന്ന് വിളിക്കുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ കഷ്ടപ്പെടുമ്പോൾ അത് 'ദുരന്തം' ആകുന്നു. കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഫ്രാൻസിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലുമായി ആയിരത്തിലധികം ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. ഞാൻ ഇപ്പോൾ പോളണ്ടിലെ ഒരു മലയോര മേഖലയിലാണ്, ഇവിടെ താപനില 35 ഡിഗ്രി കടന്നു. ഇത് ശരിക്കും ദയനീയമായ അവസ്ഥയാണ്' എന്നും അഗ്നിയെസ്ക പറയുന്നു.

യൂറോപ്പിലെ കടുത്ത ചൂട് കാരണം സ്‌കൂളുകൾ അടച്ചിടേണ്ടി വരുന്നു, ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല, റോഡുകളും റെയിൽവേ ട്രാക്കുകളും ഉരുകുന്നു, എയർ കണ്ടീഷനിംഗിന്റെ അമിത ഉപയോഗം മൂലം പവർ സിസ്റ്റം തകരാറിലാകുന്നു. ഇന്ത്യയിലെപ്പോലെ പല യൂറോപ്യൻ വീടുകളിലും ഓഫീസുകളിലും ഫാനോ എസിയോ പോലുമില്ലെന്നും ബിബിസി റിപ്പോർട്ട് അനുസരിച്ച് പോളണ്ടിൽ റെക്കോർഡ് താപനിലയായ 40.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും അവർ ചൂണ്ടിക്കാട്ടി.

വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് മുംബൈയിലെ വെർസോവ ബീച്ചിൽ ഇന്ത്യക്കാർ കിടന്നുറങ്ങുന്ന ചിത്രങ്ങൾ മുൻപ് ആഗോളതലത്തിൽ പ്രചരിക്കപ്പെട്ടത് ട്രോളുകളായും പരിഹാസങ്ങളായുമാണ്. എന്നാൽ ഇന്ന് സമാനമായ സാഹചര്യത്തിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. 'ഇന്ന് യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആളുകൾ രാത്രികാലങ്ങളിൽ ബീച്ചുകളിലും പാർക്കുകളിലെ പുൽത്തകിടികളിലും കിടന്നുറങ്ങുകയാണ്. കാരണം അവർക്ക് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ എയർ കണ്ടീഷനിംഗ് മാർഗ്ഗം അതാണ്. എന്നാൽ ഇത്തവണ ലോകം അവരെ പരിഹസിക്കുന്നില്ല, പകരം സഹതാപത്തോടെയാണ് കാണുന്നത്. തീർച്ചയായും എല്ലാ മനുഷ്യരും അർഹിക്കുന്നത് ആ സഹതാപം തന്നെയാണ്' അവർ വ്യക്തമാക്കി.

ഇന്ത്യയിലെ ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ താൻ നിഷേധിക്കുന്നില്ല. എന്നാൽ ജനസംഖ്യയുടെ കാര്യത്തിലുള്ള വ്യത്യാസം പലരും മറന്നുപോകുകയാണ്. 140 കോടി ജനങ്ങളുള്ള ഒരു രാജ്യം ഭരിക്കുന്നതും ചെറിയൊരു രാജ്യം കൈകാര്യം ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ട് പേരുള്ള ഒരു കുടുംബം നോക്കുന്നതും നൂറിലധികം ആളുകളുള്ള കുടുംബം നോക്കുന്നതും തമ്മിലുള്ള വ്യത്യാസം പോലെയാണത്.

 

 

ഈ വെല്ലുവിളികൾക്കിടയിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ ശൃംഖലകളിലൊന്ന് നിർമ്മിക്കാനും, ഹൈവേകൾ, എയർപോർട്ടുകൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ, എല്ലാവർക്കും താങ്ങാനാവുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വളരെ വേ​ഗത്തിൽ വികസിപ്പിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവർ പറയുന്നു. 'വിമർശനം അർഹിക്കുന്നിടത്ത് ഇന്ത്യയെ വിമർശിക്കുക, എന്നാൽ ഇന്ത്യയുടെ നേട്ടങ്ങളെ അതേ ആത്മവിശ്വാസത്തോടെ ആഘോഷിക്കുകയും ചെയ്യുക. കാരണം നമ്മൾ നമ്മുടെ രാജ്യത്തെ ബഹുമാനിച്ചില്ലെങ്കിൽ മറ്റാരും ബഹുമാനിക്കില്ല' എന്നും യുവതി പറയുന്നു. ഇവർ പറഞ്ഞതിനെ അനുകൂലിച്ചുകൊണ്ട് അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റ് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

വാർഷികാഘോഷത്തിന് ആശുപത്രിയ്ക്കുള്ളിലേക്ക് ബുള്ളറ്റിലെത്തി ഡോക്ടർ; വീഡിയോ വൈറൽ, പിന്നാലെ വിവാദം
പുള്ളിപ്പുലി റോഡിൽ കിടന്നുറങ്ങി, സഫാരി പാർക്കിൽ ഒരു മണിക്കൂറോളം കുടുങ്ങി സഞ്ചാരികൾ; വീഡിയോ