
'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' എന്നാണല്ലോ? മനുഷ്യനായാലും മൃഗമായാലും അതിനു വ്യത്യാസമില്ല എന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഈ വീഡിയോ നിരവധി വന്യമൃഗങ്ങളെയും പക്ഷികളെയും കാട്ടിലേക്ക് സ്വതന്ത്രമാക്കുന്നതിന്റേതാണ്.
അടച്ചുവച്ചിരിക്കുന്ന കൂടുകൾ തുറക്കുമ്പോൾ അതിയായ ആവേശത്തോടെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി സ്വാതന്ത്ര്യത്തിലേക്ക് കുതിച്ചുചാടുന്ന മൃഗങ്ങളും പറന്നുയരുന്ന പക്ഷികളുമാണ് വീഡിയോയിൽ. ഏറെ ഹൃദയസ്പർശിയായ ഈ വീഡിയോ ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ആർക്കും കണ്ടു തീർക്കാൻ ആകില്ല. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന വ്യക്തിയാണ് പർവീൺ കസ്വാൻ.
ഏറെ കൗതുകവും പുതിയ അറിവുകൾ പകരുന്നതുമായ അദ്ദേഹത്തിൻറെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. ഈ വീഡിയോയും ഇപ്പോൾ വ്യാപകമായി ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റ് ചെയ്ത് ചുരുങ്ങിയത് സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 'ഇതാണ് സ്വാതന്ത്ര്യം' എന്ന കുറിപ്പോടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പക്ഷികളും മൃഗങ്ങളും ഉൾപ്പെടെ ഒരു ഡസനോളം ജീവജാലങ്ങൾ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സ്വതന്ത്രമായി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.
ചില മൃഗങ്ങൾ വനപാലകർ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ നന്ദി സൂചകമായി ഉച്ചത്തിൽ ശബ്ദം ഉയർത്തുന്നതും അവരെ തിരിഞ്ഞു നോക്കുന്നതും ഒക്കെ കാണാം. കൂടാതെ ഒരു വീഡിയോ ക്ലിപ്പിൽ കൂടിന്റെ വാതിൽ തുറന്നു പുറത്തേക്കിറക്കി വിടുന്ന കുരങ്ങൻ മടങ്ങിവന്ന് വനപാലകരിൽ ഒരാളെ ആലിംഗനം ചെയ്യുന്നതും ഏറെ ഹൃദയസ്പർശിയായ വീഡിയോ ആണ്.
സ്വാതന്ത്ര്യം അത് ഓരോ ജീവജാലങ്ങൾക്കും എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ. വീഡിയോ കണ്ടവരിൽ ഒരാൾ കുറിച്ചത് അതിജീവനം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും സ്വാതന്ത്ര്യം അതിനേക്കാൾ മധുരതരമാണ് എന്നാണ്. കൂടാതെ നിരവധി പേരാണ് ഇത്തരത്തിൽ പ്രചോദനാത്മകമായ ഒരു വീഡിയോ പങ്കുവച്ചതിന് പർവീൺ കസ്വാന് തങ്ങളുടെ കമൻറുകളിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്.