
ബാങ്കോക്കിലെ ഒരു ഹോസ്റ്റലില്‍ കണ്ട ഹിന്ദിയിലുള്ള മുന്നറിയിപ്പ് ബോര്‍ഡിന്റെ അനുഭവവും ഇന്ത്യക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഇന്ത്യന്‍ യാത്രികനായ സ്പർശ് സുനിൽ. തായ്‌ലാൻഡ് യാത്രയ്ക്കിടയിലാണ് അദ്ദേഹം ഈ ദുരനുഭവം പങ്കുവെച്ചത്. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ നാം എങ്ങനെ പെരുമാറുന്നു എന്നത് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെയാണ് ബാധിക്കുന്നതെന്ന് അദ്ദേഹം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ഓർമ്മിപ്പിച്ചു.
ബാങ്കോക്കിലെ ഒരു ഹോസ്റ്റലിൽ, 'ദയവായി കുടിവെള്ളം നേരിട്ട് കുടിക്കരുത്, അടുക്കളയിൽ നിന്ന് ഗ്ലാസ് ഉപയോഗിക്കുക' എന്നെഴുതിയ ഹിന്ദി ബോർഡ് സ്പർശ് ശ്രദ്ധിച്ചു. ഇത്രയും വ്യക്തമായ നിര്‍ദ്ദേശം ഹിന്ദിയില്‍ മാത്രം എഴുതാനുള്ള കാരണം ഹോസ്റ്റല്‍ ജീവനക്കാരോട് ചോദിച്ചപ്പോള്‍, ചില ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വാക്കാല്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ലെന്നും അതുകൊണ്ടാണ് ഇത് എഴുതിവെക്കേണ്ടി വന്നതെന്നുമാണ് അവര്‍ മറുപടി നല്‍കിയത്.
ലൗഡായ പെരുമാറ്റം, മാലിന്യങ്ങള്‍ വലിച്ചെറിയുക, ക്യൂ പാലിക്കാതിരിക്കുക, മസാജ് സെന്ററുകളിലെ സ്ത്രീകളോട് അനുചിതമായി പെരുമാറുക തുടങ്ങിയ സംഭവങ്ങളും അദ്ദേഹം നേരിൽ കണ്ടതായി വീഡിയോയില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ നാം ഓരോരുത്തരും രാജ്യത്തിന്റെ പ്രതിനിധികളാണെന്നും, ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയുടെ സല്‍പേരിന് കളങ്കം വരുത്തുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്പർശ് സുനിലിന്റെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. നിരവധി പേര്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. വിദേശയാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്കൂള്‍ തലത്തില്‍ തന്നെ സിവിക് സെൻസ് പഠിപ്പിക്കണമെന്ന ആവശ്യവും കമന്റുകളിലൂടെ പലരും ഉന്നയിച്ചു.
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള നിയമങ്ങളും സംസ്കാരവും മാനിച്ച് ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നത്.